18 June Friday
അപകടമുനമ്പില്‍; മൂന്നുദിനം, 676 രോഗികൾ

ആപല്‍സൂചന ; മൂന്നുദിനം, 676 രോഗികൾ; പുതിയ 24 ഹോട്ട്‌സ്പോട്ട്‌

സ്വന്തം ലേഖികUpdated: Monday Jul 6, 2020


സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനത്തിന്‌ വേഗം കൂടുമ്പോഴും സമൂഹവ്യാപനം സംഭവിച്ചതായി സ്ഥിരീകരിക്കാവുന്ന ക്ലസ്‌റ്ററുകൾ ഇല്ലെന്നത്‌ ആശ്വാസമാകുന്നു. ഒരു രോഗിയിൽനിന്ന്‌ കുടുംബാംഗങ്ങളിലേക്കോ അടുത്ത്‌ ഇടപഴകുന്ന ചുരുക്കം ചിലരിലേക്കോ രോഗം പകരുന്ന ഒറ്റപ്പെട്ട ‘കുടുംബ ക്ലസ്‌റ്ററുകൾ’ മാത്രമാണുള്ളത്‌. ക്ലസ്‌റ്റർ കണ്ടെയ്‌ൻമെന്റ്‌ സ്‌ട്രാറ്റജി ശക്തമായി നടപ്പാക്കി ഇത്തരം ചെറു ക്ലസ്റ്ററിന്റെ‌ പുറത്തേക്കുള്ള വ്യാപനം തടയാൻ ഇതുവരെ സാധിച്ചു. എന്നാൽ, സമൂഹവ്യാപനത്തിലേക്ക്‌ നയിക്കുന്ന ചൂണ്ടുപലകകൾ പ്രതിദിനം വർധിച്ചുവരുന്നതായി ആരോഗ്യ വകുപ്പ് പറയുന്നു. ചെറിയ അലംഭാവം പോലും അനുവദിക്കാനാകാത്തത്ര ഗുരുതരമാണ്‌ സ്ഥിതി. ഓരോ വ്യക്തിയും സ്വന്തം സുരക്ഷിതത്വവും സാമൂഹിക ഉത്തരവാദിത്തവും കൃത്യമായി നിർവഹിച്ചില്ലെങ്കിൽ ഏത്‌ നിമിഷവും സമൂഹവ്യാപനം സംഭവിക്കാമെന്ന്‌‌‌ സർക്കാർ വിലയിരുത്തുന്നു.

രോഗവ്യാപനം തീവ്രമായ ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ 96 ശതമാനത്തിൽ അധികം രോഗികൾക്കും അവിടെനിന്ന്‌ തന്നെ രോഗം പിടിപെട്ടതാണ്‌. സംസ്ഥാനത്ത്‌ ഇതുവരെ 5429 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 657പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 12 ശതമാനംമാത്രം. ഇതിൽ ശനിയാഴ്‌ചവരെ ഉറവിടം കണ്ടെത്താത്ത 159പേർ ഉണ്ടായിരുന്നു. വിദഗ്‌ധരുൾപ്പെടുന്ന എപിഡെമൊളജിക്കൽ സംഘം 124 പേരുടെ രോഗ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കി‌. ഇതിൽ 106 പേരുടെ ഉറവിടമോ രോഗബാധയിലേക്ക്‌ നയിച്ച സാഹചര്യമോ കണ്ടെത്താനായി‌. ഉറവിടമറിയാത്തതായി റിപ്പോർട്ട്‌ ചെയ്യുന്ന ഭൂരിഭാഗം കേസുകളുടെയും പശ്ചാത്തലം ഇത്തരം പഠനങ്ങളിൽ വെളിവാകുന്നുണ്ട്‌.

രാജ്യത്ത്‌ 50 ശതമാനത്തിൽ അധികം രോഗികളുടെയും ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത്‌ ഇത്‌ രണ്ട്‌ ശതമാനമാണെങ്കിലും പ്രധാന നഗരങ്ങളിലും സ്ഥിതി രൂക്ഷമാകുന്നു‌. ജനസമ്പർക്കം കൂടുതലുള്ള തിരുവനന്തപുരത്ത്‌ പൊലീസ്‌, ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ, മത്സ്യവ്യാപാരി, മെഡിക്കൽ റെപ്‌, ഓട്ടോ ഡ്രൈവർ എന്നിവരിൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചതും ആശങ്ക ഉളവാക്കുന്നു. സമ്പർക്ക വ്യാപനം കൂടുന്നതും ആപൽസൂചനയാണ്‌. ആകെ സമ്പർക്കബാധയിൽ 109ഉം (16.59 ശതമാനം) കഴിഞ്ഞ അഞ്ച്‌ ദിവസമാണ്‌ സംഭവിച്ചത്‌.

 

 

പുതിയ 24 ഹോട്ട്‌സ്പോട്ട്‌, ആകെ 153
ആലപ്പുഴ പട്ടണക്കാട് (കണ്ടെയ്‌ൻമെന്റ്‌ സോൺ വാർഡ് 16), തുറവൂർ (ഒന്ന്‌, 16, 18), കുത്തിയതോട് (ഒന്ന്‌, 16), എഴുപുന്ന (15), അമ്പലപ്പുഴ സൗത്ത് (രണ്ട്‌), ചെറിയനാട് (ഏഴ്‌), കൊല്ലം കോർപറേഷൻ (53), കൊട്ടാരക്കര മുനിസിപ്പാലിറ്റി (രണ്ട്‌, നാല്‌, ആറ്‌, ഏഴ്‌, എട്ട്‌), മേലില (15), തേവലക്കര (എട്ട്‌), ആലപ്പാട് (അഴീക്കൽ ഹാർബർ), എറണാകുളം പറവൂർ മുനിസിപ്പാലിറ്റി (എട്ട്‌), കൊടുങ്ങല്ലൂർ (എട്ട്‌), തൃക്കാക്കര മുനിസിപ്പാലിറ്റി (28), ആലുവ മുനിസിപ്പാലിറ്റി (മാർക്കറ്റ്), പാലക്കാട് നല്ലേപ്പിള്ളി (ഏഴ്‌), കൊടുവായൂർ (13), വാണിയംകുളം (ആറ്‌), ആനക്കര (മൂന്ന്‌), കണ്ണൂർ  കടമ്പൂർ (മൂന്ന്‌), കീഴല്ലൂർ (മൂന്ന്‌), കുറ്റിയാട്ടൂർ (13), കുന്നോത്ത്പറമ്പ് (15), തിരുവനന്തപുരം വെള്ളനാട് (12, 13). ആകെ 153 ഹോട്ട് സ്‌പോട്ട്‌.
 

അപകടമുനമ്പില്‍; മൂന്നുദിനം, 676 രോഗികൾ
സംസ്ഥാനത്ത്‌ മൂന്നുദിവസംകൊണ്ട്‌‌ 676 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഞായറാഴ്‌ച  225 പേർക്കാണ്‌‌ രോഗം. വെള്ളിയാഴ്‌ച- -211 ഉം  ശനിയാഴ്‌ച 240 പേർക്കും രോഗമുണ്ടായി. ഞായറാഴ്‌ച സ്ഥിരീകരിച്ചവരിൽ സമ്പർക്ക രോഗികൾ 38. തിരുവനന്തപുരം–- 22, കോഴിക്കോട്–- അഞ്ച്‌, കാസർകോട്–- നാല്,‌ എറണാകുളം–- മൂന്ന്‌, മലപ്പുറം–- രണ്ട്‌, കൊല്ലം, ആലപ്പുഴ–- ഒന്നുവീതം. കണ്ണൂർ ഏഴ്‌ ഡിഎസ്‌‌സി ജവാൻമാരും രണ്ട്‌ സിഐഎസ്എഫുകാർക്കും തൃശൂർ രണ്ട്‌‌ ബിഎസ്എഫുകാരും രണ്ട്‌‌ കപ്പൽ ജീവനക്കാരും  രോഗബാധിതരായി‌. രോഗികളിൽ 117 പേർ വിദേശത്തുനിന്നും 57പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

126 പേര്‍ രോ​ഗമുക്തരായി. കൊല്ലം–- 31, മലപ്പുറം–- 28, തൃശൂർ–- 12, തിരുവനന്തപുരം–- 11, പത്തനംതിട്ട, എറണാകുളം–- 10 വീതം, പാലക്കാട്–- ഏഴ്‌, വയനാട്–- ആറ്‌, കോഴിക്കോട്–- അഞ്ച്‌, കോട്ടയം, കണ്ണൂർ–- മൂന്നുവീതം. 2228 പേർ ചികിത്സയിലുണ്ട്‌. ഇതുവരെ രോ​ഗമുക്തിനേടിയവർ 3174. നിരീക്ഷണത്തിൽ 1,80,939. ഇതിൽ 2944 പേർ ആശുപത്രികളിലാണ്. 377 പേരെ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒറ്റ ദിവസംകൊണ്ട്‌ 7461 സാമ്പിൾ പരിശോധിച്ചു. ആകെ 2,68,218 സാമ്പിൾ പരിശോധനയ്ക്ക്‌ അയച്ചു. 5881 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സെന്റിനെൽ സർവെയ്‌ലൻസിന്റെ 58,728 സാമ്പിൾ ശേഖരിച്ചു. 56,374  നെഗറ്റീവായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top