20 November Wednesday

കോഴിക്കോട് ഇഖ്‌റാ ആശുപത്രിയിലെ കിണര്‍വെള്ളത്തില്‍ മാരക വൈറസുകള്‍, നിരവധിപേര്‍ക്ക് മഞ്ഞപ്പിത്തം; കാന്റീന്‍ അടച്ചുപൂട്ടി

സ്വന്തം ലേഖികUpdated: Wednesday Jun 5, 2019

കോഴിക്കോട് > കോഴിക്കോട് നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച നിരവധിപേര്‍ക്ക് മഞ്ഞപ്പിത്ത ബാധയും വയറിളക്കവും ഛര്‍ദിയും. ഇഖ്‌റ ആശുപത്രിയിലെ  കാന്റീനില്‍നിന്ന് ഭക്ഷണംകഴിച്ച രോഗികള്‍, കൂട്ടിരിപ്പുകാര്‍  എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് അസുഖം ബാധിച്ചത്. ഇതേ തുടര്‍ന്ന്  കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം തിങ്കളാഴ്ച കാന്റീന്‍ അടപ്പിച്ചു. ഇവിടത്തെ കുടിവെള്ളം പരിശോധിച്ചപ്പോള്‍ ആസ്‌ട്രോ, നോറോ  എന്നീ മാരക വൈറസുകളുടെയും കോളിഫോം ബാക്ടീരിയയുടെയും സാന്നിധ്യവും കണ്ടെത്തി. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശോധന.

കാന്റീനിലെ ഭക്ഷണംകഴിച്ച 230ഓളംപേര്‍ രണ്ടാഴ്ചയ്ക്കിടെ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിട്ടുണ്ട്. ഇതറിഞ്ഞ് കോര്‍പറേഷന്റെ ആരോഗ്യ വിഭാഗം പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. ഹെല്‍ത്ത്കാര്‍ഡും കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ടുമില്ലാതെയാണ് ഇത്രയുംകാലം കാന്റീന്‍ പ്രവര്‍ത്തിച്ചത്.

നിരവധിപേര്‍ക്ക് ഇതിനകം അസുഖം പിടിപെട്ടിട്ടുണ്ടാകാം. പ്രശ്‌നം രൂക്ഷമാകുന്നതിന് മുമ്പ് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ദ്രുതഗതിയില്‍ ഇടപെട്ടു. കാന്റീന്‍ പൂര്‍ണസജ്ജമായശേഷം മാത്രം തുറന്നാല്‍ മതിയെന്നാണ്  നോട്ടീസില്‍ പറയുന്നത്. ഇതോടൊപ്പം ആശുപത്രിയുടെ ഓരോ മുറിയും ശുചിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോര്‍പറേഷന്‍ ആരോഗ്യസമിതി അധ്യക്ഷന്‍ കെ വി ബാബുരാജ് പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് കോര്‍പറേഷന്റെ ആരോഗ്യവിഭാഗത്തിന് ആശുപത്രി കാന്റീനിലെ മോശം ഭക്ഷണത്തെക്കുറിച്ച്  പരാതി ലഭിക്കുന്നത്. കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് അസുഖമുണ്ടായെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പരിശോധനക്കെത്തി. കാന്റീനില്‍നിന്ന് പുറത്താക്കിയ ആള്‍ വിരോധം തീര്‍ക്കാന്‍ പരാതി നല്‍കിയതാണെന്നായിരുന്നു അന്ന് ആശുപത്രി അധികൃതര്‍ മറുപടി നല്‍കിയത്. പരിശോധനയില്‍ കാന്റീനില്‍ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതുമില്ല. എങ്കിലും ലൈസന്‍സും മറ്റു കാര്യങ്ങളും പരിശോധിക്കാന്‍ നടപടി സ്വീകരിച്ചു.

ഹെല്‍ത്ത്കാര്‍ഡ് ഇല്ലാതെയാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കിണര്‍വെള്ളമാണ് ഇവിടെ ഉപയോഗിക്കുന്നത്. എന്നാല്‍ കുടിവെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് ആശുപത്രി മാനേജ്‌മെന്റിന്റെ കൈവശമില്ലായിരുന്നു. ഇതേ തുടര്‍ന്ന് കുടിവെള്ളം പരിശോധനക്കയച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ആസ്‌ട്രോ വൈറസ്, നോറോ വൈറസ്, കോളിഫോം ബാക്ടീരിയ  തുടങ്ങിയവയുള്ളതായി കണ്ടെത്തി.  ആസ്‌ട്രോ, നോറോ എന്നിവ വെള്ളത്തിലൂടെയാണ് ശരീരത്തിലെത്തുക. ഇവ ശരീരത്തില്‍ കടന്നാല്‍ വയറിളക്കവും ഛര്‍ദിയും രൂക്ഷമാവും.

ആശുപത്രിയിലെ കക്കൂസ് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും കിണര്‍വെള്ളത്തില്‍ കലര്‍ന്നതാകാം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കരുതുന്നത്. ആശുപത്രി മൊത്തം ശുചിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top