14 May Friday

അതിജീവനത്തിന്റെ തിളക്കത്തിൽ കുന്നത്തുനാട്

എന്‍കെ ജിബിUpdated: Wednesday May 5, 2021


കോലഞ്ചേരി
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നാലെ അതിജീവനത്തിന്റെ കരുത്ത് തെളിയിച്ച പോരാട്ടമാണ് നിയമസഭ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ ഇടതുമുന്നണി കാഴ്ചവച്ചത്. സ്ഥാനാർഥിയായ പി വി ശ്രീനിജിന്റെ വിജയത്തിനായി ഇടതുമുന്നണി പ്രവർത്തകർ ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനവും മണ്ഡലം തിരിച്ചുപിടിക്കുന്നതിന്‌ തുണയായി.
കോർപറേറ്റ് ഭരണത്തിനുകീഴിലേക്ക് ജനങ്ങളെ എത്തിക്കാനായി എത്തിയ ട്വന്റി 20 എന്ന അരാഷ്ട്രീയ സംഘടന തകർന്നത് കുന്നത്തുനാടിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ അടയാളമായി. ശ്രീനിജിന്റെ വിജയത്തിൽ കോർപറേറ്റ് സംഘടനയുടെ മാത്രമല്ല യുഡിഎഫിന്റെയും അധികാരമോഹങ്ങൾ തകർന്നടിഞ്ഞു. ഒരുപതിറ്റാണ്ടിനുശേഷമാണ് കുന്നത്തുനാട്ടിലെ യുഡിഎഫ് അപ്രമാദിത്വത്തിന്‌ ശ്രീനിജിനിലൂടെ എൽഡിഎഫ് വിരാമമിട്ടത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ട്വന്റി- 20 പിടിച്ചെടുത്ത മഴുവന്നൂർ പഞ്ചായത്തിൽമാത്രം 642 വോട്ടിന്റെ ലീഡാണ് എൽഡിഎഫ് നേടിയത്. കോൺഗ്രസ് ഭരിക്കുന്ന പൂതൃക്ക പഞ്ചായത്തിൽ 263 വോട്ടിന്റെ ലീഡ് പിടിക്കാനും എൽഡിഎഫിനായി. എൽഡിഎഫ് പഞ്ചായത്തുകളായ തിരുവാണിയൂരിൽ 1025, പുത്തൻകുരിശിൽ 1109 വോട്ടുകൾ നേടാനായത് വിജയത്തിളക്കം വർധിപ്പിച്ചു. യുഡിഎഫ് മൂവായിരത്തിലധികം വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചിരുന്ന വാഴക്കുളം പഞ്ചായത്തിൽ എൽഡിഎഫ് 427 വോട്ടിന്റെ ലീഡ് നേടി. ട്വന്റി- 20യുടെ തട്ടകമായ കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും ഐക്കരനാട്ടിലും തദ്ദേശ തെരഞ്ഞെടുപ്പിനെക്കാൾ ആയിരത്തിലധികം വോട്ടുകളാണ് ശ്രീനിജിൻ നേടിയത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച 16,459 വോട്ട് ഇക്കുറി 7029 ആയി ഇടിഞ്ഞതോടെ കുന്നത്തുനാട്ടിൽ ട്വന്റി- 20യുടെ വോട്ടുകച്ചവടം പുറത്തായി. 2016ൽ സജീന്ദ്രൻ 2679 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചതെങ്കിൽ ഇത്തവണ ശ്രീനിജിൻ 2715 വോട്ട് ഭൂരിപക്ഷം നേടി മധുരപ്രതികാരംവീട്ടി. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിന്നിരുന്ന പല ബൂത്തുകളും ഇക്കുറി ശ്രീനിജിനൊപ്പംനിന്നു. യുഡിഎഫ് സ്ഥാനാർഥി സ്വന്തം ബൂത്തായ പെരിങ്ങോളിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ കായിക മേഖലയിലെ ഇടപെടലുകളും യുവാക്കൾക്കിടയിൽ സ്വാധീനമുണ്ടാക്കി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രണ്ട് പഞ്ചായത്തിന്റെ ഭരണം ലഭിച്ച എൽഡിഎഫിന് നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അഞ്ച് പഞ്ചായത്തിൽ മേൽക്കൈ നേടാനായത് ശ്രീനിജിന്റെ ജനകീയാംഗീകാരം ഉറപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top