22 September Sunday

യുഎപിഎ ഭേദഗതി ഗൂഢലക്ഷ്യമിട്ട്‌: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019


കൽപ്പറ്റ
യുഎപിഎ നിയമ ഭേദഗതിയിലുടെ ഏതൊരു പൗരനെയും ഭീകരവാദിയായി പ്രഖ്യാപിക്കാനാണ്‌ മോഡി സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. കേരള കോ–--ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന  ക്യാമ്പിൽ "ട്രേഡ്‌ യൂണിയനുകളുടെ സമകാലീന ഉത്തരവാദിത്തങ്ങൾ ' എന്ന വിഷയത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎപിഎ നിയമം ശക്തിപ്പെടുത്താനെന്ന പേരിലാണ്‌ ഭേദഗതി കൊണ്ടുവരുന്നത്‌. എന്നാൽ സർക്കാരിനെ വിഷമിപ്പിക്കുന്ന ഏതൊരാളെയും ഭീകരവാദിയാക്കാനും തീവ്രവാദിയാക്കാനും മാവോയിസ്‌റ്റാക്കാനും നിയമം അവസരം ഒരുക്കും. പൗരാവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ്‌ നടക്കുക. മുത്തലാഖ്‌ ബില്ലും സദുദ്ദേശ്യത്തോടെയല്ല  പാസാക്കിയത്‌. 

ഇത്തരം നിയമങ്ങളിലെല്ലാം അവസരവാദനിലപാടാണ്‌ കോൺഗ്രസ്‌ സ്വീകരിച്ചത്‌. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കേരളത്തിൽ ഉയരുന്ന ഇടതുപക്ഷ ബദലിനെ ഇല്ലാതാക്കാനാണ്‌ ശ്രമം. നിസ്സാര സംഭവങ്ങളിൽ പോലും അപവാദപ്രചാരണം നടത്തി സർക്കാരിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്തുകയാണ്‌. ബൂർഷ്വാമാധ്യമങ്ങളും ഇതിൽ പങ്ക്‌ വഹിക്കുന്നു. തൊഴിലാളി പ്രസ്ഥാനത്തെ സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയാക്കാൻ  തൊഴിലാളികൾക്ക്‌ കഴിയണമെന്നും  കരീം പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top