15 May Saturday

വികസനപാതയിൽ വിജയത്തേരു തെളിച്ച്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

തൃപ്പൂണിത്തുറ
വികസനരഥം നയിച്ച്, തൃപ്പൂണിത്തുറ മണ്ഡലം നിറഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് നടത്തിയ റോഡ്ഷോ അക്ഷരാർഥത്തിൽ വിജയമുറപ്പിച്ച പടയോട്ടമായി. വികസനഗാഥകൾ വിളംബരം ചെയ്ത അനൗൺസ്‌മെന്റ്‌ വാഹനങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയിൽ പള്ളുരുത്തിയിൽനിന്നായിരുന്നു തുടക്കം. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം സി സുരേന്ദ്രൻ, മണ്ഡലം കമ്മിറ്റി സെക്രട്ടറി സി എൻ സുന്ദരൻ, തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രബോസ്, സിപിഐ എം പള്ളുരുത്തി ഏരിയ സെക്രട്ടറി പി എ പീറ്റർ, തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ, കോർപറേഷൻ കൗൺസിലർ വി എ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പു കമീഷന്റെ പ്രോട്ടോക്കോൾ പാലിച്ചുള്ള റോഡ്ഷോ.

തുടർഭരണം ഉറപ്പിച്ച സ്ത്രീകളടക്കമുള്ള വോട്ടർമാർ എം സ്വരാജിനെ പുഷ്പാർച്ചന നടത്തിയും ഹാരമണിയിച്ചും വരവേറ്റു. 10 കോടിയുടെ സ്റ്റേഡിയം ഉൾപ്പെടെയുള്ള വികസനങ്ങൾക്കു കളമൊരുക്കിയ പള്ളുരുത്തിയിൽ കായികപ്രേമികൾ ഉൾപ്പെടെ പല കേന്ദ്രങ്ങളിലും തടിച്ചുകൂടി സ്വീകരണം നൽകി.

എക്കൽ അടിഞ്ഞ് മത്സ്യബന്ധനം അസാധ്യമായ കല്ലഞ്ചേരി കായൽ ഡ്രഡ്ജ് ചെയ്ത് ചെളി നീക്കംചെയ്തു തുടങ്ങിയതിന്റെ ആഹ്ലാദത്തിലായിരുന്നു പെരുമ്പടപ്പുകാർ. കുടിവെള്ളമെത്തിക്കാൻ മുക്കാൽ കോടി രൂപയുടെ പദ്ധതി കൊണ്ടുവരികയും റോഡുകൾ മികച്ച നിലവാരത്തിലാക്കുകയും ചെയ്ത സ്വരാജിനെ ഇടക്കൊച്ചി നെഞ്ചേറ്റി. കുമ്പളത്തെത്തുമ്പോൾ തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവൻ, കുമ്പളം ലോക്കൽ സെക്രട്ടറി വി കെ വിനയൻ, സി കെ അയ്യപ്പൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ എൽഡിഎഫ് പ്രവർത്തകർ സ്വീകരിച്ചു. കുമ്പളം സൗത്തിൽനിന്ന്‌ ആരംഭിച്ച റോഡ്ഷോ നോർത്ത്‌ പിന്നിട്ട്‌ കുണ്ടന്നൂർ നെട്ടൂർ പാലത്തിലൂടെ കുണ്ടന്നൂരിലേക്കെത്തുമ്പോൾ മരട് കമ്മിറ്റിയിലെ പ്രവർത്തകർ ആവേശത്തിലായി. മണ്ഡലത്തിലെ ഏറ്റവും വലിയ വികസനനേട്ടമായ കുണ്ടന്നൂർ പാലത്തിനുകീഴെ കാത്തുനിന്നവർ പൂക്കൾ വാരിവിതറി.

മരട് പിന്നിട്ട് തൃപ്പൂണിത്തുറയിലെത്തി വൈക്കം റോഡിലൂടെ നീങ്ങുമ്പോൾ സൗത്ത് ലോക്കൽ കമ്മിറ്റി അഭിവാദ്യമൊരുക്കി. എംഎൽഎ റോഡ് വഴി പുതിയകാവിലേക്ക്‌ പ്രവേശിച്ചപ്പോൾ ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളൊരുക്കി വരവേറ്റു.

പുതിയകാവ് മാർക്കറ്റ് റോഡിലും വിവിധ കേന്ദ്രങ്ങളിൽ വൻ സ്വീകരണം ഒരുങ്ങി. തുടർന്ന് തൃപ്പൂണിത്തുറ ഈസ്റ്റ് കമ്മിറ്റിയിലൂടെ ആവേശത്തിമിർപ്പിൽ എരൂരിലേക്ക് പ്രവേശിച്ചു. കോഴിവെട്ടുംവെളിവരെയും തിരിച്ചും വിവിധ കേന്ദ്രങ്ങളിൽ സ്ത്രീകളടക്കമുള്ള വൻ ജനാവലിയാണ് വരവേറ്റത്. വടക്കേക്കോട്ടയിൽനിന്ന്‌ പ്രചാരണ വാഹനങ്ങളെല്ലാം ഒരുമിപ്പിച്ച് കിഴക്കേക്കോട്ടവഴി സ്റ്റാച്യു കവലയിലേക്ക് എത്തുമ്പോഴേക്കും ആവേശക്കടൽ ഇരമ്പി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top