20 September Sunday

സ്വർണക്കടത്ത്‌ : ലീഗ്‌ നേതാവിനെ പ്രതിക്കൂട്ടിലാക്കി തടവിൽ കഴിയുന്നവരുടെ കത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


സ്വന്തം ലേഖകൻ
സ്വർണക്കടത്ത് കേസിൽ പ്രാദേശിക മുസ്ലിംലീഗ് നേതാവിനെ പ്രതിക്കൂട്ടിലാക്കി നേപ്പാളിലെ കാഠ്‌മണ്‌ഠു ജയിലിൽ കഴിയുന്നവരുടെ കത്ത്. തിരൂരങ്ങാടി പഞ്ചായത്ത് മുൻ അംഗവും ലീഗ് പ്രാദേശിക നേതാവുമായ അബ്‌ദുൾ റസാഖ് ഹാജിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ്‌‌‌  ജയിലിൽ കഴിയുന്ന വൈപ്പിൻപാടത്ത്‌ ജലാലുദ്ദീൻ, മലപ്പുറം എടവണ്ണ ചോലയിൽ അർഷാദ് എന്നിവർ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

അർഷാദിനെ ജയിലിൽനിന്ന്‌ ഇറക്കാമെന്ന്‌ പൊലീസ്‌ സാന്നിധ്യത്തിലുണ്ടാക്കിയ ഒത്തുതീർപ്പ്‌ കരാർ റസാഖ്‌ ഹാജി പാലിക്കുന്നില്ലെന്ന്‌ ഭാര്യ റയ്‌ഹാനത്ത്‌ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിറകെയാണ്‌ മുഖ്യമന്ത്രിക്കയച്ച കത്തും പുറത്തുവന്നത്‌.


 

റസാഖ് ഹാജിക്കുവേണ്ടിയാണ്‌ സ്വർണം കടത്തിയതെന്ന്‌ കത്തിൽ പറയുന്നു. നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ട്‌. ഹാജിയുടെ മകന്റെ പേരിൽ ഗൾഫിലുള്ള ഫ്ലാറ്റിൽനിന്നാണ് സ്വർണം ലഭിച്ചത്‌. ആദ്യതവണ ഹാജിയുടെ വീട്ടിലാണ്‌ സ്വർണമെത്തിച്ചത്‌. പിന്നീട്‌  ഇയാളുടെ ഹോട്ടലിലുമെത്തിച്ചു. കാഠ്‌മണ്‌ഠുവിൽ പിടിക്കപ്പെട്ടപ്പോൾ രക്ഷിക്കാമെന്ന് ഹാജി ഉറപ്പുനൽകി. വീട്ടുകാരെയും ഇക്കാര്യം അറിയിച്ചു. ജയിലിൽനിന്ന്‌ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, പിന്നീട് തിരിഞ്ഞുനോക്കിയില്ല.

അബ്‌ദുൾ റസാഖ് ഹാജിയുടെ സിം കാർഡ് വിവരങ്ങളടക്കം തങ്ങളുടെ കൈവശമുണ്ടെന്നും കത്തിലുണ്ട്‌. സ്വർണം കടത്തിയവരുടെ പേരുവിവരങ്ങളും കത്തിലുണ്ട്‌. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിരവധി തവണ ഇതിൽ പലരും പിടിക്കപ്പെട്ടെങ്കിലും രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ കേസ്‌ ഒതുക്കുകയായിരുന്നു. 

നേപ്പാൾ ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മുഖേനയാണ് മുഖ്യമന്ത്രിക്കുള്ള കത്ത് പ്രതികൾ വീട്ടിലേക്കെത്തിച്ചത്. എന്നാൽ സമ്മർദത്തിനു വഴങ്ങി പ്രതികളുടെ വീട്ടുകാർ കത്ത് മുഖ്യമന്ത്രിക്ക് നൽകിയിരുന്നില്ല. ഈ കത്താണ്‌ ഇപ്പോൾ പുറത്തായത്‌.

സ്വർണക്കടത്തിൽ തനിക്ക്‌ ബന്ധമില്ലെന്നും ജോലിക്കുവേണ്ടിയാണ്‌ ഇവരെ കൊണ്ടുപോയതെന്നും അബ്ദുൾ റസാഖ്‌ ഹാജി ദേശാഭിമാനിയോട്‌ പറഞ്ഞു. മാനുഷിക പരിഗണനയിലാണ്‌ ഒത്തുതീർപ്പ്‌ ചർച്ചയ്‌ക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top