17 September Tuesday

ദേശീയപാത വികസനം അട്ടിമറിച്ചത‌് ബിജെപി; പി എസ് ശ്രീധരന്‍പിള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കയച്ച കത്ത‌് പുറത്ത‌്

എം കെ പത്മകുമാർUpdated: Monday May 6, 2019


തിരുവനന്തപുരം
സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിച്ചതിന‌് പിന്നിൽ ബിജെപി സംസ്ഥാനഘടകം. സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കയച്ച കത്ത‌് പുറത്തായി. ഔദ്യോഗിക ലെറ്റർപാഡിൽ 2018 സെപ്തംബർ 14നായിരുന്നു കത്തയച്ചത‌്. ഭൂമി ഏറ്റെടുക്കാനുള്ള ത്രീ എ വിജ്ഞാപനം റദ്ദ‌ാക്കണമെന്നും ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച‌്ഐഎ) നടപടികൾ അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ദേശീയപാത വികസനം നടത്തിയാൽ മതിയെന്നാണ‌് പുതിയ തീരുമാനം.  ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നുവെന്ന ത്രീ എക്കുപുറമെ, ഭൂമി ഏറ്റെടുക്കുന്നുവെന്ന ത്രീ ഡി, നഷ്ടപരിഹാരത്തുക നിർണയിക്കുന്ന ത്രീ ജി  വിജ്ഞാപനങ്ങൾ പുറത്തിറങ്ങിയശേഷമേ ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച‌്എഐ) മാനദണ്ഡപ്രകാരം ടെൻഡർ നടപടി ആരംഭിക്കൂ. എന്നാൽ, സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലും സമ്മർദവുംമൂലം ത്രീ എ വിജ്ഞാപനം ഇറക്കിയാൽ ടെൻഡർ നടപടി ആരംഭിക്കാൻ ദേശീയപാത അതോറിറ്റി കേരളത്തിന‌് അനുമതി നൽകി. ഡൽഹിയിലെ യോഗത്തിൽ മന്ത്രി നിതിൻ ഗഡ‌്കരിയാണ‌്  മന്ത്രി ജി സുധാകരന‌് ഇക്കാര്യത്തിൽ ഉറപ്പുനൽകിയത‌്. ഇതിനുപിന്നാലെയാണ‌് ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട‌് ശ്രീധരൻപിള്ള കത്തയച്ചത‌്. ബിജെപി നേതാവ‌് വി  മുരളീധരൻ എംപിയും ഇക്കാര്യം ആവശ്യപ്പെട്ട‌് മന്ത്രിയെ കണ്ടിരുന്നു.

ട്രാക്കിലായപ്പോൾ അട്ടിമറി
ഉമ്മൻചാണ്ടി സർക്കാർ 2013ൽ ഉപേക്ഷിച്ച ദേശീയപാത വികസനമാണ‌് എൽഡിഎഫ‌് അധികാരത്തിൽ വന്നതിനുപിന്നാലെ പ്രധാന അജൻഡയായി ഏറ്റെടുത്തത‌്. സ്ഥലം ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ,  പ്രശ്നങ്ങൾ പരിഹരിച്ച സംസ്ഥാന സർക്കാർ  പദ്ധതിയുമായി മുന്നോട്ടുപോയി. കണ്ണൂർ കീഴാറ്റൂർ, മലപ്പുറം ഉൾപ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ‌് നേതാക്കളും കലാപത്തിന‌് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ‌് രാഷ്ട്രീയവിരോധം തീർക്കാൻ കേന്ദ്രം പദ്ധതി അട്ടിമറിച്ചത‌്.

മുൻഗണനാപട്ടികയിൽനിന്ന‌് ഒഴിവാക്കി
ദേശീയപാത വികസനം ഈ സർക്കാരിന്റെ കാലാവധി കഴിഞ്ഞേ നടപ്പാക്കൂവെന്ന‌് കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട‌്. ഇക്കാര്യം അതോറിറ്റിയുടെ തിരുവനന്തപുരം മേഖലാ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ദേശീയപാത വികസനത്തിന്റെ മുൻഗണനാ പട്ടിക തയ്യാറാക്കിയാണ‌് കേരളത്തെ ഒഴിവാക്കിയത‌്. ആദ്യ പട്ടികയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണുള്ളത‌്. രണ്ടാം പട്ടികയിലാണ‌് കേരളം, കർണാടകം തുടങ്ങിയ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ.

അനുകൂലസാഹചര്യം പരിഗണിച്ചില്ല
സ്ഥലമെടുപ്പ‌്  ഉൾപ്പെടെയുള്ള തടസ്സങ്ങളുണ്ടായാലാണ‌് ദേശീയപാത നിർമാണം മാറ്റിവയ‌്ക്കുക. എന്നാൽ, കേരളത്തിൽ ഏറ്റെടുക്കേണ്ട എല്ലാസ്ഥലങ്ങളിലും ത്രീ എ വിജ്ഞാപനം ഇറങ്ങി. പല റീച്ചുകളിലും പൂർണമായും ഭൂമി ഏറ്റെടുത്തു. വികസനം പൂർണമായും കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും കാലതാമസം ഒഴിവാക്കാൻ തൊണ്ടയാട‌്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂർ  മേൽപ്പാലങ്ങളുടെ നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. കരമന–-കളിയിക്കാവിള റോ‌ഡ‌് നാലുവരിപ്പാതയാക്കുന്നതും സംസ്ഥാനത്തിന്റെ പണം ഉപയോഗിച്ചുമാണ‌്. ഇത്രയും അനുകൂലസാഹചര്യമുണ്ടായിട്ടും രാഷ്ട്രീയവിരോധംതീർക്കാൻ ദേശീയപാതയെ ഉപയോഗിക്കുകയായിരുന്നു. നിശ്ചയിച്ച പ്രകാരം നിർമാണം തുടങ്ങിയിരുന്നെങ്കിൽ 2020നകം പൂർത്തിയാകുമായിരുന്നു.  ഒന്നാം റീച്ചായ കാസർകോട‌് തലപ്പാടി–-ചെങ്കളയെ ഒന്നാംപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന‌്‌ ദേശീയപാത അതോറിറ്റി പറയുന്നുണ്ടെങ്കിലും അടുത്തെങ്ങും നിർമാണം തുടങ്ങില്ലെന്ന‌് ഉറപ്പാണ‌്. സ്ഥലം ഏറ്റെടുത്തുകൊടുത്തിട്ടും ടെൻഡർ നടപടി  നീട്ടിക്കൊണ്ടുപോവുകയാണ‌്. കേരളത്തെ മുൻഗണനാപട്ടികയിൽനിന്നൊഴിവാക്കിയതിനെതിരെ മന്ത്രി ജി സുധാകരൻ കേന്ദ്രത്തിന‌് കത്തയച്ചിട്ടുണ്ട‌്. ഇതേ ആവശ്യം ഉന്നയിച്ച‌് ചീഫ‌് സെക്രട്ടറിയും അടുത്ത ദിവസം കത്തയക്കും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top