13 May Thursday

കളമശേരിയെ ഇളക്കിമറിച്ച് 
രാജീവിന്റെ റോഡ്‌ഷോ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

കളമശേരി
മണ്ഡലത്തെ ഇളക്കിമറിച്ച വാഹനറാലിയോടെ കളമശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം സമാപിച്ചു. നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും പ്രചാരണാവേശം കൊടുമുടിയേറി. നൂറുകണക്കിന് വാഹനങ്ങൾ  ചെങ്കൊടിയുമായി റോഡ്‌ഷോയിൽ അണിനിരന്നപ്പോൾ പ്രവർത്തകരുടെ ആവേശം അണപൊട്ടി.

എൽഡിഎഫിന്റെ ഭരണത്തുടർച്ചയിൽ പങ്കുചേരാൻ കളമശേരിയും ഉറപ്പാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ചുരുട്ടിയ മുഷ്ടികളും മുദ്രാവാക്യം വിളികളുമായി റോഡ്‌ഷോയിൽ ഉടനീളം റോഡിന്റെ ഇരുഭാഗത്തും കാത്തുനിന്ന ആബാലവൃദ്ധം ജനങ്ങളുടെ പങ്കാളിത്തം. പകൽ രണ്ടോടെ കുന്നുകര അയിരൂരിൽനിന്ന്‌ റോഡ്ഷോ ആരംഭിച്ചു. വെളിയത്തുനാട്, കരുമാല്ലൂർ, പടിഞ്ഞാറെ കടുങ്ങല്ലൂർ, പാതാളം, ഫാക്ട്, ഗ്ലാസ് കോളനിവഴി ഏഴുമണിയോടെ എച്ച്എംടി കവലയിൽ സമാപിച്ചു.

കളമശേരിയിലെ ഹിദായത്ത് നഗറിലെയും സെന്റ് ജോസഫ്‌സ് കോളനിയിലെയും വീടുകളിൽ പി രാജീവ്‌ നേരിട്ടെത്തി വോട്ടഭ്യർഥിച്ചു. രാവിലെയും കഴിയാവുന്നത്ര വോട്ടർമാരെ സ്ഥാനാർഥി നേരിട്ടുകാണാനെത്തി. രാവിലെ ആറരയോടെ വീടിനുസമീപത്തെ കുസാറ്റ് മൈതാനത്ത് പ്രഭാതസവാരിക്ക്‌ ഇറങ്ങിയവരോട് പിന്തുണ തേടി. സമീപത്തെ റസിഡൻഷ്യൽ കോളനികളിലും നേരിട്ട് വോട്ടഭ്യർഥിച്ചതിനുശേഷമാണ് റോഡ്ഷോയിൽ പങ്കെടുക്കാൻ കുന്നുകരയിലെത്തിയത്‌. എതിരാളികളേക്കാൾ ആദ്യം കളത്തിൽ ഇറങ്ങിയതിലൂടെ നേടിയ മേൽക്കൈ പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷംവരെ നിലനിർത്താനായതിന്റെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ്‌ പ്രവർത്തകർ നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top