20 September Sunday
നയതന്ത്ര ബാഗേജിൽ കള്ളക്കടത്ത്‌ ആദ്യം

8 മാസത്തിനിടെ കടത്തിയത്‌ 200 കിലോ സ്വർണം ; റമീസിന്റെ 2‌ കൂട്ടാളികൾ കൂടി പിടിയിൽ

സ്വന്തം ലേഖകൻUpdated: Wednesday Aug 5, 2020


തിരുവനന്തപുരം സ്വർണക്കടത്ത്‌ കേസിലെ പ്രതികൾ നയതന്ത്ര ബാഗേജിലൂടെ കഴിഞ്ഞ എട്ടുമാസത്തിനിടെ 100 കോടി രൂപ വിലമതിക്കുന്ന 200 കിലോ സ്വർണം കടത്തിയതായി എൻഐഎ. കഴിഞ്ഞ ജനുവരി വരെയുള്ള എട്ടുമാസത്തിനിടെ 20 തവണ പ്രതികൾ സ്വർണം കടത്തിയിട്ടുണ്ടെന്നും 2019 ജൂണിലാണ്‌ യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജ്‌ മറയാക്കിയുള്ള സ്വർണക്കടത്ത്‌ ആരംഭിച്ചതെന്നും എൻഐഎ സമർപ്പിച്ച എതിർ സത്യവാങ്‌മൂലത്തിൽ പറയുന്നു. നയതന്ത്ര ബാഗേജിലൂടെയല്ല സ്വർണം കടത്തിയതെന്ന്‌ കേന്ദ്രസഹമന്ത്രി വി മുരളീധരൻ ആവർത്തിക്കുമ്പോഴാണിത്‌. പി എസ്‌ സരിത്‌, സ്വപ്‌ന സുരേഷ്‌, സന്ദീപ്‌ നായർ തുടങ്ങിയവരുടെ ജാമ്യാപേക്ഷയെ എതിർത്താണ്‌ എൻഐഎ കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിച്ചത്‌.

നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്താനുള്ള സാധ്യത കണ്ടെത്തിയത്‌ യുഎഇ കോൺസുലേറ്റിലെ ജീവനക്കാരായിരുന്ന സരിത്തും സ്വപ്‌നയുമാണ്‌. കോൺസുലേറ്റിലേക്ക്‌ വരുന്ന ബാഗേജിൽ സ്വർണംകൂടി കടത്താൻ മറ്റു പ്രതികളുമായി ഇവർ കൂടിയാലോചിച്ചു. യുഎഇയിലുള്ള മൂന്നാംപ്രതി ഫൈസൽ ഫരീദ്‌ അക്കാര്യങ്ങൾ നിർവഹിച്ചു. ബാഗേജ്‌ തിരുവനന്തപുരത്തെത്തുമ്പോൾ സരിത്‌ പോയി ഏറ്റെടുത്ത്‌ നാലാംപ്രതി സന്ദീപിന്റെ വീട്ടിലെത്തിക്കുകയായിരുന്നു പതിവ്‌. അഞ്ചാംപ്രതി കെ ടി റമീസും മറ്റുള്ളവരും ചേർന്ന്‌ ബാഗേജിൽനിന്ന്‌ സ്വർണമെടുക്കും. റമീസ്‌ പറയുന്നവർക്ക്‌  സ്വർണം കൈമാറും. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ ഏർപ്പെട്ടിരുന്നവരിൽനിന്നാണ്‌ സംഘം സ്വർണം വാങ്ങാനുള്ള പണം സ്വരൂപിച്ചിരുന്നത്‌. ഇത്‌ ഹവാല ചാനലിലൂടെയാണ്‌ യുഎഇയിലെ ഫൈസൽ ഫരീദിനും കൂട്ടർക്കും കൈമാറിയിരുന്നത്‌.

ഫൈസലാണ്‌ നയതന്ത്ര ബാഗേജിൽ സ്വർണം ഒളിപ്പിക്കുന്നത്‌. ബാഗേജ്‌ അയക്കുമ്പോൾ യുഎഇ എയർ കാർഗോ അതോറിറ്റിയിൽ സമർപ്പിക്കേണ്ട രേഖകൾ സരിത്തും സ്വപ്‌നയും ചേർന്നാണ്‌ തയ്യാറാക്കിയിരുന്നത്‌. അറ്റാഷെയുടെ പാസ്‌പോർട്ടിന്റെ പകർപ്പ്‌, എയർവേ ബിൽ, കോൺസുലേറ്റിൽനിന്നുള്ള കത്ത്‌ എന്നിവയാണ്‌ ഇവർ ഫൈസൽ ഫരീദിന്‌ എത്തിച്ചുകൊടുത്തിരുന്നത്‌. സ്വപ്‌നയും സരിത്തും ഉൾപ്പെട്ടതുകൊണ്ടുമാത്രമാണ്‌ നയതന്ത്ര ചാനൽ കള്ളക്കടത്തിന്‌ ഉപയോഗിക്കാൻ സംഘത്തിനായത്‌.


റമീസിന്റെ 2‌ കൂട്ടാളികൾ കൂടി പിടിയിൽ
നയതന്ത്ര ബാഗേജ്‌ വഴി സ്വർണം കടത്തിയ കേസിൽ രണ്ടു‌പേരെക്കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ്‌ ചെയ്‌തു. പെരിന്തൽമണ്ണ സ്വദേശി കെ ടി ഷറഫുദീൻ (38), മണ്ണാർക്കാട്‌ സ്വദേശി ഷെഫീഖ്‌ (31) എന്നിവരെയാണ്‌ പിടികൂടിയത്‌. ഇരുവരെയും കോടതി നാല്‌ ദിവസത്തേക്ക്‌ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു. ഇതോടെ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലെ 14 പ്രതികളിൽ 12 പേരും പിടിയിലായി. പിടിയിലാകാനുള്ള ഫൈസൽ ഫരീദും റബിൻസും യുഎഇയിലാണ്‌.

സ്വർണക്കടത്തിലെ മുഖ്യകണ്ണിയായ കെ ടി റമീസ് കേരളത്തിലില്ലാത്ത ദിവസങ്ങളിൽ സന്ദീപ്‌ നായരിൽനിന്ന്‌ കടത്തുസ്വർണം കൈപ്പറ്റിയിരുന്നത്‌ ഷറഫുദീനും ഷെഫീഖുമായിരുന്നു. സന്ദീപിൽനിന്ന്‌ അഞ്ചുപ്രാവശ്യം ഇവർ സ്വർണം കൈപ്പറ്റി. ഈ സ്വർണം റമീസ്‌ നിർദേശിക്കുന്ന ആളുകളിലെത്തിക്കുന്നതും ഇരുവരുമായിരുന്നു. കെ ടി റമീസ്‌, എ എം ജലാൽ, പി ടി അബ്ദു, മുഹമ്മദ് ഷാഫി എന്നിവരെയും മൂന്ന്‌ ദിവസത്തേക്ക്‌ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞദിവസം അറസ്റ്റിലായ മുഹമ്മദലി, മുഹമ്മദലി ഇബ്രാഹിം എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ നൽകിയ അപേക്ഷ അടുത്തദിവസം പരിഗണിക്കും.ഞക്യാൻസർ ബാധിതനായ സെയ്‌ത്‌ അലവിയെ കസ്‌റ്റഡിയിൽ വാങ്ങില്ല. പണമിറക്കിയ ഇയാളിൽനിന്ന്‌ ആവശ്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എൻഐഎ അധികൃതർ പറഞ്ഞു. യുഎഇയിൽ സ്വർണം വാങ്ങാൻ ഹവാല പണം കൈപ്പറ്റിയിരുന്നത്‌ മൂവാറ്റുപുഴ സ്വദേശി റബിൻസ്‌ ഹമീദാണ്.

കസ്‌റ്റഡി നീട്ടാൻ അപേക്ഷ നൽകി
സ്വർണക്കടത്ത്‌ കേസിലെ പ്രതികളായ കെ ടി റമീസ്‌, മുഹമ്മദ്‌ ഷാഫി എന്നിവരുടെ കസ്‌റ്റഡി കാലാവധി നീട്ടണമെന്ന്‌ കസ്‌റ്റംസ്‌. പ്രതികളെ ഏഴുദിവസം കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ ബുധനാഴ്‌ച പരിഗണിക്കും.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top