03 August Monday

അതിര്‍ത്തിയില്‍ കരുതൽ അകലം; സേനാപിന്മാറ്റം തുടങ്ങി; ചൈന താൽക്കാലിക താവളങ്ങൾ പൊളിച്ചു

സാജൻ എവുജിൻUpdated: Tuesday Jul 7, 2020


ന്യൂഡൽഹി
സമാധന ചർച്ചകൾ തുടരുന്നതിനിടെ കിഴക്കൻ ലഡാക്കിൽ സംഘർഷഭരിതമായ ഗൽവാൻ താഴ്‌വരയിൽ നിന്നും  ചൈനീസ്‌സേന ഒരു കിലോമീറ്റർ പിന്മാറി. ജൂൺ 15ന്‌ രാത്രി ഏറ്റുമുട്ടലുണ്ടായ സ്ഥലത്തെ‌ ചൈനയുടെ താൽക്കാലിക നിർമിതികള്‍ പൊളിച്ചു. ഇന്ത്യൻസേനയും ഇവിടെനിന്ന്‌ പിൻവാങ്ങിയതായും ഇരുസേനകൾക്കും ഇടയിൽ കരുതൽ അകലം രൂപംകൊണ്ടുവെന്നും  സേനാകേന്ദ്രങ്ങൾ പറഞ്ഞു. അതിർത്തിതർക്കം നിലനിൽക്കുന്ന ഹോട്ട്‌ സ്‌പ്രിങ്‌സ്‌, ഗോഗ്ര ഭാഗങ്ങളിലും ചൈനീസ്‌ സേനാപിന്മാറ്റം തുടങ്ങി.

ദേശീയസുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലും ചൈനീസ്‌ വിദേശമന്ത്രി വാങ്‌യീയും രണ്ട്‌ മണിക്കൂർ  ടെലിഫോൺ  സംഭാഷണം നടത്തിയതിനു പിന്നാലെയാണ്‌ പിന്മാറ്റം‌. അതിർത്തിയിൽ അടുത്തിടെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച്‌ സമഗ്രവിലയിരുത്തൽ ഉണ്ടായെന്ന്‌ വിദേശമന്ത്രാലയം അറിയിച്ചു. അതിർത്തിയിൽ സുസ്ഥിര സമാധാനവും സ്വസ്ഥതയും ഉറപ്പാക്കുന്നതുവരെ പ്രത്യേക പ്രതിനിധികൾ എന്ന നിലയിൽ ഡോവലും വാങ്‌യീയും സംഭാഷണം തുടരും.
സേനാപിന്മാറ്റം വേഗത്തിൽ പൂർത്തിയാക്കും

യഥാർഥ നിയന്ത്രണരേഖയിൽ(എൽഎസി)നിന്ന്‌  സേനാപിന്മാറ്റം വേഗത്തിൽ പൂർത്തിയാക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു. അതിർത്തിയിൽ സംഘർഷം പടിപടിയായി കുറച്ചുകൊണ്ടുവരണം. എൽഎസിയെ ഇരുപക്ഷവും അംഗീകരിക്കുകയും അത്‌  പാലിക്കുകയും ചെയ്യണം. തൽസ്ഥിതിയിൽ മാറ്റംവരുത്താൻ ഏകപക്ഷീയമായ ശ്രമം നടത്തരുത്‌.


 

ഇന്ത്യ–-ചൈന അതിർത്തികാര്യ കൂടിയാലോചനയ്‌ക്കും ഏകോപനത്തിനുമുള്ള പ്രവർത്തന സംവിധാന(ഡബ്ല്യുഎംസിസി) ചട്ടക്കൂട്‌ പ്രകാരം നയതന്ത്ര, സൈനിക തലങ്ങളിൽ ഉഭയകക്ഷിചർച്ച തുടരണം.  ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങും  എത്തിച്ചേർന്ന അഭിപ്രായസമന്വയത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രത്യേക പ്രതിനിധികൾ  സംസാരിച്ചത്‌. അഭിപ്രായഭിന്നത തർക്കങ്ങളായി മാറരുത്‌. എൽഎസിയിൽ സേനാപിന്മാറ്റം എത്രയുംവേഗം നടപ്പാക്കേണ്ടത്‌ അത്യാവശ്യമാണെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി.

സംഘർഷം ലഘൂകരിക്കാനായെന്ന്‌ ചൈന
അതിർത്തിയിൽ സംഘർഷം ലഘൂകരിക്കുന്നതിലും സേനാപിന്മാറ്റത്തിലും  പുരോഗതി ഉണ്ടായെന്ന്‌ ചൈനീസ്‌ വിദേശമന്ത്രാലയം വ്യക്തമാക്കി. അതിർത്തിതർക്കത്തിൽ ക്രിയാത്മക സമവായം ഉണ്ടായെന്ന്‌ വിദേശമന്ത്രാലയത്തെ ഉദ്ധരിച്ച്‌  ചൈനീസ്‌ പത്രം ഗ്ലോബൽ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്‌തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top