22 October Tuesday

ഒരുവട്ടം കൂടി ‘ഇരുവട്ടം മണവാട്ടി’

എം എസ‌് അശോകൻUpdated: Tuesday Aug 6, 2019

ഇരുവട്ടം മണവാട്ടി നാടകത്തിന്റെ പരിശീലന ക്യാമ്പിൽനിന്ന്‌

കൊച്ചി
മലയാള നാടകവേദിക്ക്‌ പുതുഭാവുകത്വം സമ്മാനിച്ച്‌ തൃപ്പൂണിത്തുറ ആർഎൽവി കോളേജ്‌ വിദ്യാർഥികൾ അവതരിപ്പിച്ച ‘ഇരുവട്ടം മണവാട്ടി’ 25 വർഷത്തിനുശേഷം വീണ്ടും അരങ്ങിലേക്ക്‌. ഒരേയൊരു അവതരണം ലക്ഷ്യമിട്ട്‌ 1994ൽ അരങ്ങേറ്റിയ നാടകം ഏഴുവർഷത്തോളം നൂറ്റമ്പതിലേറെ വേദികളിലാണ്‌ നിറഞ്ഞാടിയത്‌. ദേശീയതലത്തിൽ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടി. പഴയ ടീമിന്റെ കൂട്ടായ്‌മയിലാണ്‌ ആദ്യാവതരണത്തിന്റെ  രജതജൂബിലി വർഷത്തിൽ നാടകം വീണ്ടും അരങ്ങിലെത്തുന്നത്‌.

ആർഎൽവി കോളേജിൽനിന്ന്‌ നാടകകാരൻ രമേഷ്‌ വർമയാണ്‌ ഇരുവട്ടം മണവാട്ടിയെ രൂപപ്പെടുത്തിയത്‌. 1994 ൽ കോളേജ്‌ യൂണിയൻ സംഘടിപ്പിച്ച നാടകമത്സരത്തിൽ വിധികർത്താവായിരുന്ന രമേഷ്‌വർമ വെല്ലുവിളിപോലെ ഏറ്റെടുത്തതാണ്‌ ആ ദൗത്യം. മത്സരത്തിൽ ആർഎൽവി വിദ്യാർഥികൾ അവതരിപ്പിച്ച രണ്ട്‌ നാടകങ്ങളും ഒരു മാർക്ക്‌ പോലും കിട്ടാതെപോയി.  വിദ്യാർഥികൾ വിധികർത്താവിനോട്‌ കയർത്തു. കലാവിദ്യാർഥികൾ ഇതുപോലെ നാടകമവതരിപ്പിച്ചാൽപ്പോരെന്നും തമാശക്കളിയല്ലെന്നും  രമേഷ്‌ വർമയുടെ മറുപടി. എന്നാൽ അതെങ്ങനെ എന്നു കാണിച്ചു തരാൻ വിദ്യാർഥികളുടെ വെല്ലുവിളി.  കാലടി സംസ്‌കൃത സർവകലാശാല തിയറ്റർ വിഭാഗം മേധാവി കൂടിയായ രമേഷ്‌ വർമ സന്തോഷത്തോടെ ദൗത്യം ഏറ്റെടുത്തു. ആർഎൽവി നാടകവേദി എന്ന പേരിൽ അമ്പതോളം വിദ്യാർഥികളെ പരിശീലനത്തിന്‌ തെരഞ്ഞെടുത്തു. അതിൽനിന്ന്‌ 14 പേരെ ഉൾപ്പെടുത്തി നാടക പരിശീലനം തുടങ്ങി.

പതിമൂന്നാം നൂറ്റാണ്ടിലുണ്ടായതെന്ന്‌ കരുതുന്ന, രചയിതാവ്‌ ആരെന്നറിയാത്ത ചൈനീസ്‌ ഓപ്പറയാണ്‌  ‘ഇരുവട്ടം മണവാട്ടി’ എന്ന പേരിൽ അവതരണത്തിന്‌ തെരഞ്ഞെടുത്തത്‌. രമേഷ്‌ വർമ തന്നെ ഇംഗ്ലീഷിൽനിന്ന്‌ സ്വതന്ത്ര മലയാള രംഗഭാഷയുണ്ടാക്കി. തൃപ്പൂണിത്തുറ കളിക്കോട്ടയിൽ എഴുത്തുകാരി മാധവിക്കുട്ടി ആദ്യാവതരണം ഉദ്‌ഘാടനം ചെയ്‌തു. ആദ്യ കളി കഴിഞ്ഞപ്പോൾ ആറ്‌ അവതരണത്തിന്‌ ബുക്കിങ് കിട്ടി. പിന്നീടങ്ങോട്ട്‌ ക്യാമ്പസ്‌ നാടകത്തിനപ്പുറം പുതിയ രംഗഭാവുകത്വമായി എണ്ണമറ്റ വേദികളിലക്ക്‌ ഇരുവട്ടം മണവാട്ടി  പടർന്നുകയറി.

ആ സ്‌മരണകളെ ഓർത്തെടുത്താണ്‌ അതേ കലാകാരസംഘം മണവാട്ടിയെ വീണ്ടും അരങ്ങേറ്റുന്നതെന്ന്‌ രമേഷ്‌ വർമ പറഞ്ഞു. ചിത്ര ശിൽപ്പകാരന്മാരായ പ്രമോദ്‌ ഗോപാലകൃഷ്‌ണൻ, ജോഷി കൊരട്ടി, മനോജ്‌ ബ്രഹ്മമംഗലം, സുരേഷ്‌ മുട്ടത്തി, കഥകളി കലാകാരൻ മനോജ്‌ പൂത്തോട്ട, വീണ കലാകാരി പി എ ഉഷ, ഭരതനാട്യം നർത്തകിമാരായ സി ബി ഹേമലത, സോയ പ്രഭാകർ, എം ഡി സില, ഷീന സുമേഷ്‌ എന്നിവർക്കൊപ്പം പുതിയ മൂന്ന്‌ അഭിനേതാക്കളും പുതിയ അവതരണത്തിലുണ്ടാകും. ശനിയാഴ്‌ച വൈകീട്ട്‌ എറണാകുളം അധ്യാപകഭവനിലും ഞായറാഴ്‌ച തൃപ്പൂണിത്തുറ ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസിലുമായി രണ്ട്‌ അവതരണങ്ങളുണ്ടാകും.
 


പ്രധാന വാർത്തകൾ
 Top