14 November Thursday

മരട‌് ഫ്ലാറ്റുകൾ പൊളിച്ചേ പറ്റൂ: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019


കൊച്ചി മരടിൽ അനധികൃതമായി നിർമിച്ചെന്ന് കണ്ടെത്തിയ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന ഉത്തരവിൽ ഉറച്ച് സുപ്രീംകോടതി. ഫ്ലാറ്റ് ഉടമകൾ നൽകിയ റിട്ട് ഹർജി കോടതി തള്ളി. ഉടമകൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരെ ജസ്റ്റിസ് അരുൺ മിശ്ര രൂക്ഷമായി വിമർശിച്ചു. കോടതിയെ കബിളിപ്പിച്ച‌് തട്ടിപ്പ‌് നടത്താനാണ‌് മുതിർന്ന അഭിഭാഷകർ ശ്രമിച്ചതെന്ന‌് പറഞ്ഞ ജസ്‌റ്റിസ‌് മിശ്ര പൊട്ടിത്തെറിച്ചു.

വിധിയിൽ ഇളവുതേടി  മറ്റൊരു ബെഞ്ചിനെ സമീപിച്ചത‌് ധാർമികതയ്ക്ക് നിരക്കാത്ത നടപടിയാണെന്ന‌് കോടതി നിരീക്ഷിച്ചു. കൊൽക്കത്തക്കാരനായ മുതിർന്ന അഭിഭാഷകനെ കൊണ്ടുവന്നത് തന്നെ സ്വാധീനിക്കാൻ വേണ്ടിയാണ‌്.

അഭിഭാഷകർക്ക് പണം മാത്രം മതി എന്നായോ എന്നും കോടതി ചോദിച്ചു. ഇത് ആവർത്തിച്ചാൽ കർശന നടപടി എടുക്കുമെന്നും ജസ്റ്റിസ് മിശ്ര താക്കീത് ചെയ‌്തു. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിച്ച അവധിക്കാല ബെഞ്ചിന്റെ നടപടിയും മിശ്ര വിമർശിച്ചു.

തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരടിൽ നിർമിച്ച അഞ്ച് ഫ്ലാറ്റുകൾ മുപ്പത് ദിവസത്തിനകം പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.  തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ വിധി. അനധികൃത നിർമാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ആദ്യ ഉത്തരവിൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

വിധിയിൽ ഇളവ് തേടി ഫ്ലാറ്റ് ഉടമകൾ ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിനെ സമീപിച്ചു. ആറ‌് ആഴ‌്ചത്തേക്ക‌് ഫ്ലാറ്റുകൾ പൊളിക്കരുതെന്ന‌് ഉത്തരവിട്ട കോടതി വിധി പറഞ്ഞ ബെഞ്ചിൽ കേസ‌് ലിസ‌്റ്റ‌് ചെയ്യാനും നിർദേശിച്ചു. ഈ നടപടി രൂക്ഷമായി വിമർശിച്ച ജസ‌്റ്റിസ‌് മിശ്ര ഫ്ലാറ്റ് പൊളിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top