17 January Friday

ശബരിമല ഭക്തരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ല: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019


കൊച്ചി
ശബരിമലയിൽ ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി. മണ്ഡലകാലം ആകുന്നതോടെ സന്നിധാനത്തും പമ്പയിലും സമീപ പ്രദേശങ്ങളിലും ഇത്തരം പ്രവണതകൾ വർധിക്കുന്നതായി വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

സന്നിധാനത്തും പമ്പയിലും ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചത് കുറവാണെന്നും ഇതു കൂട്ടണമെന്നുമാവശ്യപ്പെട്ട് ഹോട്ടലുടമകൾക്കുവേണ്ടി വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.

പത്തനംതിട്ട കലക്ടർ 2015ലെ നിരക്കനുസരിച്ചാണ് ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചതെന്നും ഹോട്ടലുടമകളുമായി ചർച്ച നടത്താതെ ഏകപക്ഷീയമായി നിരക്ക് നിശ്ചയിച്ച നടപടി ശരിയല്ലെന്നുമാണ്‌ ഹർജിയിലെ വാദം. ശബരിമലയിൽ കടകളുടെ ലൈസൻസ് ഫീസിൽ വലിയ വർധന വരുത്തി ഭക്ഷണ സാധനങ്ങളുടെ ഉൽപ്പാദനച്ചെലവും വർധിച്ചു. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഭക്ഷണ വില നിശ്ചയിച്ചിരിക്കുന്നതെന്നാണ് ആരോപണം.

മണ്ഡല മകരവിളക്ക് സീസൺ തുടങ്ങി 18 ദിവസം പിന്നിട്ടെന്നും ഇനിയെങ്ങനെയാണ് ഇടപെടാൻ കഴിയുകയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. എല്ലാ വർഷവും ലേലത്തിൽ പിടിച്ച് കച്ചവടം നടത്തുന്നവർ എങ്ങനെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാഗമായെന്നും കോടതി വാക്കാൽ ചോദിച്ചു. തുടർന്ന് ഹർജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
 


പ്രധാന വാർത്തകൾ
 Top