12 July Sunday

കോടി കോടി കൈകളിൽ തളിരിടുന്നു കേരളം ; ആദ്യ തൈ നട്ട്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020


സ്വന്തം ലേഖിക
നാടിനെ പച്ചപുതപ്പിക്കാൻ ലോക പരിസ്ഥിതി ദിനത്തിൽ കേരളമൊന്നിച്ച്‌ വൃക്ഷത്തൈകൾ നട്ടു. ഭൂമിക്ക്‌ കുട ചൂടാൻ ഒരു കോടി മരങ്ങൾ എന്ന ശീർഷകത്തിലാണ്‌ സംസ്ഥാനം പരിസ്ഥിതി ദിനം ആഘോഷിച്ചത്‌. വിവിധ സർക്കാർ വകുപ്പുകൾ, രാഷ്ട്രീയ പാർടികൾ, സാമൂഹ്യ –-സന്നദ്ധ സംഘടനകൾ, തൊഴിലാളി സംഘടനകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ വൃക്ഷത്തൈകൾ നട്ടും വിതരണം ചെയ്‌തും ആഘോഷത്തിൽ പങ്കുചേർന്നു.

സംസ്ഥാന സർക്കാരിന്റെ ‘ഒരു കോടി ഫലവൃക്ഷത്തൈകൾ’ പദ്ധതിയുടെ ഉദ്‌ഘാടനം സെക്രട്ടറിയറ്റ്‌ വളപ്പിൽ വൃക്ഷത്തൈ നട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 1.09 കോടി വൃക്ഷത്തൈ നടുന്ന പദ്ധതിയുടെ ഭാഗമായി 81 ലക്ഷം തൈയാണ്‌ വെള്ളിയാഴ്‌ച നട്ടത്‌. രണ്ടാംഘട്ടം ജൂലൈ ഒന്നിന്‌ ആരംഭിക്കും. കാർഷിക സർവകലാശാല, തദ്ദേശസ്വയംഭരണം, വനം, വിദ്യാഭ്യാസവകുപ്പുകൾ സംയുക്തമായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പാർടിസ്ഥലങ്ങളിലും പ്രവർത്തകരുടെ വീടുകളിലും വൃക്ഷത്തൈ നട്ടു. സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം ഇ എം എസ്‌ അക്കാദമിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു.

വനംവകുപ്പിന്റെ നേതൃത്വത്തിൽ 57.7 ലക്ഷം വൃക്ഷത്തൈ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രവളപ്പിൽ മന്ത്രി കെ രാജു നിർവഹിച്ചു. പൊലീസ് ആസ്ഥാനത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടവും ഫലവർഗ ഉദ്യാനവും തയ്യാറാക്കി. കേരള ഫയർ സർവീസ് അസോസിയേഷൻ 124 ഫയർ സ്റ്റേഷനിലും വൃക്ഷത്തൈ നട്ടു.

കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ‘ഹരിതാലയം കാർഷിക’ പദ്ധതിയുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ഡിവൈഎഫ്‌ഐയുടെ ‘നന്മയുടെ തൈ നടാം’ പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം കോഴിക്കോട്‌ ബീച്ച്‌ ആശുപത്രി പരിസരത്ത്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌ നിർവഹിച്ചു. രണ്ടര ലക്ഷം വൃക്ഷത്തൈയാണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ സംസ്ഥാനത്താകെ നട്ടുപിടിപ്പിച്ചത്‌.

ആദ്യ തൈ നട്ട്‌ മുഖ്യമന്ത്രി
ഒരു കോടി ഫലവൃക്ഷത്തൈകൾ നട്ടുവളർത്തൽ പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം സെക്രട്ടറിയറ്റ് വളപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൃഷി മന്ത്രി വി എസ് സുനിൽകുമാറും വനം മന്ത്രി കെ രാജുവും ചടങ്ങിൽ വൃക്ഷത്തൈകൾ നട്ടു. ഒരു കോടി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ ലക്ഷ്യമിട്ടാണ്‌ സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്‌കരിച്ചത്‌.

രണ്ടു ഘട്ടത്തിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമാണ്‌ പരിസ്ഥിതി ദിനത്തിൽ ആരംഭിച്ചത്. രണ്ടാംഘട്ടം ജൂലൈ ആദ്യ ആഴ്ച  വനമഹോൽസവത്തിന്റെയും തിരുവാതിര ഞാറ്റുവേലച്ചന്തകളുടെയും സമയത്ത് ആരംഭിക്കും.

സെപ്‌തംബറോടെ പൂർത്തിയാക്കും. ചടങ്ങിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി, ഡയറക്ടർ കെ വാസുകി എന്നിവരും പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top