21 February Thursday
കുട്ടികളില്ല

അങ്കണവാടികള്‍ക്കും പ്രതിസന്ധി

പി പി സതീഷ്കുമാര്‍Updated: Wednesday Jul 6, 2016


കണ്ണൂര്‍ > പ്രീ–സ്കൂള്‍ ഭ്രമത്തില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ പ്രതിസന്ധിയില്‍. പൊതുവിദ്യാലയങ്ങളുടേതിന് സമാനമായ അടച്ചുപൂട്ടല്‍ ഭീഷണിയാണ് കുട്ടികളില്ലാത്തതിനാല്‍ അങ്കണവാടികളും നേരിടുന്നത്. ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങളുടെയും നേഴ്സറികളുടെയും അനിയന്ത്രിത കടന്നുവരവാണ് സാമൂഹ്യവല്‍ക്കരണത്തിന്റെ ആദ്യ കേന്ദ്രമായ അങ്കണവാടികളെ തളര്‍ത്തുന്നത്.

1975ല്‍ ആരംഭിച്ച സംയോജിത ശിശുവികസന പദ്ധതി പ്രകാരം സംസ്ഥാനത്ത് 33,130 അങ്കണവാടികളുണ്ട്. ഇതില്‍ 90 ശതമാനവും മതിയായ കുട്ടികളില്ലാത്തവ. പത്തുവര്‍ഷം മുമ്പ് 50 മുതല്‍ 75 വരെ കുട്ടികളുണ്ടായിരുന്ന അങ്കണവാടികളും പ്രതിസന്ധി നേരിടുന്നു. 2503 കേന്ദ്രങ്ങളുള്ള കണ്ണൂര്‍ ജില്ലയില്‍ കുട്ടികളുടെ ശരാശരി 12.76 ആണ്. 36 ആണ് ഉയര്‍ന്ന അംഗസംഖ്യ. നിലവില്‍ മൂന്നുമുതല്‍ ആറുവയസ്സുവരെയുള്ള 68,684 കുട്ടികളില്‍ 31,945 പേരാണ് അങ്കണവാടികളില്‍ എത്തുന്നത്.

നഗരപ്രദേശങ്ങളിലാണ് കുട്ടികളുടെ കുറവ് ഏറ്റവും പ്രകടം. അങ്കണവാടികളിലെ പഠനശേഷമാണ് കുട്ടികള്‍ പൊതുവിദ്യാലങ്ങളില്‍ ഒന്നാംക്ളാസ് പ്രവേശനം നേടിയിരുന്നത്. നേഴ്സറികളില്‍ പഠിക്കുന്നവര്‍ ഇപ്പോള്‍ അണ്‍എയ്ഡഡ് മേഖലയിലേക്കാണ് എത്തുന്നത്. സൌജ്യന പഠനത്തിന് പകരം നേഴ്സറികളില്‍ ഒരു കുട്ടിക്ക് മാസം 500 മുതല്‍ 1000 രൂപവരെ ചെലവഴിക്കേണ്ടി വരും. അങ്കണവാടികളിലെത്തുന്ന കുട്ടികളുടെ ആരോഗ്യക്ഷമതയും ആശയവിനിമയവും പതിന്മടങ്ങ് മെച്ചമാണെന്ന് അടുത്തിടെ നടത്തിയ പഠനം കണ്ടെത്തിയിരുന്നു.

400മുതല്‍ 800വരെ ജനസംഖ്യക്ക് ഒന്നുവീതം എന്നതാണ് അങ്കണവാടികളുടെ ക്രമം. അങ്കണവാടികള്‍ മുഖേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ജില്ലയിലും ശരാശരി മുപ്പത് കോടിയാണ് വര്‍ഷം ചെലവഴിക്കുന്നത്.

പ്രധാന വാർത്തകൾ
 Top