14 May Friday
പാലാരിവട്ടം അഴിമതിതന്നെ പ്രധാനം

കളമശേരിയിലെ തോൽവിക്ക്‌ 5 കാരണങ്ങളെന്ന്‌ ലീഗ്

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021


കൊച്ചി
കളമശേരിയിലുണ്ടായ കൊടുംതോൽവിയുടെ കാരണങ്ങൾ അക്കമിട്ടുനിരത്തി മുസ്ലിംലീഗ്‌ ജില്ലാ നേതൃത്വം. തോൽവിയുടെ പ്രധാന കാരണം, യുഡിഎഫ്‌ സ്ഥാനാർഥിയുടെ പിതാവും സിറ്റിങ് എംഎൽഎയുമായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ്‌ പ്രതിയായ പാലാരിവട്ടം പാലം അഴിമതിതന്നെയെന്നും നേതൃത്വം. വീടുകളിൽ വോട്ട്‌ ചോദിച്ച്‌ പോയപ്പോഴുണ്ടായ പ്രതികരണത്തിൽനിന്ന്‌ വ്യക്തമായത്‌ എന്ന പേരിൽ അഞ്ചു കാര്യങ്ങളാണ്‌ തോൽവിക്ക്‌ കാരണമായി നിരത്തുന്നത്‌. ലീഗ്‌ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിൽ ഈ കുറിപ്പ്‌ സജീവമായി ചർച്ചയാണ്‌.

പാലാരിവട്ടം പാലം അഴിമതിയെക്കുറിച്ച്‌ വോട്ടർമാരുടെ ചോദ്യങ്ങൾക്ക്‌ മറുപടി നൽകാനായില്ലെന്ന്‌ കുറിപ്പിൽ പറയുന്നു. മക്കൾരാഷ്ട്രീയത്തോടുള്ള വിരോധമാണ്‌ രണ്ടാമത്തെ കാരണം. പാലം അഴിമതിക്കേസിലെ പ്രതിയുടെ മകൻതന്നെ സ്ഥാനാർഥിയായത്‌ ജനങ്ങളോടുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെട്ടു.

യുഡിഎഫ്‌ സ്ഥാനാർഥിയെ വോട്ടർമാർക്ക്‌ പരിചയമുണ്ടായിരുന്നില്ല എന്നതാണ്‌ മൂന്നാമത്തെ കാരണം. എതിർസ്ഥാനാർഥി മുൻ എംപിയും ജില്ലയിലെ വികസനപദ്ധതികൾക്ക്‌ എംപി ഫണ്ട് നൽകി പ്രശംസ പിടിച്ചുപറ്റിയ ആളുമാണ്‌. നാലാമത്തെ കാരണമായി പറയുന്നത്‌, യുഡിഎഫ്‌ സ്ഥാനാർഥി രാഷ്ട്രീയം പഠിക്കാത്തതും പൊതുസമൂഹത്തിൽ ഇടപെടാത്തതുമാണ്‌. അഞ്ചാമത്തെ കുറവ്‌ മാധ്യമങ്ങളെ അഭിമുഖീകരിക്കാനുള്ള പേടിയും മൈക്ക് കാണുമ്പോഴുള്ള വിറയലുമാണ്‌. ഇത്‌ ജനങ്ങളിൽ അതൃപ്തിയുണ്ടാക്കി.

ഇക്കാരണങ്ങൾ കൊണ്ടുതന്നെയാണ്‌ സ്ഥാനാർഥിയുടെ ബൂത്തിലും ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ ജമാൽ മണക്കാടന്റെയും കെപിസിസി സെക്രട്ടറി അബ്ദുൽ മുത്തലിബിന്റെയും ബൂത്തുകളിലും പി രാജീവിന് ഭൂരിപക്ഷം കിട്ടിയതെന്നും കുറിപ്പിൽ പറയുന്നു.

സ്ഥാനാർഥിയുടെ പോരായ്‌മകൾക്ക്‌ ലീഗ്‌ ജില്ലാ കമ്മിറ്റിയെ കുറ്റം പറയുന്നതിൽ കാര്യമില്ല. ജില്ലാ കമ്മിറ്റിയല്ല സ്ഥാനാർഥിയെ നിശ്‌ചയിച്ചത്‌. അഴിമതിക്കേസിൽ അറസ്‌റ്റിലായി ജാമ്യം കിട്ടാതെ കിടക്കുന്ന പിതാവിനുപകരം മകനെ സ്ഥാനാർഥിയാക്കിയ സംസ്ഥാന കമ്മിറ്റിയല്ലേ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതെന്നും കുറിപ്പിൽ ചോദിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top