22 October Tuesday

ജപ്തി ചെയ്ത ഭൂമി ധനകാര്യസ്ഥാപനങ്ങളുടെ കുടിശ്ശിക: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019



കൊച്ചി
ജപ്തി നേരിട്ട ഭൂമിയിൽ സർക്കാരിന്റെ നികുതികുടിശ്ശികയേക്കാൾ മുൻഗണന വായ്പ നൽകിയ ധനകാര്യസ്ഥാപനങ്ങളുടെ കുടിശ്ശിക തീർക്കുന്നതിനാണെന്ന് ഹൈക്കോടതി. കുടിശ്ശികയുമായി ബന്ധപ്പെട്ട് പ്രഥമാവകാശമുണ്ടെന്ന് വാദിക്കാമെങ്കിലും റവന്യൂ അധികൃതർക്ക് ഭൂമിക്കുമേൽ അധികാരം ഉന്നയിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ പറയുന്നു. പണയഭൂമിയിൽ സർഫാസി, കടം തിരിച്ചുപിടിക്കൽ, പാപ്പർനിയമം തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന അധികാരത്തിനും മേലെയല്ല, സംസ്ഥാന റവന്യൂ അധികൃതർ അവകാശപ്പെടുന്ന പ്രഥമാധികാരമെന്നും കോടതി വിശദീകരിച്ചു. വിവിധ നികുതി കുടിശ്ശികകൾ ഈടാക്കാനെന്ന പേരിൽ, പണയവസ്തുക്കൾ സർക്കാർ ഏറ്റെടുക്കുന്ന നടപടി ചോദ്യംചെയ്ത് ഒരുകൂട്ടം ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്.

ഭൂമി തങ്ങളുടെ പേരിലേക്ക് രജിസ്റ്റർചെയ്ത് നൽകാൻ റവന്യൂ അധികൃതർ വിസമ്മതിക്കുന്നതായി ആരോപിച്ച് ബാങ്ക് ലേലവസ്തു വാങ്ങിയവർ നൽകിയ നാല് ഹർജികളും പണയവസ്തുവിൽ സർക്കാരിനാണ് അധികാരമെന്നും ബാങ്ക് ഏറ്റെടുക്കുന്നത് തടയണമെന്നുമാവശ്യപ്പെട്ട് ഒരു കുടിശ്ശികക്കാരനും നൽകിയ ഹർജിയും കോടതിയുടെ പരിഗണനയ്‌ക്ക് എത്തി. സർഫാസി നിയമപ്രകാരം പണയഭൂമിയിലെ പ്രഥമാധികാരം തങ്ങൾക്കാണെന്നായിരുന്നു ബാങ്കുകളുടെ വാദം. പാപ്പർ നിയമപ്രകാരവും ജപ്തിക്കും വിൽപ്പനയ്‌ക്കും അധികാരമുണ്ടെന്നും ബാങ്കുകൾ വാദിച്ചു.

സർഫാസി, പാപ്പർ നിയമങ്ങൾ ബാങ്കുകൾക്ക് ഭൂമി വിൽക്കാനുള്ള അധികാരം നൽകുമ്പോൾ ഇത്തരമൊരു അധികാരം കെജിഎസ്ടി, കെ വാറ്റ് നിയമങ്ങളിലൂടെ സർക്കാരിന് ലഭ്യമാകുന്നില്ലെന്ന് കോടതി പറഞ്ഞു. അതിനാൽ, പണയവസ്തുവുമായി ബന്ധപ്പെട്ട് സർക്കാരിലേക്ക് അടയ്‌ക്കാനുള്ള സെസ്, നികുതി തുടങ്ങിയ ബാധ്യതയേക്കാളും ഈ വസ്തുവിലുള്ള മുൻഗണനാവകാശം അതിന്റെ കടബാധ്യത തീർക്കുന്നതിനാണ് ലഭിക്കുക. പണയഭൂമിയുടെ വിൽപ്പന നടത്തുന്നത് റവന്യൂ അധികൃതരായാൽപ്പോലും ധനകാര്യസ്ഥാപനത്തിന്റെ കടബാധ്യതയാണ് ആദ്യം വീട്ടേണ്ടിവരികയെന്നും കോടതി ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top