16 November Saturday

പെൺകരുത്തുമായി ഇവർ ഇനി പൊലീസ്‌ സേനയുടെ ഭാഗം: പരിശീലനം പൂർത്തിയാക്കി 146 യുവതികൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

തൃശൂർ> നാടിന്റെ സുരക്ഷയ്ക്ക് പെൺകരുത്തുമായി  ഇനിയവരുണ്ടാകും. സംസ്ഥാന വനിതാ പൊലീസ് ബറ്റാലിയൻ രണ്ടാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് പൂർത്തിയാക്കി 146 യുവതികൾ സേനയുടെ ഭാഗമായി.  തൃശൂർ രാമവർമപുരം കേരള പൊലീസ് അക്കാദമി മൈതാനത്ത് നടന്ന പാസിങ് ഔട്ട് പരേഡിൽ  മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, എഡിജിപി ടോമിൻ ജെ തച്ചങ്കരി, ഡിഐജി ട്രെയിനിങ് അനൂപ് കുരുവിള ജോൺ എന്നിവർ സംബന്ധിച്ചു.

സേനയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ ജില്ലകളിൽനിന്നുള്ള പ്രതിനിധികളെയും ഉൾപ്പെടുത്തി ഒമ്പതുമാസത്തെ തീവ്ര പരിശീലനം നൽകി വനിതാ പൊലീസ് ബറ്റാലിയൻ രണ്ടാം ബാച്ച് പുറത്തിറക്കിയത്. ഇവരിൽ 16 പേർ സ്പെഷ്യൽ കമാൻഡോകളാണ്. 29 പേർ ബിരുദാനന്തര ബിരുദവും അഞ്ചുപേർ എൻജിനിയറിങ്‌ ബിരുദവും ഒരാൾ നിയമ ബിരുദവും മൂന്നുപേർ കംപ്യൂട്ടർ ബിരുദാനന്തര ബിരുദവും 25 പേർ അധ്യാപന ബിരുദവും മൂന്നുപേർ എംബിഎയും 55 പേർ ബിരുദവും നേടിയവരാണ്.

അടിസ്ഥാന പരിശീലനം കൂടാതെ, കുട്ടിക്കാനം അഞ്ചാം ബറ്റാലിയനിൽ ഹൈ ആൾറ്റിറ്റ്യൂഡ് ട്രെയിനിങ്, കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ്  കമാൻഡോ പരിശീലനവും തീരദേശ പരിപാലനത്തിന് പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. കംപ്യൂട്ടർ, നീന്തൽ,  യോഗ, കളരി, കരാത്തെ, ഡ്രൈവിങ് എന്നിവയിൽ പരിശീലനവും ലഭിച്ചു. സാമൂഹ്യനീതി സ്ഥാപനങ്ങൾ, കറക്ഷണൽ ഹോംസ്, ഫോറൻസിക് ലാബ് എന്നിവിടങ്ങൾ സന്ദർശിച്ച് പരിശീലനം പൂർത്തീകരിച്ചു. 

മികച്ച ഓൾറൗണ്ടറായ കെ നിത്യ, ബസ്റ്റ് ഔട്ട്ഡോർ വി കൃഷ്ണപ്രിയ, ബസ്റ്റ് ഇൻഡോർ എൻ എസ് നജില, സിൻസിയറിറ്റി ആൻഡ് ഡെഡിക്കേഷൻ വിഭാഗത്തിൽ എം നിവ്യ, ബസ്റ്റ് ഷൂട്ടർ ആശ കെ സെബാസ്റ്റ്യൻ എന്നിവർക്ക് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിച്ചു.


പ്രധാന വാർത്തകൾ
 Top