25 August Sunday

കർശന നടപടി ശുപാർശ ചെയ്യും: ജ. വി കെ മോഹനൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019


സ്വന്തം ലേഖകൻ
രാജ‌്കുമാറിന്റെ മരണത്തിൽ കുറ്റക്കാരെന്ന‌് കണ്ടെത്തുന്ന പൊലീസ‌് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും നിയമവിധേയ ശിക്ഷാനടപടിക്കും ശുപാര്‍ശ ചെയ്യുമെന്ന‌് സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് വി കെ മോഹനൻ പറഞ്ഞു. നെടുങ്കണ്ടം പൊലീസ‌് സ‌്റ്റേഷനിൽ തെളിവെടുപ്പിനുശേഷം മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് സ്‌റ്റേഷനില്‍ രാജ്കുമാറിന‌് മർദനമേറ്റതും അനധികൃത കസ്റ്റഡിയും കുറ്റകൃത്യത്തിൽ ഏതൊക്കെ ഉദ്യോഗസ്ഥർ പങ്കാളികളാണെന്ന‌ും പരിശോധിക്കും. പരാതിക്കാരൻ കൂടുതൽ തെളിവുകൾ നൽകുന്നതനുസരിച്ചായിരിക്കും ആഭ്യന്തര വകുപ്പിനും കോടതിക്കും ശുപാർശ സമർപ്പിക്കുക.
സ്വമേധയാ കേസെടുക്കാൻ അതോറിറ്റിക്ക് അധികാരമില്ല. സംഭവവുമായി ബന്ധപ്പെട്ട് ആർക്കുവേണമെങ്കിലും പരാതി നൽകാം. ഇനി ലഭിക്കുന്ന പരാതികളും ഇതോടൊപ്പം പരിഗണിക്കുമെന്നും അദ്ദേഹം ജസ‌്റ്റിസ‌് മോഹനൻ വ്യക്തമാക്കി. അംഗങ്ങളായ റിട്ട. ഡിജിപി കെ പി സോമരാജൻ, ജില്ലാ ജഡ്ജി ബാലസുബ്രഹ്മണ്യൻ എന്നിവരും തെളിവെടുപ്പിനുണ്ടായിരുന്നു.

ലോക്കപ്പിലും പ്രതിയെ മര്‍ദിച്ചതായി പറയുന്ന പൊലീസുകാരുടെ വിശ്രമ മുറിയിലും റിസപ്ഷനിലെ കംപ്യൂട്ടറിലും സംഘം തെളിവെടുത്തു. പീരുമേട് സബ്ജയിലിലും തെളിവെടുപ്പുനടത്തിയശേഷം കുട്ടിക്കാനത്ത് ആദ്യ സിറ്റിങ്ങും ചേര്‍ന്നു.


പ്രധാന വാർത്തകൾ
 Top