വയനാടിനായി ഇടതുപക്ഷം; കേന്ദ്രം അവഗണിച്ചപ്പോൾ കേരളം ചേർത്തുപിടിച്ചു: എ വിജയരാഘവൻ
പാലക്കാട് > കേന്ദ്രം അവഗണിച്ചപ്പോൾ വയനാട്ടിലെ ദുരന്തമേഖലയിൽ ഒറ്റപ്പെട്ടവരെ എൽഡിഎഫ് സർക്കാർ ചേർത്തുപിടിച്ചുവെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ എൽഡിഎഫ് സംഘടിപ്പിച്ച പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും ഭയാനകമായ പ്രകൃതിക്ഷോഭമാണ് വയനാട്ടിൽ ഉണ്ടായത്. ദുരന്തമേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനമാണ് കേരള സർക്കാർ നടത്തിയത്. ദുരന്തബാധിതരായ ഒരോ കുടുംബത്തെയും സർക്കാർ സംരക്ഷിച്ചു. വളരെ സമഗ്രമായ രീതിയിലാണ് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ അവരുടെ ചുമതല നിർവഹിച്ചില്ല എന്നും എ വിജയരാഘവൻ പറഞ്ഞു.
മോദി വയനാട്ടിൽ വന്നപ്പോൾ മനുഷ്യത്വമുള്ളയാളാണെന്ന് കരുതി. അതൊരു തെറ്റായിരുന്നു. കേരളത്തിനു വേണ്ടി കേന്ദ്രം ഒന്നും തന്നില്ല. മോദി സഹായിക്കുന്നത് അദാനിയെയും അംബാനിയെയും മാത്രമാണ്. കേന്ദ്രം ആവശ്യപ്പെട്ട രേഖകൾ കേരളം സമർപ്പിച്ചില്ലെന്ന മാധ്യമപ്രചാരണം തെറ്റാണെന്നും എ വിജയരാഘവൻ പറഞ്ഞു.
0 comments