Deshabhimani

എലത്തൂരിലെ ഇന്ധന ചോർച്ച; അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്ടർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 02:06 PM | 0 min read

കോഴിക്കോട് > ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എലത്തൂർ ഡിപ്പോയിലുണ്ടായ ഇന്ധന ചോർച്ചയിൽ അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്ടർ. ഇന്ന് ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് കളക്ടറേറ്റിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, എച്ച്പിസിഎൽ അധികൃതർ എന്നിവർ  യോഗം ചേരും. ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കുവാൻ സ്ഥലം എംഎൽഎ കുടിയായ വനം മന്ത്രി എ കെ ശശീന്ദ്രൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.

ഇന്നലെ ഡെപ്യൂട്ടി കളക്ടർ അനിതകുമാരി സ്ഥലത്തെത്തി മാനേജ്‍മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. മലിനീകരണ നിയന്ത്രണ ബോർഡും ഫാക്ടറീസ് & ബോയിൽസ് അധികൃതരോട് വിഷയത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കുന്നതിനും കൂടുതൽ സ്ഥലങ്ങളിലേക്ക് ഇന്ധനം വ്യാപിക്കുന്നത് തടയുന്നതിനും നടപടി ഉണ്ടാകാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി.

ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ വടക്ക് ഭാഗത്തുള്ള ചെറിയ ഫുട്പാത്തിനടിയിലെ ഓടയിലൂടെ ഡിസൽ ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. നിരവധി ആളുകൾ കുപ്പികളിലും മറ്റും ഡീസൽ മുക്കിയെടുത്തെങ്കിലും വലിയ അളവിൽ എത്തിയതോടെ ആളുകൾ പരിഭ്രാന്തരായി. ഇതോടെ എച്ച്പിസിഎൽ മാനേജരടക്കമുള്ളവർ സ്ഥലത്തെത്തി. അറ്റകുറ്റപണിക്കിടെ ചോർച്ച ഉണ്ടായതാണെന്നായിരുന്നു വിശദീകരണം. നാട്ടുകാർ പ്രശ്‌നമുണ്ടാക്കിയതോടെ 11ഓളം ബാരലുകൾ കൊണ്ടുവന്ന് ഡീസൽ മുക്കി മാറ്റി. എന്നാൽ പരിഹാരമുണ്ടാവാതെ ഡീസൽ കൊണ്ടുപോവുന്നത് നാട്ടുകാർ തടഞ്ഞു. ഇന്ധനം ഓടയിലൂടെ ഒഴുകി തോട്ടിലും കടലിലും എത്തി മീനുകൾ ചത്തുപൊന്തി. 700 ലിറ്ററോളം ഡിസൽ ഓടയിലൂടെ ഒഴുകി എന്നാണ് പ്രഥമിക വിവരം.

ഇതിനു മുമ്പും ഇവിടെ ഇത്തരത്തിൽ ഡീസൽ ചോർച്ചയുണ്ടായിട്ടുണ്ട്. യാതൊരു സുരക്ഷക്രമീകരണങ്ങളുമില്ലാതെയാണ് എലത്തൂർ ഡിപ്പോ ജനവാസമേഖലയിൽ പ്രവർത്തിക്കുന്നത്. വർഷങ്ങളായി ജനങ്ങൾ സമരവും നടത്തുന്നതിനിടെയാണ് വീണ്ടും ഡീസൽ ചോർച്ചയുണ്ടായിരിക്കുന്നത്. അഞ്ച് ജില്ലകളിലേക്കാവശ്യമായ ഇന്ധനമാണ് ഇവിടെ സൂക്ഷിക്കുന്നത്.



deshabhimani section

Related News

0 comments
Sort by

Home