14 December Saturday

പാർടി സംസ്ഥാന സ്‌കൂൾ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019


സിപിഐ എം കേരളഘടകത്തിന്‌ പുതിയ കരുത്തും അനുഭവവും പകർന്ന്‌ പാർടി സംസ്ഥാന സ്‌കൂൾ തിങ്കളാഴ്‌ച സമാപിച്ചു. ഏഴ്‌ ദിവസമായി ഇ എം എസ്‌ അക്കാദമിയിൽ നടന്ന സ്‌കൂൾ, രാഷ്ട്രീയവും സംഘടനാപരവുമായ ധാരണകൾ ശക്തിപ്പെടുത്തുന്നതിനും പാർടി വിദ്യാഭ്യാസ കാര്യത്തിൽ തുടരുന്ന ദൗർബല്യം പരിഹരിക്കുന്നതിനുമുള്ള ചവിട്ടുപടികൂടിയായി. സംസ്ഥാന, ജില്ലാ നേതൃത്വത്തിലുള്ള അധ്യാപകപരിശീലന പരിപാടിയിൽ 12 മുഖ്യ വിഷയങ്ങളിലായി 26 ക്ലാസുകൾ കൈകാര്യംചെയ്‌തു. പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ എസ്‌ രാമചന്ദ്രൻപിള്ളയും എം എ ബേബിയും പൂർണസമയവും പങ്കെടുത്തു.

പഠനക്ലാസുകളുടെ രീതിയും തീർത്തും വ്യത്യസ്‌തമായി.  രജിസ്‌റ്റർ ചെയ്‌ത എല്ലാവരും അക്കാദമിയിൽത്തന്നെയാണ്‌ താമസിച്ചത്‌. രാവിലെ ആറിന്‌ യോഗ ക്ലാസും 9  മുതൽ പഠന ക്ലാസുമായിരുന്നു. ഒരു ക്ലാസിന്റെ ദൈർഘ്യം ഒരു മണിക്കൂറായിരുന്നു. ഞായറാഴ്‌ച ക്ലാസുകൾക്ക്‌ ശേഷം പഠിതാക്കളും അധ്യാപകരും പങ്കെടുത്ത കേമ്പ്‌ ഫയർ നടന്നു. പാട്ടും ഡാൻസും കവിതാപാരായണവും മികവേകി. മാർച്ചിനകം കേരളത്തിലെ 516373 പാർടി അംഗങ്ങൾക്കും ക്ലാസുകൾ നൽകും. ക്ലാസുകളുടെ വിശദാംശങ്ങൾ പാർടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. മറ്റ്‌ സംസ്ഥാനഘടകങ്ങൾക്ക്‌ കൂടി പിന്തുടരാവുന്ന മാതൃകയാണ്‌   ക്ലാസിന്റെ സംഘാടനമെന്ന്‌ എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു.

പ്രകാശ്‌ കാരാട്ട്‌, എസ്‌ രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട്‌, എം എ ബേബി, എ വിജയരാഘവൻ, ടി എം തോമസ്‌ ഐസക്‌, എം വി ഗോവിന്ദൻ, എളമരം കരീം, കെ എൻ ബാലഗോപാൽ, പി രാജീവ്‌, സി പി നാരായണൻ, പുത്തലത്ത്‌ ദിനേശൻ, കെ എൻ ഗണേശ്‌ എന്നിവരാണ്‌ ക്ലാസുകൾ കൈകാര്യംചെയ്‌തത്‌. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്‌ഘാടനം നിർവഹിച്ചത്‌. എം വി ഗോവിന്ദനാണ്‌ പഠന സ്കൂൾ ഡയറക്ടർ.


പ്രധാന വാർത്തകൾ
 Top