09 August Sunday

തിരുവനന്തപുരത്ത് ഒരാഴ്‌ച്ച ട്രിപ്പിൾ ലോക്ക്ഡൗൺ; തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

തിരുവനന്തപുരം
കോവിഡ്‌ സമൂഹവ്യാപനത്തിന്റെ മുനമ്പിലെത്തിയ തിരുവനന്തപുരം നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക്‌ഡൗൺ. തിങ്കളാഴ്‌ച രാവിലെ ആറുമുതൽ ഏഴുദിവസത്തേക്കാണ്‌ ഇത്‌. 

നഗരം പൂർണമായും അടച്ചിടും. അവശ്യസേവനം, ചരക്കുനീക്കം ഒഴികെയുള്ളവ അനുവദിക്കില്ല. മെഡിക്കൽ ഷോപ്പുകൾ  തുറക്കും. സെക്രട്ടറിയറ്റ്‌ അടക്കമുള്ള സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. -മുഖ്യമന്ത്രിയുടെ ഓഫീസ്‌ ക്ലിഫ്‌ ഹൗസിൽ പ്രവർത്തിക്കും. കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കുക.  മെഡിക്കൽ സ്‌റ്റോറിൽ പോകണമെങ്കിൽ സത്യവാങ് മൂലം വേണം. പൊലീസ് ആസ്ഥാനം പ്രവർത്തിക്കും.പ്രധാന റോഡുകൾ അടയ്‌ക്കും. നഗരത്തിന്‌‌ അകത്തേക്കോ പുറത്തേക്കോ ഉള്ളിലോ യാത്രകൾ അനുവദിക്കില്ല. കെഎസ്‌ആർടിസി ഡിപ്പോകൾ അടച്ചിടും.

നഗരത്തിനുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല.  ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, പലചരക്കുകടകൾ എന്നിവ മാത്രം തുറക്കും. എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും. നിയന്ത്രണം പാലിക്കാത്തവർക്കെതിരെ വിട്ടുവീഴ്‌ചയില്ലാതെ നടപടിയെടുക്കും.

സംസ്ഥാനത്ത്‌ ഞായറാഴ്‌ച സ്ഥിരീകരിച്ച 225 രോഗികളിൽ 38നും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. ഇതിൽ 22ഉം തലസ്ഥാനത്തുനിന്ന്‌ ഉള്ളവരാണ്‌. 11 പേരുടെ രോഗഉറവിടം വ്യക്തമല്ല. ഇതിൽ മണക്കാട്‌ കൊഞ്ചിറവിള സ്വദേശിനിയായ എട്ടുവയസ്സുകാരിയും ഉൾപ്പെടുന്നു. നഗരസഭാ പരിധിയിൽ രോഗം സ്ഥിരീകരിച്ച 19ൽ 15ഉം നേരത്തേ കണ്ടെയ്‌ൻമെന്റ്‌ സോണുകളായി പ്രഖ്യാപിച്ച പൂന്തുറ, മണക്കാട്‌ പ്രദേശങ്ങളിൽനിന്നാണ്‌. ഇവിടങ്ങളിൽ പരിശോധന വ്യാപകമാക്കും. തിരുവനന്തപുരം ന​ഗരത്തിലേത്‌ അഗ്നിപർവതത്തിനു മുകളിൽ ഇരിക്കുംവിധം അപകടകരമായ സ്ഥിതിയാണെന്ന്‌  മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top