13 November Wednesday

ഇന്ത്യയിൽ തീവ്രവാദം തുടങ്ങുന്നത്‌ ഗാന്ധിവധത്തോടെ: അടൂർ ഗോപാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2019


തിരുവനന്തപുരം
ഇന്ത്യയിൽ തീവ്രവാദം ആരംഭിക്കുന്നത്‌ ഗാന്ധിജിയെ വെടിവച്ചുകൊന്നതോടെയാണെന്ന്‌ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ.  ഇസ്ലാമിക്‌ പബ്ലിഷിങ്‌ ഹൗസ്‌ പ്രസിദ്ധീകരിച്ച ഇസ്ലാമിക വിജ്ഞാനകോശത്തിന്റെ 13–-ാം പതിപ്പിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മതസൗഹാർദത്തിനുവേണ്ടി എന്തുത്യാഗവും സഹിക്കാൻ തയ്യാറായ ഗാന്ധിജിയെ വെടിവച്ചുകൊന്നത്‌ ഹിന്ദു തീവ്രവാദിയാണ്. അയാളെ ദേശസ്‌നേഹിയെന്നുപറഞ്ഞ്‌ പ്രചാരണം നടത്തുകയാണ്‌ ഒരുകൂട്ടർ. ഗാന്ധിജിയുടെ ചിത്രത്തിൽ വെടിയുതിർത്ത്‌ ദൃശ്യം പ്രചരിപ്പിച്ച സ്‌ത്രീയെ അറസ്‌റ്റ്‌ ചെയ്യുമെന്നാണ്‌ നാം കരുതിയത്‌. എന്നാൽ, അവരെ ലക്ഷക്കണക്കിന്‌ വോട്ടിനു വിജയിപ്പിച്ച്‌ എംപിയാക്കി.

ഇസ്ലാമിന്റെ പേരിൽ തീവ്രവാദം നടത്തുന്നവർ ശരിക്കും ഇസ്ലാമല്ല. ഇത്തരക്കാരായ ചെറിയൊരു ശതമാനം ആളുകൾ കാരണം ബഹുഭൂരിപക്ഷം വരുന്ന ഇസ്ലാംമത വിശ്വാസികൾക്ക്‌ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡോ. പി ജെ വിൻസെന്റ് പുസ്തകം ഏറ്റുവാങ്ങി. ഐപിഎച്ച് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷനായി.  ഡോ. എ എ ഹലീം പുസ്തകം പരിചയപ്പെടുത്തി.
 


പ്രധാന വാർത്തകൾ
 Top