11 July Saturday

മനേകയുടെ നീക്കം വര്‍ഗീയ ധ്രുവീകരണത്തിന്‌:കോടിയേരി ബാലകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020


സ്വന്തം ലേഖകൻ
പാലക്കാട്‌ ആന ചരിഞ്ഞ സംഭവത്തിൽ ബിജെപി എംപി മനേക ഗാന്ധിയുടെ മലപ്പുറം പരാമർശം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇഎംഎസ്‌ അക്കാദമിയിൽ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഭവം തികച്ചും ദൗർഭാഗ്യകരമാണ്‌. വിഷയം അറിഞ്ഞയുടൻ കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും നടത്തിയ കുപ്രചാരണം വർഗീയ ധ്രുവീകരണത്തിനുള്ള മനഃപൂർവ ശ്രമമായേ കാണാൻ കഴിയൂ. ഇത്തരം ദുഷ്ടശക്തിക്കെതിരെ വലിയ ജാഗ്രതവേണം.   മലപ്പുറത്തെ വലച്ചിഴച്ചുള്ള പ്രചാരണത്തിന്റെ പ്രത്യേക ലക്ഷ്യം വ്യക്തമാണ്‌.

പ്രശ്‌നത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ്‌ സംസ്ഥാന സർക്കാർ.  എന്നിട്ടും തെറ്റായ പ്രചാരണം നടത്തുകയായിരുന്നു. വംശീയ കലാപത്തിനാണ്‌ ആർഎസ്‌എസ്‌ നീക്കം. അതിൽ ആരും വശംവദരാകരുതെന്നും കോടിയേരി പറഞ്ഞു.

എൽഡിഎഫിന്‌ അനുകൂലമായ മാറ്റമുണ്ടാകും
സംസ്ഥാന രാഷ്‌ട്രീയത്തിൽ എൽഡിഎഫ്‌ അനുകൂല മാറ്റം ദൃശ്യമാണെന്ന്‌ കോടിയേരി പറഞ്ഞു. ജനങ്ങളിലുണ്ടായ മാറ്റം കക്ഷി രാഷ്‌ട്രീയ ബന്ധങ്ങളിലും പ്രതിഫലിക്കും. ഇത്‌ എങ്ങനെയായിരിക്കുമെന്നത്‌ ഇപ്പോൾ പറയാനാകില്ല. സ്ഥിതിഗതികൾ പക്വമാകുന്ന മുറയ്‌ക്ക്‌  കക്ഷികൾ ചർച്ചയ്‌ക്ക്‌ നിർബന്ധിതമാകും. കോട്ടയം ജില്ലാ പഞ്ചായത്തുഭരണവുമായി ബന്ധപ്പെട്ട യുഡിഎഫിലെ തർക്കം സംബന്ധിച്ച ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു കോടിയേരി.

യുഡിഎഫ്‌ തർക്ക മുന്നണിയാണ്‌. ഏച്ചുകെട്ടിയ മുന്നണിക്ക്‌ അധികകാലം നിലനിൽക്കാനാകില്ല.  ഇത്‌ പൊട്ടിത്തെറിയിലേക്ക്‌ നയിക്കും. എതിർപ്പുള്ള കക്ഷികൾ, എന്തിലാണ്‌ തങ്ങളുടെ വിയോജിപ്പെന്ന്‌ പരസ്യമാക്കിയിട്ടില്ല. ഇടതുപക്ഷ അനുകൂല രാഷ്‌ട്രീയത്തിന്റെ ഭാഗമായാണോ, അതോ വലതുപക്ഷ രാഷ്‌ട്രീയത്തിലെ വിലപേശലിന്റെ രീതിയിലുള്ള തർക്കമാണോ തങ്ങൾ ഉയർത്തുന്നതെന്ന്‌ ഇക്കൂട്ടർ വ്യക്തമാക്കേണ്ടതുണ്ട്‌.

മണൽ നീക്കം തർക്ക വിഷയമല്ല
നദികളിലെ മണൽ നീക്കംചെയ്യൽ തർക്ക വിഷയമാകേണ്ടതില്ലെന്ന്‌ കോടിയേരി പറഞ്ഞു. മണൽ കെട്ടിനിന്നാൽ വലിയതോതിൽ വെള്ളപ്പൊക്കത്തിന്‌ കാരണമാകും. ശാസ്‌ത്രീയമായ മണൽ നീക്കൽ സാധ്യമാകണം.

സംഘടനാ സംവിധാനത്തിന്‌ ഡിജിറ്റൽ സൗകര്യങ്ങൾ
കോവിഡ്‌ പശ്ചാത്തലത്തിൽ സിപിഐ എമ്മിന്റെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഡിജിറ്റൽ സംവിധാനങ്ങളുടെ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. പാർടി പൊളിറ്റ്‌ബ്യൂറോ യോഗം  ഇതിന്‌ പ്രചോദനമാണ്‌. കേന്ദ്ര കമ്മിറ്റിയും ഇതേ രീതിയിൽ ചേരുകയാണ്‌. ഡിജിറ്റൽ സംവിധാനത്തിൽ സംസ്ഥാന കമ്മിറ്റി ചേരാനുള്ള തീയതിയും അടുത്ത ദിവസങ്ങളിൽ തീരുമാനിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top