22 October Tuesday

ബിവറേജസ്‌ ലേബലിങ്‌ തൊഴിലാളികളുടെ ശമ്പള ഉത്തരവ്‌ ഉടനെന്ന്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019


കൊച്ചി
ബിവറേജസ്‌ കോർപറേഷനിലെ ലേബലിങ്‌ തൊഴിലാളികളുടെ ശമ്പള ഉത്തരവ്‌ ഉടൻ നടപ്പാക്കുമെന്ന്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ പറഞ്ഞു. ജീവനക്കാരുടെ ബോണസ്‌, എക്‌സ്‌ഗ്രേഷ്യ അലവൻസുകൾ 2017ലേതുപോലെ നൽകാനും തീരുമാനിച്ചു. വിവിധ തൊഴിലാളി സംഘടനാ നേതാക്കളുമായി മന്ത്രി നടത്തിയ ചർച്ചയിലാണ്‌ തീരുമാനം.
സർക്കാർ അംഗീകരിച്ച സ്‌റ്റാഫ്‌ പാറ്റേൺ നടപ്പാക്കുന്നതിന്‌ ബിവറേജസ്‌ കോർപറേഷന്‌ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. തൊഴിലാളികൾ കുറവുള്ള ഷോപ്പുകളിലേക്ക്‌ പൊതുമേഖലയിലെ വേതനം കുറഞ്ഞ സിക്ക്‌ യൂണിറ്റുകളിൽനിന്നുള്ള തൊഴിലാളികളെ നിയമിക്കും. പിഎസ്‌സി നിയമനം നടക്കുന്ന മുറയ്‌ക്ക്‌ ഇവരെ ഒഴിവാക്കും. ഷാപ്പുകളിൽ സാമ്പത്തികതിരിമറി നടത്തുന്ന തൊഴിലാളികൾക്കെതിരെ കേസുൾപ്പെടെയുള്ള നടപടികളെടുക്കും.

പ്രളയത്തിന്റെയും പ്രകൃതിദുരന്തത്തിന്റെയും പശ്‌ചാത്തലത്തിലാണ്‌ ബോണസും മറ്റ്‌ അലവൻസുകളും 2017ൽ നൽകിയത്‌ നിലനിർത്താൻ തീരുമാനിച്ചത്‌. നിർദേശം തൊഴിലാളി സംഘടനകൾ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഒരു ദിവസത്തെ വേതനം സംഭാവന ചെയ്യാനും തീരുമാനിച്ചു.
ബിവറേജസ്‌ കോർപറേഷൻ എംഡി സ്പർജൻ കുമാർ, മാനേജർ ഇ സഹീദ്‌, സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ, വിദേശ മദ്യവ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി സി കെ മണിശങ്കർ, ട്രഷറർ എം ജി അജയൻ, വിവിധ സംഘടനാ നേതാക്കളായ എൻ അഴകേശൻ, ടി യു രാധാകൃഷ്‌ണൻ, ആറ്റിങ്ങൽ അജിത്‌, വി ബാജി, കെ വി രാജേന്ദ്രൻ, ഇ പി റാഫേൽ, ജയകുമാർ, കുരീപ്പുഴ വിജയൻ, എ ജേക്കബ്‌, എ പി ജോൺ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ചർച്ചയെത്തുടർന്ന്‌ തൊഴിലാളി സംഘടനകൾ ആരംഭിച്ച സമരം അവസാനിപ്പിച്ചു.


പ്രധാന വാർത്തകൾ
 Top