20 September Sunday

മലയാളത്തിളക്കം; സി എസ്‌ ജയദേവിന് അഞ്ചാംറാങ്ക് ; ആദ്യ നൂറിൽ ഇടംപിടിച്ചത്‌ എട്ട്‌‌ പേർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


ന്യൂഡൽഹി / തിരുവനന്തപുരം
സിവിൽ സർവീസ്​ പരീക്ഷയില്‍ തിളങ്ങി മലയാളികൾ. അഞ്ചാം റാങ്ക്‌ നേടിയ കോട്ടയം സ്വദേശി സി എസ്‌ ജയദേവടക്കം എട്ട്‌‌ പേരാണ്‌ ആദ്യ നൂറിൽ ഇടംപിടിച്ചത്‌.ഹരിയാന സ്വദേശി പ്രദീപ്‌ സിങ്ങിനാണ്‌‌ ഒന്നാം റാങ്ക്‌. ഡൽഹി സ്വദേശി ജതിൻ കിഷോർ, ഉത്തർപ്രദേശ്‌ സ്വദേശി പ്രതിഭ വർമ എന്നിവർ രണ്ടും മൂന്നും റാങ്ക്‌ നേടി. ഇത്തവണ 829 പേര്‍ യോഗ്യത നേടി‌.

ജനറൽവിഭാഗത്തിൽ‌ 304 പേരും സാമ്പത്തിക ദുർബല വിഭാഗത്തിൽ (ഇഡബ്ല്യൂഎസ്) 78 പേരും ഒബിസിയിൽ 251 പേരും എസ്​സിയിൽ 129 പേരും എസ്‌ടിയിൽ 67 പേരും യോഗ്യതനേടി. ആകെ  47 മലയാളികൾ റാങ്ക്‌ നേടി. 927 ഒഴിവുണ്ട്.

സെപ്‌തംബറിലാണ്‌ പരീക്ഷ നടന്നത്‌. മാർച്ചിൽ ആരംഭിച്ച അഭിമുഖം കോവിഡിനെത്തുടർന്ന്‌ ആഗസ്‌തുവരെ നീണ്ടു. ആദ്യ മൂന്ന്‌ റാങ്കുകാരും നിലവിൽ സിവിൽ സർവീസിലുള്ളവരാണ്.   2019 ബാച്ചിലെ  ഐആർഎസ്‌ ഉദ്യോഗസ്ഥാനാണ്‌ ഒന്നാം റാങ്കുകാരനായ പ്രദീപ്‌. 2018 ബാച്ച്‌ ഇന്ത്യൻ ഇക്കണോമിക്‌ സർവീസ്‌ ഉദ്യോഗസ്ഥനാണ്‌ ജതിൻ കിഷോർ. 2018ൽ 489 റാങ്ക്‌ കാരിയായിരുന്ന പ്രതിഭ വർമയും ഐആർഎസ്‌ ഉദ്യോഗസ്ഥയാണ്‌.

ആദ്യനൂറിലെ മലയാളികൾ
സി എസ്‌ ജയദേവ്‌–-5 (കോട്ടയം), ആർ ശരണ്യ–-36, അശ്വതി ശ്രീനിവാസ്‌–-40 (കൊല്ലം), സഫ്‌ന നസറുദീൻ –-45 (തിരുവനന്തപുരം), അരുൺ എസ്‌ നായർ–-55 (കൊല്ലം), നിഥിൻ കെ ബിജു–-89 (പത്തനംതിട്ട), ദേവി നന്ദന എ വി–-92 (തിരുവനന്തപുരം),  പി പി അർച്ചന –-99 (കണ്ണൂർ).  ഇവരെ കൂടാതെ 39 മലയാളികളും വിവിധ റാങ്കിലുണ്ട്‌.  ഇതിൽ 12 പേരും മലയാളം ഐച്ഛികമായി പഠിച്ചവരാണ്‌. വിജയികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top