22 October Tuesday

മെട്രോ റെയിലിനു പിന്നാലെ കൊച്ചിയിൽ പുതുതലമുറ ട്രാമും; സാധ്യതാപഠനം പൂർത്തിയായി

സി എൻ റെജിUpdated: Monday Aug 5, 2019

കൊച്ചി> പൊതുഗതാഗതത്തിന്‌ ഗതിവേഗം കൂട്ടിയ മെട്രോ റെയിലിനു പിന്നാലെ കൊച്ചിയിൽ പുതുതലമുറ ട്രാമും. റോഡിന്‌ സമാന്തരമായി സ്ഥാപിക്കുന്ന റെയിലിലൂടെ ഗോശ്രീ പാലംമുതൽ തോപ്പുംപടിവഴി ഫോർട്ട്‌ കൊച്ചിയിലെത്തുന്ന ലഘു മെട്രോ പദ്ധതിയായ ട്രാമിന്റെ സാധ്യതാപഠനം പൂർത്തിയാക്കി റിപ്പോർട്ട്‌ സംസ്ഥാന സർക്കാരിന്‌ കൈമാറി. ഗതാഗതവകുപ്പ്‌ തയ്യാറാക്കിയ 1000 കോടി ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതി രണ്ടു ഘട്ടങ്ങളായാണ്‌ വിഭാവനം ചെയ്യുന്നത്‌. ചെലവും അന്തരീക്ഷമലിനീകരണവും കുറയ്‌ക്കുന്ന പ്രകൃതിസൗഹൃദ ട്രാം കൂടി കൊച്ചിയിലെത്തുന്നതോടെ നഗരഗതാഗതം പുതിയ വഴിത്തിരിവിലാകും.

കൊച്ചി മെട്രോ റെയിൽ കടന്നുപോകാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ചാകും ട്രാം പാത. ഗോശ്രീ പാലത്തിനു സമീപത്തുനിന്നു തുടങ്ങി ഹൈക്കോടതി, മറൈൻഡ്രൈവ്‌, പാർക്ക്‌ അവന്യൂ, മഹാരാജാസ്‌ കോളേജ്‌, രവിപുരം, ഷിപ്‌യാർഡ്‌, പെരുമാനൂർ, നേവൽ ബേസ്‌, വില്ലിങ്‌ടൺ, തോപ്പുംപടി, ചുള്ളിക്കൽ, മട്ടാഞ്ചേരി വഴി ഫോർട്ട്‌ കൊച്ചിയിലെത്തുന്നതാണ്‌ ഒന്നാം ഘട്ടത്തിലെ പത്ത്‌ കിലോമീറ്റർ. തോപ്പുംപടിയിൽനിന്ന്‌ ഇടക്കൊച്ചിയിലേക്കാണ്‌ രണ്ടാം ഘട്ടം. ആകെ 20 കിലോമീറ്റർ. ഗോശ്രീ, തോപ്പുംപടി, ഇടക്കൊച്ചി എന്നിവിടങ്ങളിൽ ഇന്റർ ചേഞ്ച്‌ ബസ്‌ ടെർമിനലുകളും സ്ഥാപിക്കും. കൊച്ചി മെട്രോ റെയിലുമായി ബന്ധിപ്പിച്ച്‌ എംജി റോഡിലും ടെർമിനൽ ഒരുക്കും.
വൈദ്യുതി ഉപയോഗിച്ച്‌ ഓടുന്ന ട്രാമിൽ 200 പേർക്ക്‌ യാത്ര ചെയ്യാം.

റീബിൽഡ്‌ കേരള പദ്ധതിയിലുൾപ്പെടുത്തിയാണ്‌  പദ്ധതിയൊരുങ്ങുന്നത്‌. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ തുടർ നടപടികൾ ആരംഭിക്കാനാണ്‌  വകുപ്പിന്റെ ശ്രമം. രാജ്യത്ത്‌ ഇപ്പോൾ കൊൽക്കത്തയിൽ മാത്രമാണ്‌ ട്രാം സർവീസുള്ളത്‌. കൊച്ചിയിൽ രാജഭരണകാലത്ത്‌ ചാലക്കുടിയെയും പറമ്പിക്കുളം വന്യജീവി സങ്കേതത്തെയും ബന്ധിപ്പിച്ച്‌ ചരക്കുനീക്കത്തിന്‌ 1907ൽ ട്രാം സർവീസ്‌ നടത്തിയിരുന്നു. 56 വർഷത്തിനുശേഷം കൊച്ചിൻ സ്‌റ്റേറ്റ്‌ ഫോറസ്‌റ്റ്‌ സർവീസ്‌ അവസാനിപ്പിച്ചു. കൊച്ചി തുറമുഖം പ്രവർത്തനമാരംഭിച്ചതോടെ കയറ്റുമതി ഈ വഴിക്കായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top