മദ്യപിച്ച്‌ വാഹനമോടിച്ചത്‌ ലഹരിമരുന്ന് കേസാക്കി ; സുജിത്ദാസിനെതിരായ ഹർജി 25ന്‌ പരിഗണിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 12:41 AM | 0 min read


കൊച്ചി
അച്ചടക്കനടപടി നേരിടുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എസ് സുജിത് ദാസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹെെക്കോടതി 25ന് പരിഗണിക്കും. സുജിത്‌ ദാസ് എറണാകുളം  നാർക്കോട്ടിക് സെൽ എഎസ്‌പിയായിരിക്കേ, ലഹരിമരുന്നുകേസിൽ അറസ്‌റ്റിലായ സുനിൽകുമാർ എന്നയാളുടെ ഭാര്യ രേഷ്മയാണ്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌.

മദ്യപിച്ച് വാഹനമോടിച്ചതിന് 2018 ഫെബ്രുവരിയിൽ എടത്തല പൊലീസ് സുനിൽകുമാറടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. സുജിത് ദാസ്  ഇടപെട്ട് അത് ലഹരിമരുന്ന് കേസാക്കിമാറ്റിയെന്നും കസ്‌റ്റഡിയിൽ എടുത്തവരെ മർദിച്ചെന്നുമാണ്‌ ആരോപണം. കേസിൽ ഒന്നാംപ്രതിയായി ചേർത്തത്‌ സുനിൽകുമാറിനെയാണ്‌. പരാതി ഉയർന്നപ്പോൾ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ഇത്‌ കെട്ടിച്ചമച്ച കേസാണെന്ന് വ്യക്തമായി. എന്നാൽ, അന്വേഷണം കഴിഞ്ഞ് ആറുവർഷമായിട്ടും സുജിത് ദാസിനെതിരെ നടപടിയുണ്ടായില്ലെന്ന്‌ ഹർജിയിൽ പറയുന്നു.

മാധ്യമങ്ങൾ പറയുന്നതനുസരിച്ച് കോടതിക്ക് നടപടിയെടുക്കാനാകില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കെ ബാബു പറഞ്ഞു. കേസിൽ സുജിത് ദാസിനെതിരെ സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടുണ്ടെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.



deshabhimani section

Related News

0 comments
Sort by

Home