19 September Saturday

കോൺഗ്രസ് എന്നും സ്വീകരിച്ചത് മൃദുഹിന്ദുത്വം , രാഷ്ട്രം എന്ന സങ്കൽപ്പമുള്ള പാർടി പെരുമാറേണ്ടത് ഇങ്ങനെയല്ല : എം എൻ കാരശേരി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


കോഴിക്കോട്
പ്രിയങ്കയുടെ വാക്കുകളിൽ അത്ഭുതപ്പെടാനില്ല. കോൺഗ്രസിന്റെ ഈ നിലപാട് പുതിയതുമല്ല. കേരളത്തിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് എ കെ ആന്റണി. അദ്ദേഹം സംഘപരിവാറിനെതിരെ ഒരിക്കലും ഒന്നും പറയാറില്ല. 1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് തകർത്തത്. അന്ന് ആന്റണിയുടെ പ്രതികരണം ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷ വികാരം മാനിച്ച് വിധേയരായി ജീവിക്കണമെന്നായിരുന്നു. പള്ളിപൊളിച്ചത് തെറ്റാണെന്ന് ആന്റണി അന്നേരവും  പറഞ്ഞില്ല.

പള്ളി പൊളിക്കാനിടയാക്കിയത് രാജീവ് ഗാന്ധിയുടെ നിലപാടാണ്. 1986ൽ ഹിന്ദുത്വവാദികൾക്ക് വിവാദത്തിലുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തുറന്നു കൊടുത്തതിനാലാണത്. ആറുകൊല്ലം കഴിഞ്ഞ് പള്ളി പൊളിക്കുമ്പോൾ പ്രധാനമന്ത്രി വാജ്‌പേയിയോ മോഡിയോ ആയിരുന്നില്ല, പി വി നരസിംഹ റാവുവായിരുന്നു. മൃദുഹിന്ദുത്വം കോൺഗ്രസ് എന്നും സ്വീകരിച്ചുപോന്ന നയമാണ്. യുപിയിൽ ഗോവധം നിരോധിച്ചത് ബിജെപി അല്ല, കോൺഗ്രസായിരുന്നു.

കോൺഗ്രസിനങ്ങനെ അവകാശപ്പെടാൻ ഒരു മതനിരപേക്ഷ നിലപാടില്ലെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഗാന്ധിജിയും നെഹ്റുവും അബ്ദുൾ കലാം ആസാദുമാണിതിനപവാദം. അവരെ മറക്കുന്നില്ല. എന്നാൽ മറ്റുള്ള എല്ലാക്കാലത്തും മതമൗലികവാദപ്രീണനമായിരുന്നില്ലേ നയം.

രാഷ്ട്രം എന്ന സങ്കൽപ്പമുള്ള പാർടി പെരുമാറേണ്ടത് ഇങ്ങനെയല്ല. വലിയ സങ്കൽപ്പങ്ങളും വലിയ നേതാക്കളുമുള്ള പാർടിയായിരുന്നു കോൺഗ്രസ്. അതിനേറ്റവും വലിയ തെളിവാണ് 1949ൽ അയോധ്യയിൽ നെഹ്റു സ്വീകരിച്ച നിലപാട്. അന്ന് പ്രശ്നമുണ്ടാക്കിയപ്പോൾ കെട്ടിടം അടച്ചിട്ടു. അത് ചരിത്രസ്മാരകമാക്കി സംരക്ഷിക്കണം, മതത്തിന്റെ ശക്തികൾക്ക് വിട്ടുകൊടുക്കരുത് എന്നതായിരുന്നു നെഹ്‌റു സ്വീകരിച്ച സമീപനം. ഈ ചരിത്രമാണ് ഇന്നത്തെ കോൺഗ്രസുകാർ മറന്നു പോകുന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top