27 May Wednesday

കോവിഡ് ബാധിച്ച് തൊടുപുഴ സ്വദേശി ന്യൂയോര്‍ക്കില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

തൊടുപുഴ > അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കോവിഡ് 19 ബാധിച്ച് തൊടുപുഴ മുട്ടം സ്വദേശി മരിച്ചു. മുട്ടം ഇഞ്ചനാട്ട് മത്തായിയുടെ മകന്‍ തങ്കച്ചന്‍ (51) ആണ് മരിച്ചത്.  ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹം പനി ബാധിച്ച് ആശുപത്രിയില്‍ ചെന്നെങ്കിലും ഫലപ്രദമായ പരിചരണം കൃത്യസമയത്ത്  ലഭിച്ചില്ലെന്നാണ് വിവരം.

തങ്കച്ചനും കുടുംബവും 28 വര്‍ഷമായി ന്യൂയോര്‍ക്ക് ക്വീന്‍സിലാണ് താമസം.  ജോലിയുടെ ഭാഗമായി ഇദ്ദേഹത്തിന് ഒട്ടേറെ ആള്‍ക്കാരുമായി സമ്പര്‍ക്കമുണ്ടായിരുന്നു. ഇദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മറ്റൊരാളും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പനിയും ജലദോഷവും ഉണ്ടായതോടെയാണ് തങ്കച്ചന്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍, പാരസെറ്റമോള്‍ ഗുളിക നല്‍കി പറഞ്ഞയച്ചു. വീട്ടിലിരുന്ന് അസുഖം നിയന്ത്രിക്കാനും  മൂര്‍ഛിച്ചാല്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്താനുമായിരുന്നു നിര്‍ദേശം. നേഴ്സായ ഭാര്യ ഷീബ മരുന്ന് നല്‍കി പരിചരിച്ചു. രണ്ടു ദിവസം കഴിഞ്ഞ് അസുഖം മൂര്‍ഛിച്ചു. ഭാര്യയുമൊത്ത് ആശുപത്രിയില്‍ എത്തിയ തങ്കച്ചന്‍ രക്തപരിശോധന നടത്തണമെന്ന് അധികൃതരോട് നിര്‍ബന്ധം പിടിച്ചു. ഇതോടെയാണ് കൂടുതല്‍ പരിശോധന നടത്തി അസുഖം സ്ഥിരീകരിച്ചത്. ഇതിനകം സ്ഥിതി വഷളായിരുന്നു. കിടത്തി ചികിത്സിച്ചെങ്കിലും നില കൂടുതല്‍ പരുങ്ങലിലായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. തങ്കച്ചന്‍ വെന്റിലേറ്ററില്‍ കഴിയുന്നത് ബന്ധുക്കള്‍ വീഡിയോ കോളിങിലൂടെ കണ്ടിരുന്നു.  ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. മൃതദേഹം  മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. കൈമാറുന്നത് സംബന്ധിച്ച് രണ്ടു ദിവസത്തിനു ശേഷമെ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

ഏറ്റുമാനൂര്‍ കാണക്കാരി കൊങ്ങാമ്പുഴ കാലായില്‍ കുടുംബാംഗമായ ഭാര്യ ഷീബയും മക്കളായ മാത്യൂസ്, സിറില്‍ എന്നിവരും ന്യൂയോര്‍ക്കിലെ വീട്ടില്‍ നിരീക്ഷണത്തിലാണ്.  രോഗലക്ഷണമുള്ള പക്ഷം ഉടനെ ആശുപത്രിയില്‍ എത്താനാണ് ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം. പരേതയായ ഏലിയാണ് തങ്കച്ചന്റെ അമ്മ. തങ്കച്ചന്റെ സഹോദരങ്ങളായ ചാക്കോ, ലിസമ്മ, ഷാജി, തോമസ് എന്നിവരും അമേരിക്കയിലുണ്ട്. സഹോദരി ആലീസ് മാത്രമാണ് നാട്ടിലുള്ളത്. 18 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ തങ്കച്ചന്‍ ഡിസംബര്‍ 23 നാണ്  ന്യൂയോര്‍ക്കിലേക്ക് മടങ്ങിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top