19 January Sunday

എംജിക്കെതിരായ ആരോപണം: പിന്നിൽ മുൻ വിസിയടങ്ങുന്ന സംഘം

കെ ടി രാജീവ്‌Updated: Thursday Dec 5, 2019


നിരന്തരം ആരോപണങ്ങളുന്നയിച്ച്‌ മഹാത്മാഗാന്ധി സർവകലാശാലയെ വിവാദങ്ങളുടെ മുൾമുനയിൽ നിർത്തുന്നതിനു പിന്നിൽ വൻസംഘവും ഗൂഢാലോചനയും. മികച്ച സർവകലാശാലയ്‌ക്കുള്ള  ഗവർണറുടെ  2019 ലെ ചാൻസലേഴ്‌സ് അവാർഡ് തട്ടിത്തെറിപ്പിക്കുക പ്രധാന ലക്ഷ്യം. പ്രമുഖ പ്രതിപക്ഷ സംഘടനാനേതാക്കളിൽ ചിലർ,  ഉന്നത ഉദ്യോഗസ്ഥർ,  മുൻ വൈസ് ചാൻസലർ, മുൻ രജിസ്ട്രാർ തുടങ്ങിയവരുൾപ്പെട്ട സംഘമാണ്‌ ഇതിനുപിന്നിൽ.  ഇവർ  നിരന്തരം വ്യാജ വാർത്ത സൃഷ്ടിച്ച്‌ രേഖകൾ  മാധ്യമങ്ങൾക്ക്‌ നൽകുകയാണ്‌.  

രാജ്യത്ത്‌ മുപ്പതാംസ്ഥാനമുള്ള  എംജി സർവകലാശാലക്ക്‌  2017 ലും 2018ലും  ചാൻസലേഴ്‌സ് അവാർഡ് ലഭിച്ചിരുന്നു. നാഷണൽ അസസ്‌മെന്റ്‌ അക്രെഡിറ്റേഷൻ കൗൺസിലി(നാക്ക്‌)ന്റെ ഏറ്റവും ഉയർന്ന മാർക്കും എംജിക്കാണ്‌. ഇത്തവണത്തെ  ചാൻസലേഴ്‌സ് അവാർഡിനായി വിവരങ്ങൾ നൽകുന്നതിനുള്ള അവസാന തീയതി ഒക്‌ടോ.  15 ആയിരുന്നു.  തീയതി പിന്നീട് 25ലേക്ക്  നീട്ടി. ഈ സമയങ്ങളിലെല്ലാം  സർവകലാശാലക്കെതിരെ വിവിധ ആരോപണങ്ങൾ ഉയർന്നുവന്നു. സമ്മർദമുണ്ടാക്കി അപേക്ഷ നൽകാനുള്ള സർവകലാശാലയുടെ ഒരുക്കത്തെ പരാജയപ്പെടുത്തുകയായിരുന്നു ആദ്യ ലക്ഷ്യം.

ഒമ്പതു മാസം മുമ്പ് നടന്ന അദാലത്തിലെ അപേക്ഷയുമായി ബന്ധപ്പെട്ടും പിന്നീട്‌ നടന്ന സിൻഡിക്കറ്റ് യോഗത്തിലുണ്ടായ മോഡറേഷൻ നൽകാനുള്ള തീരുമാനത്തെക്കുറിച്ചുമുള്ള ആരോപണങ്ങളാണ് അവാർഡിനായി അപേക്ഷ പരിഗണിക്കുന്ന സമയത്ത് ഉയർത്തിയത്. അവാർഡിന്റെ നടപടി ക്രമങ്ങളിപ്പോൾ നടന്നുവരുകയാണ്. നേരത്തെ നടന്ന അദാലത്തുമായി ബന്ധപ്പെട്ട് നേരത്തെ ആരോപണങ്ങളൊന്നും പ്രതിപക്ഷ സംഘടനകൾ ഉന്നയിച്ചിരുന്നില്ല. ബിടെക്കുമായി ബന്ധപ്പെട്ട സെക്ഷനുകൾ കൈകാര്യം ചെയ്യുന്ന ഓഫീസർ മുതൽ ജോയിന്റ് രജിസ്ട്രാർ വരെയുള്ളവർ പ്രതിപക്ഷ സംഘടനയുടെ നേതാക്കളാണ്. ഇവരായിരുന്നു അന്ന് അദാലത്തിന്റെയും മുഖ്യനടത്തിപ്പുകാരായത്.

പരീക്ഷാ വിഭാഗത്തിൽ പ്രതിപക്ഷ സംഘടനയുടെ നേതാവ് സർവകലാശാലയിലെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ വരെ ചോർത്തി ചില മാധ്യമങ്ങൾക്ക്‌ നൽകി. അദാലത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ മുനയൊടിഞ്ഞതോടെയായിരുന്നു പരീക്ഷരേഖകൾ ചോർത്തിയത്.  അതീവരഹസ്യമായ വിവരങ്ങൾ പുറത്തുനൽകുന്നത്‌  ക്രിമിനൽ കേസാണ്‌. ഇതു സംബന്ധിച്ച്‌ അന്വേഷണം ക്രൈംബ്രാഞ്ചിനോ മറ്റ് ഏജൻസികൾക്കോ നൽകണമെന്നാണ്  ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. ഇതിനായി സർവകലാശാല നിയമോപദേശം തേടിയതായും അറിയുന്നു.
 


പ്രധാന വാർത്തകൾ
 Top