15 May Saturday

മനസ്സുകൊണ്ട്‌ ഒപ്പമുണ്ട്‌; മുഹമ്മദിന്റെ
 ഉൾക്കണ്ണിൽ വിജയത്തിളക്കം

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

ആന്റണി ജോണിന്‌ കല്ലേലിമേട്‌ ആദിവാസിക്കോളനിയിൽ സ്വീകരണം നൽകുന്നു


കവളങ്ങാട്‌
കാഴ്‌ച നഷ്ടപ്പെട്ടിട്ടും ആദ്യവിളിയിൽത്തന്നെ മുഹമ്മദ്‌ മീരാൻകുട്ടി ആന്റണി ജോണിനെ തിരിച്ചറിഞ്ഞു. രക്തസമ്മർദവും പ്രമേഹവുമാണ്‌‌ മുഹമ്മദിന്റെ കാഴ്‌ചയെ ഇല്ലാതാക്കിയത്‌.  കോതമംഗലം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ആന്റണി ജോണിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങൾക്ക്‌ ചുക്കാൻ പിടിച്ച്‌ മുഹമ്മദ്‌ മുന്നിൽത്തന്നെയുണ്ടായിരുന്നു.  
പ്രിയ സുഹൃത്ത്‌ വാരപ്പെട്ടി പഞ്ചായത്ത് പിടവൂർ കണിയാകുടി മുഹമ്മദ്‌ മീരാൻകുട്ടിയെ കാണാനും വോട്ട്‌ അഭ്യർഥിക്കാനും ആന്റണിയെത്തിയതോടെ വികാരനിർഭര നിമിഷങ്ങളായി. കാഴ്ച നഷ്ടപ്പെട്ടിട്ട് എട്ടുമാസമായി. വൃക്കയും തകരാറിലായി വീട്ടിൽ വിശ്രമത്തിലാണ്. ഓർമകൾ പങ്കുവച്ച മുഹമ്മദ്‌, പൂർണപിന്തുണയും ഉറപ്പുനൽകിയാണ്‌ ആന്റണിയെ യാത്രയാക്കിയത്‌.

കഴിഞ്ഞദിവസത്തെ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്ന് പരിക്കേറ്റ പുന്നേക്കോട്ടയിൽ വർക്കിയെയും പേരക്കുട്ടികളായ അന്ന ബിജുവിനെയും മരിയ ബിജുവിനെയും വീട്ടിലെത്തി സന്ദർശിച്ചു. നേതാക്കളോടും പാർടി പ്രവർത്തകരോടുമൊപ്പം പാലച്ചുവട്ടിൽ അബ്ദുൽ കാദറിന്റെയും കുപ്പശേരിൽ ഇബ്രാഹിമിന്റെയും വീടുകയറി താമസത്തിലും പങ്കെടുത്തു.

കോതമംഗലം  സെന്റ്‌ ജോർജ് കത്തീഡ്രലിൽ ഈസ്റ്റർ ചടങ്ങുകളിൽ പങ്കെടുത്തശേഷം വാരപ്പെട്ടി പഞ്ചായത്തിലും വിവിധ ആരാധനാലയങ്ങളിലും  കന്യാസ്ത്രീ മഠങ്ങളിലും സന്ദർശനം നടത്തി  വോട്ട് അഭ്യർഥിച്ചു. തുടർന്ന് കുഞ്ചിപ്പാറ, തലവെച്ചപാറ, കല്ലേലിമേട് തുടങ്ങി ആദിവാസിക്കോളനികളും സന്ദർശിച്ചു.

ആന്റണി ജോണിന്റെ വിജയത്തിനായി വിദ്യാർഥിനികൾ വിവിധ കേന്ദ്രങ്ങളിൽ  ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു. മാതൃകം, സമ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അടിവാട് ടൗൺ, മാവുടി, വാരപ്പെട്ടി, പുലിക്കുന്നേപ്പടി, കുടമുണ്ട, നെല്ലിമറ്റം എന്നിവിടങ്ങളിലാണ് ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചത്. നിഖില സതീഷ്, ആഷ്‌ലി സിബി എന്നിവർ നേതൃത്വം നൽകി.
ആന്റണി ജോണിന്റെ മകൾ രണ്ടരവയസ്സുകാരി ആലീസ് ആന്റണി പപ്പയുടെ പോസ്റ്റർ കൈയിൽ പിടിച്ച്‌ വോട്ട്‌ അഭ്യർഥിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വീട്ടിലെത്തുന്നവരോട്‌ ചിത്രം ചൂണ്ടിക്കാട്ടി വോട്ട്‌ ചെയ്യണമെന്നാണ്‌ ആലീസിന്‌ പറയാനുള്ളത്‌. മുറ്റത്തും വീട്ടിലും ഓടിനടന്നാണ്‌ വോട്ട്‌ അഭ്യർഥന. ‘വോട്ട് ഉറപ്പാണെന്ന്' പറഞ്ഞാലേ കുഞ്ഞ്‌ ആലീസ്‌ കൈ വിടൂ.

ഊരുകളിൽ മരുതപ്പൻ, തങ്കമ്മപ്പാട്ടി, ലക്ഷ്മി പൊന്നൻ, ചിന്നമ്മപ്പാട്ടി എന്നിവർ ചേർന്ന് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, വാർഡ് അംഗം ഗോപി ബദറൺ, സിപിഐ എം ലോക്കൽ സെക്രട്ടറി പൊന്നച്ചൻ എന്നിവരും ആന്റണിക്കൊപ്പമുണ്ടായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top