22 January Tuesday

പാട്ട‌് കേൾക്കുന്നു, വർത്തമാനം പറയുന്നു.‌.. അജന്യ ഹാപ്പിയാണ‌്

ആർ രഞ‌്ജിത‌്Updated: Wednesday Jun 6, 2018

കോഴിക്കോട‌്>അവൾ വായിക്കുന്നു. പാട്ട‌് കേൾക്കുന്നു. വർത്തമാനം പറയുന്നു. കൂട്ടുകാരെ വിളിക്കുന്നു. പ്രിയപ്പെട്ട അനിയനോട‌് ഫോണിൽ  കലപില കൂടുന്നു. നിപായെ ചെറുത്തുതോൽപ്പിച്ച നേഴ‌്സിങ‌് വിദ്യാർഥിനി അജന്യ സന്തോഷവതിയാണ‌്. കേരളം മുഴുവൻ കാത്തിരിക്കുന്നത‌് അവളുടെ രോഗവിവരത്തിനാണ‌്. ഡോക്ടർമാർ പറയുന്നു, ഈ മിടുക്കിയുടെ കൊച്ചു ശരീരത്തിൽ  ഇപ്പോൾ മരണ വൈറസില്ല.

മെഡിക്കൽ കോളേജിലെ ഐസൊലേഷൻ ബ്ലോക്കിൽ അവൾ ഒറ്റക്കല്ല. അച്ഛനും അമ്മയുമുണ്ട‌്. നിപാ ഇല്ലെന്ന‌് ഉറപ്പിച്ചതോടെ രക്ഷിതാക്കളെ ഒപ്പം കൂട്ടാൻ ഡോക‌്ടർമാർ അനുവദിച്ചു.  മുറിയിൽനിന്ന‌് പുറത്തുപോകാൻ പറ്റാത്തതിന്റെ വിമ്മിട്ടമാ ഴിച്ചാൽ എല്ലാം പതിവുപോലെ. എപ്പോഴും ഡോക‌്ടർമാരുടെയും നേഴ‌്സുമാരുടെയും സ‌്നേഹവും പരിചരണവും. ഭക്ഷണം സാധാരണപോലെ. എത്രയും പെട്ടെന്ന‌് ആശുപത്രിക്ക‌് പുറത്തെത്താനാണ‌് ആഗ്രഹം. പകൽ അച്ഛനമ്മമാരോട‌് സംസാരിച്ചിരിക്കും. അപ്പോഴേക്കും കൂട്ടുകാർ വിളിക്കും. അവരെല്ലാം കാത്തിരിക്കുകയാണ‌്. 

‘എന്നേക്കാൾ സന്തോഷത്തിലാണ‌് അവർ. എന്റെ വരവിനായി കാത്തിരിക്കുകയാണ‌് അവർ. അനിയൻ എല്ലാദിവസവും വിളിക്കും. അവനോട‌് സംസാരിച്ചാൽ സമയം പോകുന്നതറിയില്ല. ഈ മുറിയിൽ ഞാൻ ഹാപ്പിയാണ‌്’ ആത്മവിശ്വാസത്തോടെയുള്ള പ്രതികരണം.
   ജനറൽ നേഴ‌്സിങ‌് രണ്ടാംവർഷ വിദ്യാർഥിനിയായ അജന്യ പരിശീലനത്തിന്റെ ഭാഗമായി ഏപ്രിൽ 30 മുതൽ മെയ‌് അഞ്ചുവരെ മെഡിക്കൽ കോളേജ‌് അത്യാഹിതവിഭാഗത്തിലുണ്ട‌്.  മെയ‌് അഞ്ചിന‌് രാവിലെ അത്യാഹിതവിഭാഗത്തിൽ ആദ്യം മരണപ്പെട്ട മുഹമ്മദ‌് സാബിത്തിനെ പ്രവേശിപ്പിച്ചിരുന്നു. അജന്യക്ക‌് സാബിത്തിൽനിന്ന‌് വൈറസ‌് ബാധയുണ്ടായെന്നാണ‌് വിലയിരുത്തൽ. തുടർന്ന‌് അത്യാസന്ന നിലയിലായി കോഴിക്കോട‌് നെഞ്ചുരോഗ ആശുപത്രിയിലാണ‌് ചികിത്സിച്ചത‌്. ഐസിയുവിൽ മരണത്തെ മുഖാമുഖം കണ്ട അജന്യയെക്കുറിച്ചും അവളെ പരിചരിച്ചവരെക്കുറിച്ചും സ‌്റ്റാഫ‌് നേഴ‌്സായ റൂബി സജ‌്ന ഫെയ‌്സ‌്ബുക്കിൽ കുറിച്ചത‌് വൈറലായിരുന്നു. പലരും ഭീതിയോടെ മാറിനിന്നപ്പോഴും മടിയില്ലാതെ, തരിമ്പും പേടിയില്ലാതെ അജന്യയുടെ മൂക്കിലെ സ്രവങ്ങളിലൂടെ വമിക്കുന്ന വൈറസുകളെ വകഞ്ഞുമാറ്റി ചികിത്സക്ക‌് മുന്നിൽനിന്ന സുനിത സിസ‌്റ്ററെക്കുറിച്ചും ഒപ്പമുണ്ടായിരുന്ന ഡോക‌്ടർമാരെയും നേഴ‌്സുമാരെക്കുറിച്ചും  അതിൽ പറയുന്നുണ്ട‌്.

നെഞ്ചുരോഗ ആശുപത്രിയിലുള്ളവരെ ഒരിക്കലും മറക്കാനാവില്ലെന്ന‌് അജന്യ പറഞ്ഞു. ‘അവരെയൊക്കെ എങ്ങനെ മറക്കാൻ. ഡോക‌്ടർമാരും സിസ‌്റ്റർമാരും മറ്റ‌് ജീവനക്കാരും. എല്ലാം മനസ്സിലുണ്ട‌്. ഒന്നും നന്ദിയിൽ അവസാനിപ്പിക്കുന്നില്ല.’
 വൈറസിനെ പൊരുതി തോൽപ്പിച്ച അജന്യക്കും മലപ്പുറം സ്വദേശിയായ ഉബീഷിനും തുടർ ചികിത്സ എന്തെങ്കിലും വേണമോയെന്ന ആലോചനയിലാണ‌് ഡോക്ടർമാർ. അതിനായി സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജുകളിലെയും വിദഗ‌്ധർ യോഗം ചേർന്ന‌് പദ്ധതി തയ്യാറാക്കി.  അതിനുശേഷമാകും ഇവർക്ക‌് ആശുപത്രി വിടാനാകുക.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top