Deshabhimani

1629.24 കോടിയുടെ ബാധ്യത ഏറ്റെടുത്ത്‌ സംസ്ഥാനം ; വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് പുതിയ വിജ്ഞാപനമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 02:19 AM | 0 min read


തിരുവനന്തപുരം
വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡിനു (എൻഎച്ച് 866) വേണ്ടി 314 ഹെക്‌ടർ ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കഴിഞ്ഞവർഷം പ്രാഥമിക വിജ്ഞാപനം (3എ) പ്രസിദ്ധീകരിച്ചെങ്കിലും സംസ്ഥാനവിഹിതം സംബന്ധിച്ച് കേന്ദ്രസർക്കാർ നിർബന്ധം പിടിച്ചതോടെയാണ് നടപടി നീണ്ടത്.

ഇതോടെ ആദ്യഘട്ട വിജ്ഞാപനം റദ്ദായിരുന്നു. ഒടുവിൽ ഔട്ടർ റിങ്‌ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ ആ​ഗസ്‌തിൽ അംഗീകാരവും നൽകിയിരുന്നു.  ഭൂമി ഏറ്റെടുക്കലിന്റെ അമ്പത് ശതമാനം തുകയായ  930.41 കോടി രൂപ സംസ്ഥാനം വഹിക്കും. ഈ തുക കിഫ്ബിയിൽനിന്ന്‌ അനുവദിക്കും. പുറമേ സർവീസ് റോഡ് നിർമാണത്തിന് 477.33 കോടി രൂപയും സംസ്ഥാനമാണ് വഹിക്കുക. വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ മാർച്ചിന് മുമ്പ് ഭൂമി വിട്ടുനൽകിയവരുടെ പണം കൊടുക്കാനാകുമെന്ന് അധികൃതർ പറയുന്നു.

ജില്ലയിലെ 24 വില്ലേജുകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. 11 വില്ലേജുകളിലെ 100.8723 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ 1956ലെ ദേശീയപാത നിയമപ്രകാരമുള്ള അവസാന വിജ്ഞാപനമായ 3ഡി ഒന്നര വർഷം മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. ഈ ഭൂമിയിലെ കെട്ടിടങ്ങളുടെ മൂല്യനിർണയം നടത്തുകയാണ്. ഔട്ടർ റിങ് റോഡ് നിർമാണത്തിനു ദേശീയപാത അതോറിറ്റി ഉടൻ ടെൻഡർ ക്ഷണിക്കും. വിഴിഞ്ഞം – തേക്കട, തേക്കട – നാവായിക്കുളം എന്നിങ്ങനെ രണ്ടു റീച്ചുകളായി തിരിച്ചാകും ടെൻഡർ ക്ഷണിക്കുക.

നേരത്തേ 24 വില്ലേജുകളിൽനിന്നായി ഏകദേശം 295 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 8 പ്രധാന ജങ്‌ഷനുകളും ഔട്ടർ റിങ് റോഡ് എൻഎച്ച് 66 മായി ചേരുന്ന വിഴിഞ്ഞം, നാവായിക്കുളം എന്നിവിടങ്ങളിൽ ട്രംപെറ്റ് ഇന്റർചേഞ്ചും നിർമിക്കുന്നതിനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നതിനാലാണ് പുതിയ വിജ്ഞാപനത്തിൽ 314.20989 ഹെക്ടർ ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടുത്തിയത്.
 



deshabhimani section

Related News

0 comments
Sort by

Home