27 May Wednesday

ലോക്ക്‌ഡൗൺ ഒറ്റയടിക്ക്‌ പിൻവലിക്കരുതെന്ന്‌ ശുപാർശ ;വിദഗ്‌ധസമിതി റിപ്പോർട്ട്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020


സംസ്ഥാനത്ത്‌ ലോക്ക്‌ഡൗൺ ഘട്ടംഘട്ടമായി മാത്രമേ പിൻവലിക്കാവൂ എന്ന്‌ വിദഗ്ധസമിതി റിപ്പോർട്ട്‌. ലോക്ക്‌ഡൗൺ പിൻവലിക്കലും തുടർനടപടിയും സംബന്ധിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ രൂപീകരിച്ച 17 അംഗ സമിതി തിങ്കളാഴ്ച സമർപ്പിച്ച റിപ്പോർട്ടിലാണ്‌ ശുപാർശ. കെ എം എബ്രഹാം അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട്‌ സമിതിയംഗമായ അടൂർ ഗോപാലകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി. റിപ്പോർട്ട്‌ പഠിച്ചശേഷം സംസ്ഥാനത്തിന്റെ നിർദേശം കേന്ദ്രസർക്കാരിനെ അറിയിക്കും.

ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഒറ്റയടിക്ക്‌ പിൻവലിക്കരുത്‌. ഒരോ മേഖലയായി തിരിച്ച്‌ ഘട്ടംഘട്ടമായി വേണം നിയന്ത്രണങ്ങൾ ഒഴിവാക്കേണ്ടതെന്നും നിർദേശമുണ്ട്‌. അവശ്യ സർവീസുകളെയാകണം ആദ്യഘട്ടത്തിൽ അനുവദിക്കേണ്ടതെന്നാണ്‌ സമിതിയുടെ ശുപാർശ.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനുശേഷം സെക്രട്ടറിയറ്റിലെ മീഡിയ റൂമിൽവച്ചാണ്‌ റിപ്പോർട്ട്‌ കൈമാറിയത്‌. മന്ത്രിമാരായ കെ കെ ശൈലജ, ഇ ചന്ദ്രശേഖരൻ, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, സമിതിയംഗങ്ങളായ ജേക്കബ്‌ പുന്നൂസ്‌, ഡോ. എം വി പിള്ള, ഡോ. ബി ഇക്ബാൽ എന്നിവരും പങ്കെടുത്തു.

ലോക്ക്ഡൗൺ സംസ്ഥാനത്തെ എങ്ങനെയൊക്കെയാണ് ബാധിച്ചത്, എപ്പോഴാണ് പിൻവലിക്കേണ്ടത്,  സ്വീകരിക്കേണ്ട തുടർനടപടികൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ്‌ സമിതി റിപ്പോർട്ട്‌ നൽകിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top