23 September Wednesday

അതിഥിത്തൊഴിലാളികൾ മരിച്ചത് ട്രെയിനിടിച്ച്: 13 മണിക്കൂര്‍ മൃതദേഹവുമായി പ്രതിഷേധം ; 50 പേർക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


കഞ്ചിക്കോട്
ഐഐടി ക്യാമ്പസിന് സമീപം മൂന്ന്‌ അതിഥിത്തൊഴിലാളികൾ മരിച്ചത് ട്രെയിൻ തട്ടിയെന്ന് പൊലീസ് നി​ഗമനം. 13 മണിക്കൂർ മൃതദേഹം തടഞ്ഞുവച്ച്‌ പ്രതിഷേധിച്ച 50 തൊഴിലാളികൾക്കെതിരെ കസബ പൊലീസ് കേസെടുത്തു.  റെയിൽവേ ട്രാക്കിലിരിക്കുകയായിരുന്ന തൊഴിലാളികൾ കനത്ത മഴയിൽ ട്രെയിൻ കാണാതിരുന്നതാകാം അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്‍ച രാത്രി 10.30നാണ് തൊഴിലാളികളുടെ മൃത​ദേഹം ഐഐടിക്ക് സമീപത്തെ റെയിൽവേ ട്രാക്കിനരികിൽനിന്ന് കണ്ടെത്തിയത്.

ഐഐടി ക്യാമ്പസ്  നിർമാണത്തിന് എത്തിയ ജാർഖണ്ഡ് സ്വ​ദേശികളായ കൽഹായി (22), അർവീൻ കുമാർ (20), ഹരി ഓം കുമാർ (26) എന്നിവരാണ് മരിച്ചത്. കൽഹായി, അർവീൻ കുമാർ എന്നിവരുടെ മൃതദേഹം തൊഴിലാളികൾ തിങ്കളാഴ്ച രാത്രി തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.  എന്നാല്‍ ഹരി ഓമിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച്  സ്ഥലത്ത്  എത്തിയ കസബ പൊലീസിനെ തൊഴിലാളികൾ തടഞ്ഞു.  ഹരി ഓമിന്റെ ശരീരത്തിലെ വസ്‍ത്രങ്ങൾ നഷ്‍ടപ്പെട്ടിരുന്നു. ഇതാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് തൊഴിലാളികൾ ആരോപിക്കാൻ കാരണം. എന്നാൽ വസ്‍ത്രങ്ങൾ ട്രാക്കിൽ തന്നെയുണ്ടായിരുന്നു.

ഹരി ഓം കുമാറിന്റെ മൃതദേഹം ഐഐടി ക്യാമ്പസിന് അകത്ത് എത്തിച്ച തൊഴിലാളികൾ  അ​ഗ്നിരക്ഷാ സേനയെയും ആക്രമിച്ചു.  മൃത​ദേഹമെടുക്കാൻ ക്യാമ്പസില്‍  കയറിയ അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾക്കുനേരെ കല്ലേറുണ്ടായി. പൊലീസ്‌ വാ​ഹനം തകർത്തു.

പാലക്കാട് ഡിവൈഎസ്‍പി ആർ മനോജ്കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു. ആക്രമണത്തിന് നേതൃത്വം നൽകിയ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ 150ഓളം തൊഴിലാളികൾ സംഘടിച്ചു. ഇവരെ വിട്ടുകിട്ടണമെന്നും മരിച്ച തൊഴിലാളികൾക്ക് കരാറുകാരൻ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്‍ച പകൽ 11.30 വരെ ഹരി ഓം കുമാറിന്റെ മൃതദേഹം തൊഴിലാളികൾ  തടഞ്ഞുവച്ചു.

പിന്നീട്‌ ചർച്ചയെ തുടർന്ന് മൃതദേഹം  വിട്ടുനൽകാൻ തീരുമാനിച്ചു. കസ്‍റ്റഡിയിലെടുത്ത തൊഴിലാളികളെ  വിട്ടയച്ചു. കോവിഡ് പരിശോധനയ്‌ക്കും പോസ്റ്റ്മാർട്ടത്തിനും ശേഷം മൃതദേഹം വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top