22 November Friday

നടുക്കം എത്തുന്നു, ‘അങ്കമാലി - കാലടി വഴി മഞ്ഞപ്ര’യിലേക്ക്‌

വർഗീസ്‌ പുതുശേരിUpdated: Tuesday Aug 6, 2019

‘അങ്കമാലി കാലടി വഴി മഞ്ഞപ്ര’ എന്ന ഹ്രസ്വചിത്രത്തിൽനിന്ന്‌ ഒരു ദൃശ്യം

അങ്കമാലി
‘അങ്കമാലി - കാലടി വഴി മഞ്ഞപ്ര’ എന്നു കേൾക്കുമ്പോൾ  ബസ്‌ റൂട്ടാണെന്ന്‌  തോന്നിയാൽ തെറ്റി.  മഞ്ഞപ്ര ഗ്രാമത്തെ പശ്ചാത്തലമാക്കുന്ന ഹ്രസ്വ ചിത്രമാണിത്‌. അതിവേഗതയിലുള്ള  നഗരവൽക്കരണം ഗ്രാമാന്തരീക്ഷത്തെ എങ്ങനെയൊക്കെ ഇല്ലാതാക്കുന്നുവെന്ന  ആശങ്ക പങ്കുവയ്ക്കുന്ന  ചിത്രത്തിൽ വേഷമിടുന്നത്‌ വീട്ടമ്മമാരടക്കം പഞ്ചായത്തിലെ നൂറോളം പേർ. മഞ്ഞപ്ര സ്വദേശിയായ  പ്രവാസി സുനിൽ കെ ചെറിയാൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഇതിനകം വൈറലായി.  യൂട്യൂബിൽ 20,000 പേർ  കണ്ടു.

അങ്കമാലി കഴിഞ്ഞ് കാലടിയിലെത്തിനിൽക്കുന്ന നഗരവൽക്കരണത്തിന്റെ  ഗുണദോഷങ്ങൾ സംവിധായകൻ പങ്ക് വയ്ക്കുകയാണ്. ആഗോളവൽക്കരണത്തിന്റെ തിക്തഫലങ്ങൾ ഇതിലുണ്ട്‌.  ഗ്രാമം നഗരത്തെപ്പോലെ ആകാൻ ശ്രമിക്കുന്നുണ്ടോയെന്നും ജലസ്രോതസുകളും തോടുകളും നാട്ടറിവുകളും പച്ചപ്പും അന്യംനിന്നുപോകുമോയെന്നും ഉള്ള  ചോദ്യം  ചിത്രം ഉയർത്തുന്നു. ഗ്രാമങ്ങളെയും ഗ്രാമീണ മനസുകളെയും തിരിച്ചുപിടിക്കണമെന്ന ആശയം  മുന്നോട്ട് വയ്ക്കുകയും ചെയ്യുന്നു. നാട് കത്തിച്ച് നഗരത്തിന് ചാരം വേണമെന്നായോ എന്ന ചോദ്യം ചാട്ടുളിപോലെ തുളഞ്ഞ് കയറുകയാണ്. ഗ്രാമത്തിലെ മരങ്ങൾ ഇല്ലാതാകുന്നതും  എയർക്ണ്ടീഷൻഡ്‌ കോൺക്രീറ്റ്‌  കാടുകൾ ഉയരുന്നതും  എല്ലാം ഇതിലുണ്ട്‌. നാഗരികതയുടെ ഇരുണ്ട പുറങ്ങളിലേക്ക് മാറുന്ന മഞ്ഞപ്രക്കാരെക്കുറിച്ചുള്ള  ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്‌.  സേവ് മഞ്ഞപ്ര ഫോറം രൂപം നൽകണമെന്നും ബദൽ ഉയർത്തണമെന്നും ചിത്രം ആഹ്വാനം ചെയ്യുന്നു. ക്വാറി മാഫിയകളുടെ സ്വാധീനവും, മോഷണ പരമ്പരകളും ചിത്രീകരിച്ചിട്ടുണ്ട്. ചക്ക, കപ്പ, വഴുതന, കുമ്പളങ്ങ തുടങ്ങിയവയൊക്കെ മോഷണ വസ്തുക്കളാണ്‌.

കള്ളന്റെ വേഷമിട്ടിരിക്കുന്നത് സംവിധായകന്റെ മകൻ ചെറീഷാണ്. നാടക - സിനിമ - സീരിയൽ നടനായ ജെയിംസ് പാറയ്ക്കലും ജോൺ മഞ്ഞപ്രയും ഗ്രാമക്ഷേമ ലൈബ്രറി പ്രസിഡന്റ് സജീവ് അരീയ്ക്കലും ഉൾപ്പെടെയുള്ളവർ അഭിനയിച്ചിട്ടുണ്ട്. പുറമെ ഓസ്‌ട്രേലിയ, ഓസ്ട്രിയ, ന്യൂസിലൻഡ്, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ പ്രവാസികളുമുണ്ട്‌. ജന്മനാടായ മഞ്ഞപ്രയുടെ ഗ്രാമീണതയ്ക്ക് വേണ്ടി ശബ്ദിക്കാൻ ചിത്രത്തിലൂടെ കഴിഞ്ഞതിന്റെ സന്തുഷ്‌ടിയിലാണ് സുനിൽ കെ ചെറിയാൻ.
 


പ്രധാന വാർത്തകൾ
 Top