20 November Wednesday

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ക്യാൻസർ നിർണയിക്കാനാകണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019


കൊച്ചി
ക്യാൻസർ നേരത്തെ കണ്ടെത്താനുള്ള സംവിധാനങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ  ഒരുക്കണമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നിപാ പ്രതിരോധാനുഭവങ്ങൾ പങ്കുവയ്ക്കലിനൊപ്പം, എറണാകുളം ​ഗവ. മെഡിക്കൽകോളേജിലെ  ആധുനിക ഡിജിറ്റൽ ഇമേജിങ് സെന്ററിന്റെയും വിപുലീകരിച്ച ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ശ്വാസ്, ആശ്വാസ് തുടങ്ങിയ പദ്ധതികൾപോലെ ക്യാൻസർ നേരത്തെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും വിജയകരമായി  നടപ്പാക്കാൻ കുടുംബാരോഗ്യകേന്ദ്രങ്ങൾക്കാകും. ഭൂരിഭാഗംപേരും ചെറിയ ചികിത്സയ്‌ക്കുപോലും സെപ്ഷ്യലിസ്റ്റുകൾക്ക് മുന്നിലാണെത്തുന്നത്. ഇത് അർഹരായ രോഗികളുടെ അവസരം ഇല്ലാതാക്കും. അനാവശ്യ പണച്ചെലവുമുണ്ടാകും.  67 ശതമാനം രോഗികളും  സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ചികിത്സയ്ക്ക് പണംമുടക്കുമ്പോൾ ഇടത്തരക്കാരൻ ദരിദ്രനാകുന്നു.  കുടുംബാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിച്ചാൽ ഇതൊഴിവാക്കാം. അതിനാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്.

ആദ്യഘട്ടത്തിൽ 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയായിരുന്നു ലക്ഷ്യം. ഇതിൽ 169 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിച്ചുതുടങ്ങി.

  സന്നദ്ധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വ്യക്തികളുടെയും സഹായം  എത്തിയതോടെ അത്‌ 230 കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ഡോക്ടർമാർ, സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യൻ വിഭാ​ഗങ്ങളിലായി 5200 പുതിയ തസ്തികകൾ സൃഷ്ടിച്ചു.രണ്ടാംഘട്ടത്തിൽ 540 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും.  ഇതിലേക്കായി  1000 തസ്തികകൾ പുതുതായി സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top