17 September Tuesday
ഹരിതകർമസേനയ്‌ക്ക്‌ നഷ്‌ടമാകുന്നത്‌ ലക്ഷങ്ങൾ

വാർഷിക പദ്ധതി ഡിപിസി പാസാക്കിയില്ല ; ജില്ലയില്‍ എംസിഎഫ് ഇല്ലാത്തത് കിഴക്കമ്പലം പഞ്ചായത്തില്‍മാത്രം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


കൊച്ചി
അജൈവമാലിന്യ ശേഖരണത്തിന്‌ ഇതുവരെ സംവിധാനമൊരുക്കാത്ത (എംസിഎഫ്‌) ജില്ലയിലെ ഏക തദ്ദേശസ്ഥാപനം ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത്‌. താൽക്കാലിക എംസിഎഫ്‌ സംവിധാനംപോലും ഇല്ലാത്തതിന്റെ പേരിൽ കിഴക്കമ്പലം പഞ്ചായത്തിന്റെ വാർഷിക വികസന പദ്ധതി കഴിഞ്ഞദിവസം ചേർന്ന ജില്ലാ ആസൂത്രണസമിതി (ഡിപിസി) പാസാക്കിയില്ല. പഞ്ചായത്ത്‌ ഭരണത്തിൽ വ്യാപക ക്രമക്കേട്‌ കണ്ടെത്തി സെക്രട്ടറിയെ കഴിഞ്ഞയാഴ്‌ച തദ്ദേശഭരണവകുപ്പ്‌ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. അതിനുപിന്നാലെയാണ്‌ അജൈവമാലിന്യം കൈകാര്യം ചെയ്യുന്നതിലെ വീഴ്‌ച ചൂണ്ടിക്കാട്ടി ഡിപിസിയുടെ നടപടി. കിഴക്കമ്പലം പഞ്ചായത്തിൽ 19 അംഗ ഭരണസമിതിയിൽ 18 പേരും ട്വന്റി 20യുടേതാണ്.

പഞ്ചായത്ത്‌ പ്രദേശത്തുനിന്ന്‌ ശേഖരിക്കുന്ന പ്ലാസ്റ്റിക്‌ ഉൾപ്പെടെ അജൈവമാലിന്യം ശേഖരിക്കാൻ സംസ്ഥാനത്താകെ തദ്ദേശസ്ഥാപനങ്ങൾക്കുകീഴിൽ എംസിഎഫുകൾ സ്ഥാപിച്ചിട്ടുണ്ട്‌. സ്വന്തം സ്ഥലത്തോ വാടകയ്‌ക്കെടുത്തോ എംസിഎഫ്‌ സ്ഥാപിക്കാം. എംസിഎഫ്‌ നിർമാണത്തിൽ കഴിഞ്ഞവർഷം 35 ലക്ഷം രൂപ വകയിരുത്തിയ ട്വന്റി 20 ഭരണസമിതി പക്ഷേ നിര്‍മാണം നടത്തിയില്ല. പിന്നീട് റവന്യു, മൃഗസംരക്ഷണ വകുപ്പുകളുടെ സ്ഥലം കൈയേറി എംസിഎഫ്‌ കെട്ടിടം നിർമിക്കാൻ ശ്രമിച്ചിരുന്നു. വില്ലേജ്‌ ഓഫീസിനുപിന്നിലെ 1.704 സെന്റും അതോടുചേർന്നുള്ള മൃഗസംരക്ഷണവകുപ്പിന്റെ ഏഴുസെന്റ്‌ ഭൂമിയുമാണ്‌ കൈയേറിയത്‌. കൈയേറ്റം വില്ലേജ്‌ ഓഫീസർ തടഞ്ഞു.

തുടർന്ന്‌ ഭൂമി അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ ഭരണസമിതി കലക്‌ടർക്ക്‌ അപേക്ഷ നൽകി. നായപ്പെരുപ്പം തടയാനുള്ള പ്രജനന നിയന്ത്രണകേന്ദ്രം (എബിസി) സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മൃഗസംരക്ഷണവകുപ്പിന്റെ ഭൂമി എംസിഎഫ്‌ സ്ഥാപിക്കാൻ വിട്ടുകിട്ടുമോയെന്ന്‌ അന്വേഷിക്കാനും അത്‌ ലഭിക്കുന്നമുറയ്‌ക്ക്‌ റവന്യുഭൂമി നൽകുന്ന കാര്യം പരിഗണിക്കാമെന്നും കലക്‌ടർ അറിയിച്ചു. അതോടെ എംസിഎഫ്‌ നിർമാണംതന്നെ ട്വന്റി 20 പഞ്ചായത്ത്‌ ഉപേക്ഷിച്ചു. എംസിഎഫ്‌ സ്ഥാപിക്കാനുള്ള സ്ഥലം തീരുമാനിച്ചതിന്റെ മിനിട്‌സ്‌ ഹാജരാക്കുമ്പോൾ വാർഷിക പദ്ധതി അംഗീകരിക്കാമെന്നാണ്‌ ഡിപിസി അറിയിച്ചിട്ടുള്ളത്‌. സ്വകാര്യസ്ഥാപനത്തിൽനിന്ന്‌ ക്വട്ടേഷനില്ലാതെ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ ഫർണിച്ചർ വാങ്ങിയത്‌ ഉൾപ്പെടെ ക്രമക്കേടിനാണ്‌ പഞ്ചായത്ത്‌ സെക്രട്ടറി ഷാജിമോൻ കാവുവിനെ നേരത്തേ തദ്ദേശഭരണവകുപ്പ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. അഴിമതിക്കുപുറമെ അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും ഉൾപ്പെടെ ക്രമക്കേടുകളാണ്‌ ഇദ്ദേഹം നടത്തിയതായി കണ്ടെത്തിയത്‌.

ഹരിതകർമസേനയ്‌ക്ക്‌ നഷ്‌ടമാകുന്നത്‌ ലക്ഷങ്ങൾ
ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിൽ പ്ലാസ്റ്റിക്‌മാലിന്യം ശേഖരിക്കാനുള്ള സംവിധാനങ്ങൾ (എംസിഎഫ്) ഒരുക്കാത്തതുമൂലം ഹരിതകർമസേനയ്‌ക്ക്‌ നഷ്‌ടമാകുന്നത്‌ ലക്ഷങ്ങളുടെ വരുമാനം. പ്ലാസ്റ്റിക്‌ ഉൾപ്പെടെ അജൈവമാലിന്യം തരംതിരിച്ച്‌ സംഭരിക്കാൻ സംവിധാനമില്ലാത്തതിനാൽ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേന ശേഖരിക്കുന്നത്‌ മുഴുവൻ സ്വകാര്യ ഏജൻസിക്ക്‌ സൗജന്യമായാണ്‌ നൽകുന്നത്‌. തരംതിരിച്ച്‌ നൽകുന്ന പ്ലാസ്റ്റിക്കിനുമാത്രമേ ഏജൻസി പണം നൽകൂ. പ്ലാസ്റ്റിക്‌ വിറ്റുകിട്ടുന്ന പണം ഹരിതകർമസേനയ്‌ക്ക്‌ അവകാശപ്പെട്ടതാണ്‌. ഓരോ ഹരിതകർമസേനാംഗത്തിനും പ്രതിമാസം 5000 രൂപവരെ അധികവരുമാനം ലഭിക്കാനുള്ള സാധ്യതയാണ്‌ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയിലൂടെ ഇല്ലാതായത്‌.

പഞ്ചായത്തിൽ ഹെൽത്ത്‌ ഇൻസ്‌പെക്‌ടറെയും ഇതുവരെ നിയമിച്ചിട്ടില്ല. ഇതുമൂലം മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട്‌ വ്യക്തികളും സ്ഥാപനങ്ങളും വരുത്തുന്ന വീഴ്‌ചകൾ കണ്ടെത്താനോ പിഴനടപടികൾ സ്വീകരിക്കാനോ കഴിയുന്നില്ല. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട്‌ ഏറെ പരാതികൾ ഉയർന്നിട്ടും ഹെൽത്ത്‌ ഇൻസ്‌പെക്‌ടറെ നിയമിക്കാൻ പഞ്ചായത്ത്‌ തയ്യാറായിട്ടില്ല. ഹെൽത്ത്‌ ഇൻസ്‌പെക്‌ടറെ നിയമിച്ചാൽ പഞ്ചായത്താണ്‌ ശമ്പളം കൊടുക്കേണ്ടത്‌. അതൊഴിവാക്കലാണ്‌ ലക്ഷ്യം. മുൻവർഷങ്ങളിൽ ഇത്തരം നടപടികളിലൂടെ മിച്ച ബജറ്റുള്ള പഞ്ചായത്ത്‌ എന്ന അവകാശവാദം ഉയർത്തിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top