20 September Friday

ഏലൂരിൽ ചുഴലിക്കാറ്റ്; വൻ നാശനഷ്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019


കളമശേരി
ഏലൂരിൽ തിങ്കളാഴ്ച പകൽ 12.15ന്‌ ഉണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. അഞ്ചു മിനിട്ടോളം നീണ്ട ചുഴലിക്കാറ്റിൽ മഞ്ഞുമ്മലിലെ മാടപ്പാട്ടുമുതൽ കിഴക്കോട്ട് തറമാലിവരെയുള്ള നാലു കിലോമീറ്റർ പ്രദേശത്താണ് മരങ്ങൾ വീണ് വീടുകൾക്കും വാഹനങ്ങൾക്കും നാശമുണ്ടായത്. നിരവധി വീടുകൾക്ക് കേടുപറ്റി. വൻമരങ്ങൾ കടപുഴകി വീണു. ഗതാഗതം തടസ്സപ്പെട്ടു. വീടിന്റെയും ഗോഡൗണുകളുടെയും ഷീറ്റ് വിരിച്ച മേൽക്കൂരകൾ പറന്നുപോയി. ട്രാൻസ്‌ഫോർമറും വൈദ്യുത ലൈനുകളും തകർന്ന് വൈദ്യുതിബന്ധം തകരാറിലായി. വൻമരങ്ങൾ വട്ടംചുറ്റി കടപുഴകിയും ഒടിഞ്ഞും വീഴുകയായിരുന്നു.  നിർത്തിയിട്ട നിരവധി കാറുകൾക്കും കേടുപറ്റി.

മഞ്ഞുമ്മലിൽ മൂന്ന് വീടുകൾ പൂർണമായി തകർന്നു. പ്രീതി സ്റ്റീഫൻ കല്ലറയ്ക്കൽ, ഉഷാമണി കൈതവളപ്പിൽ, ഷാജു കൈതവളപ്പിൽ എന്നിവരുടെ വീടുകളാണ് പൂർണമായി തകർന്നത്. ഫാക്ട് ക്വാർട്ടേഴ്സിൽ ഏഴ്‌ വീടുകൾ പൂർണമായി തകർന്നു. തറമാലിയിൽ പത്ത്‌ വീടുകളും മഞ്ഞുമ്മലിൽ 43 വീടുകളും ഫാക്ടിന്റെ 13 ക്വാർട്ടേഴ്സുകളും ഭാഗികമായി തകർന്നു. ഫാക്ടിൽ ഗസ്റ്റ്ഹൗസിന്റെ അടുക്കള തകർന്നു. എം കെ കെ നായർ ഹാൾവരെ  നൂറുകണക്കിന് വൻമരങ്ങൾ കടപുഴകിവീണ്‌ നിരവധി ക്വാർട്ടേഴ്സുകൾ തകർന്നു. അപകടസമയത്ത്  വീടുകളിലുണ്ടായിരുന്നവർ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. എം കെ കെ നായർ ഹാളിലെ ഷീറ്റുകൾ പറന്നുപോയി. 

മാടപ്പാട്ട് ഭാഗത്തുനിന്നാണ് കാറ്റിന്റെ തുടക്കം. അവിടെ ഗോഡൗണിന്റെ ഷീറ്റ് വിരിച്ച മേൽക്കൂര 100 അടിയിലേറെ ദൂരത്തിൽ പറന്ന്‌ മാടപ്പാട്ട് റോഡിൽ പതിച്ചു. 25 മീറ്ററിലേറെ നീളവും 10 മീറ്ററോളം വീതിയുമുള്ള മേൽക്കൂര  വൈദ്യുതിലൈനിന് മുകളിലൂടെയാണ്  വീണത്. ഇതോടെ വൈദ്യുതക്കമ്പികൾ പൊട്ടി വൈദ്യുതിബന്ധം തകരാറിലായി. ആളപായമില്ല.

ഇല്ലത്തിടവഴിക്ക്  സമീപം മരങ്ങൾ വീണ് നിരവധി വീടുകൾ തകർന്നു. റോഡിൽ വൈകിട്ടും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.  താമരപിള്ളി ഇല്ലത്തിന് എതിർവശത്തുള്ള റോഡിലും മരംവീണ് ഗതാഗതം സ്തംഭിച്ചു. കൃഷി  നശിച്ചു. പത്തേലക്കാട്ട് മരം വീണ്‌  ട്രാൻസ്‌ഫോർമർ നിലംപൊത്തി.
കെഎസ്ഐസി കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഗ്ലാസുകളും ഗോഡൗണിന്റെ ഷീറ്റുകളും പറന്നുപോയി. സ്റ്റേഷനിലെ കണ്ടെയ്നറുകൾ താഴേക്കുവീണു. ജീവനക്കാരൻ കെ ജെ അനസ് കാറ്റിൽ തെന്നിവീണു കൈക്ക് പരിക്കേറ്റു.

നഗരസഭാ ചെയർപേഴ്സൺ സി പി ഉഷ, കൗൺസിലർമാർ, നാട്ടുകാർ, ഏലൂർ വില്ലേജ് ഓഫീസർ ജോസ്‌മോൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഫാക്ടിൽനിന്നും ഏലൂർ, ആലുവ അഗ്നിശമനനിലയങ്ങളിൽനിന്നും സേനാംഗങ്ങളെത്തി. വൈദ്യുതി തകരാർ പരിഹരിക്കാൻ ഏലൂർ വൈദ്യുതി സെക്‌ഷൻ ജീവനക്കാരും സ്ഥലത്തെത്തി.


പ്രധാന വാർത്തകൾ
 Top