16 February Saturday

സ്വർണക്കടത്ത‌് കൂടി; നികുതിയിൽ കോടികൾ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018


കോഴിക്കോട്
ചരക്കു‐സേവന നികുതി നിലവിൽവന്നശേഷം രാജ്യത്ത് സ്വർണ കള്ളക്കടത്തും അനധികൃത സ്വർണാഭരണ നിർമാണവും വിൽപ്പനയും   വ്യാപകമായത് സ്വർണവ്യാപാര മേഖലയെ തകർച്ചയിലേക്കു നയിക്കുന്നു. മാത്രമല്ല, ചരക്കു‐സേവന നികുതി ഉൾപ്പെടെ വിവിധ നികുതിയിനത്തിൽ സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇതിലൂടെ നഷ്ടമാകുന്നത്. രാജ്യത്തെ നികുതിവരുമാനത്തിൽ ഇത് ഇടിവുണ്ടാക്കുകയും സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. ചരക്ക‌്‐സേവന നികുതി നിലവിൽവന്നശേഷം സ്വർണ കള്ളക്കടത്തും അനധികൃത സ്വർണാഭരണ വിൽപ്പനയും തടയുന്നതിന് ശക്തമായ പരിശോധനകൾ നടത്താൻ അധികൃതർ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ആരാണ് പരിശോധന നടത്തേണ്ടത‌് എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർക്കിടയിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്.

നികുതിനിരക്ക് ഏകീകരിക്കുന്നതിനും കള്ളക്കടത്തും നികുതിവെട്ടിപ്പും തടയുന്നതിനുമായി ചരക്ക‌്‐സേവന നികുതി ഏർപ്പെടുത്തിയതിനെ പ്രതീക്ഷയോടെയാണ്  സ്വർണവ്യാപാര മേഖല കണ്ടിരുന്നത്. എന്നാൽ ചരക്ക‌്‐സേവന നികുതി നിലവിൽവന്ന് ഒരു വർഷം പൂർത്തിയായപ്പോൾ സ്വർണ കള്ളക്കടത്തും അനധികൃത സ്വർണാഭരണ നിർമാണവും വിൽപ്പനയും  വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്ന‌് ഈ രംഗത്തുള്ളവർ വിലയിരുത്തുന്നു. കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ദക്ഷിണേന്ത്യയിലാണ് ഇത്തരത്തിലുള്ള കള്ളക്കടത്തും അനധികൃത സ്വർണാഭരണ നിർമാണവും വിൽപ്പനയും കൂടുതൽ നടക്കുന്നത്. കോഴിക്കോടും, ചെന്നൈയും ഉൾപ്പെട്ട നഗരങ്ങൾ ഇതിന്റെ പ്രധാന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.

ചരക്ക‌്‐സേവന നികുതി നടപ്പാക്കിയ സമയത്ത് കുറച്ചുകാലം സ്വർണ കള്ളക്കടത്തിനും അനധികൃത വിൽപ്പനയ‌്ക്കും കടിഞ്ഞാണുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇതുസംബന്ധിച്ച് ഒരു പരിശോധനയും ഇല്ലായെന്ന് ബോധ്യമായതോടെ അസംഘടിത സ്വർണവ്യാപാര മേഖലയിൽ  മാഫിയ വളർന്നുവെന്ന‌്  എല്ലാ നികുതികളും നൽകി കച്ചവടം നടത്തുന്ന ജ്വല്ലറി ഉടമകൾ പറയുന്നു. അതുവഴി നിയമാനുസൃത കച്ചവടമേഖലയിൽനിന്ന് ഒരു നിയമവും പാലിക്കാതെയുള്ള മേഖലയിലേക്ക് സ്വർണവ്യാപാരം വഴിമാറുന്നു. സംസ്ഥാനത്ത‌്  ലൈസൻസില്ലാത്ത നിരവധി അനധികൃത സ്വർണാഭരണ നിർമാണശാലകൾ പ്രവർത്തിക്കുന്നുണ്ട്. കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണം അന്യസംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളെ ഉപയോഗിച്ച് കേരളത്തിലെ അനധികൃത സ്വർണനിർമാണശാലകളിൽവച്ച് ആഭരണങ്ങളാക്കി മാറ്റി വീടുകൾതോറും കയറിയിറങ്ങി വിൽപ്പന നടത്തുകയാണ് ഇവർ ചെയ്യുന്നത്. സർക്കാരിലേക്ക് ഒരുവിധ നികുതിയും നൽകാത്തതിനാൽ ഉപയോക്താക്കൾക്ക് കറഞ്ഞ വിലയ്ക്ക് ആഭരണങ്ങൾ നൽകാൻകഴിയുന്ന ഇവർ ബിഐസ് ഹാൾമാർക്കിങ‌് ഉൾപ്പെടെ  സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനുള്ള ഒരു സംവിധാനവും പാലിക്കുന്നില്ല. രാജ്യത്ത് പ്രതിവർഷം 800 മുതൽ 850 ടൺവരെ സ്വർണമാണ് വിറ്റഴിക്കുന്നത്. സ്വർണ ഉപയോഗത്തിന്റെ 40 ശതമാനവും നടക്കുന്നത് ദക്ഷിണേന്ത്യയിലാണ്.

അനധികൃത സ്വർണവിൽപ്പന നിയമാനുസൃത സ്വർണവിൽപ്പന മേഖലയെയാകെ തകർക്കുന്ന സ്ഥിതിയാണുള്ളതെന്നും  നേരായ മാർഗത്തിലൂടെ കച്ചവടം നടത്തുന്നവർ വലിയ തിരിച്ചടിയാണ് ഇതിലൂടെ നേരിടുന്നതെന്നും  മലബാർ ഗോൾഡ് ആൻഡ‌് ഡയമണ്ട്സ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ‌്ക്ക് മുതൽക്കൂട്ടാകുന്ന ചരക്ക‌്‐സേവന നികുതിയെ സ്വാഗതം ചെയ്യുകയും അത് നികുതിവെട്ടിപ്പ് തടയുന്നതിന് സഹായകമാകുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ചരക്ക‌്‐സേവന നികുതി പ്രാബല്യത്തിൽവന്നശേഷം സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരുവിധ പരിശോധനകളും നടക്കാത്തതിനെത്തുടർന്ന് അനധികൃത സ്വർണക്കച്ചവടം വ്യാപകമായിട്ടുണ്ട്.  വിവിധ നികുതി ഇനത്തിൽ ലഭിക്കേണ്ട 15 ശതമാനത്തോളം നികുതി ഈ മാഫിയ വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത് വലിയ സാമ്പത്തികനഷ്ട രാജ്യത്തിനു വരുത്തുന്നതോടൊപ്പംതന്നെ എല്ലാ നികുതികളും നൽകി മാന്യമായി കച്ചവടം നടത്തുന്ന ജ്വല്ലറികൾ അടച്ചിടേണ്ട അവസ്ഥ സൃഷ്ടിക്കും‐ എം പി അഹമ്മദ് പറഞ്ഞു.  സ്വർണ കള്ളക്കടത്തും അനധികൃത സ്വർണവിൽപ്പനയും   ചരക്ക്‐സേവന നികുതി പ്രാബല്യത്തിൽവന്നശേഷം ഇത് രാജ്യമാകെ വ്യാപിച്ചിട്ടുണ്ടെന്ന‌് ഇന്ത്യ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറയുന്നു.

നിർമാണപ്രവർത്തനത്തിൽതന്നെ കൃത്യമായ ഹാൾമാർക്കിങ‌്, ട്രാക്കിങ‌് സംവിധാനത്തിലൂടെ എളുപ്പത്തിൽ അനധികൃത സ്വർണക്കച്ചവടം തടയാനാകും. എന്നാൽ അതിനുള്ള സന്നദ്ധത സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. നികുതി നൽകണമെന്നും ബിൽ സൂക്ഷിക്കണമെന്നും  ഉപയോക്താക്കളെ ബോധവൽകരിക്കുകയും വാങ്ങിയ സ്വർണം വിൽപ്പന നടത്തുമ്പോഴും, പണയപ്പെടുത്തുമ്പോഴും ബിൽ നിർബന്ധമാക്കുകയും ചെയ്താൽ സ്വർണവിൽപ്പനമേഖലയിലെ കള്ളനാണയങ്ങളെ തടയാനാകുമെന്ന് ജ്വല്ലറി ഫെഡറേഷൻ ഭാരവാഹികൾ പറയുന്നു.

പ്രധാന വാർത്തകൾ
 Top