24 June Thursday

കോഴക്കുരുക്കിൽ യുഡിഎഫ‌്; ചിത്രത്തിലില്ലാതെ ബിജെപി

പ്രത്യേക ലേഖകൻUpdated: Friday Apr 5, 2019

നാമനിർദേശ പത്രികയിലെ സൂക്ഷ‌്മപരിശോധനകൂടി കഴിഞ്ഞതോടെ തെരഞ്ഞെടുപ്പ‌് പ്രചാരണം തീപാറുന്ന അടുത്ത ഘട്ടത്തിലേക്ക‌് കടന്നു. ദേശീയരാഷ്ട്രീയവും വികസനവും മൂർച്ചയോടെ വിഷയമാക്കി മുന്നേറാൻ എൽഡിഎഫും രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ ജീവവായുതേടി യുഡിഎഫും എല്ലാമണ്ഡലങ്ങളിലും നേർക്കുനേർ പോരാട്ടത്തിലാണ‌്. പ്രചാരണം ഉച്ചസ്ഥായിയിലേക്ക‌് കടന്നിട്ടും പല മണ്ഡലങ്ങളിലും ഇപ്പോഴും സജീവമാകാൻ കഴിയാത്ത അവസ്ഥയിലാണ‌് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ. കോഴക്കുരുക്കിലായ കോഴിക്കോട്ടെ യുഡിഎഫ‌് സ്ഥാനാർഥി എം കെ രാഘവനെ പ്രതിരോധിക്കാനാകാതെ ഉമ്മൻചാണ്ടിയും രമേശ‌് ചെന്നിത്തലയും വിറളിപൂണ്ടതാണ‌് വെള്ളിയാഴ‌്ച കാണാൻ കഴിഞ്ഞത‌്. അഞ്ചുകോടി രൂപ ഇങ്ങനെ വച്ചുകൊണ്ടിരിക്കുകയാണോ എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ ചോദ്യം.

ഒളിക്യാമറ ഓപ്പറേഷൻ സിപിഐ എമ്മിന്റെ ഗൂഢാലോചനയെന്ന‌ു പറഞ്ഞ‌് തടിതപ്പാനാണ‌് ചെന്നിത്തല ശ്രമിച്ചത‌്. തെളിയിക്കാനുള്ള സിപിഐ എം കോഴിക്കോട‌് ജില്ലാ സെക്രട്ടറി പി മോഹനന്റെ വെല്ലുവിളി ഏറ്റെടുക്കാൻ കോൺഗ്രസിന‌് കഴിഞ്ഞതുമില്ല. കോഴവിവാദം വരുംദിവസങ്ങളിൽ കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കും. രാഘവന്റെ നാമനിർദേശ പത്രിക സ്വീകരിച്ചിട്ടുണ്ടെങ്കിലും ചട്ടലംഘനം തെളിഞ്ഞാൽ പത്രിക തള്ളാനും മുൻകാലപ്രാബല്യത്തോടെ നടപടിയെടുക്കാനും  കമീഷൻ നിർബന്ധിതമാകും. രാഹുലിന്റെ വരവോടെ ആർജിതമായ ഉത്സാഹം കോഴവിവാദം ചോർത്തിയെന്നാണ‌് കോൺഗ്രസിനുള്ളിലെ പൊതുവികാരം.

രാഹുലിന്റെ സൗജന്യംവേണ്ട
സിപിഐ എമ്മിനെതിരെ ഒന്നും പറയില്ലെന്ന രാഹുലിന്റെ നിലപാടിന‌് മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ‌്ണൻ, എസ‌് രാമചന്ദ്രൻപിള്ള എന്നിവർ ചുട്ടമറുപടിയാണ‌് നൽകിയത‌്. രാഹുൽ ഗാന്ധിയുടെ ‘ആ സൗജന്യം’ വേണ്ടെന്നാണ‌് മുഖ്യമന്ത്രി വ്യക്തമാക്കിയത‌്.

‘ഒന്നും പറയാനില്ലെന്നാണ‌് രാഹുൽ പറയുന്നത‌്. പിന്നെ എന്താണ‌് പറയാനുള്ളത‌്. ഒരു മണ്ഡലത്തിലല്ല ഞങ്ങൾ കോൺഗ്രസിനെ എതിർക്കുന്നത‌്. ഇതിൽ വയനാടും ഉൾപ്പെടുന്നു. ഒരു വ്യത്യാസവുമില്ല.’ മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ ഗാന്ധിക്ക‌് ഒന്നും പറയാനില്ലെങ്കിലും ഞങ്ങൾക്ക‌് പറയാൻ ധാരാളം കാര്യങ്ങളുണ്ടെന്ന‌് മുഖ്യമന്ത്രി കോൺഗ്രസിനെ ഓർമിപ്പിച്ചു. ഇടതുപക്ഷം ശക്തമായി തിരിച്ചടി നൽകുമെന്ന‌ ബോധ്യത്തിൽനിന്നാണ‌് രാഹുൽ ഗാന്ധിയുടെ നിലപാടെന്ന‌് കോടിയേരി ബാലകൃഷ‌്ണൻ വ്യക്തമാക്കി.

‘ഞങ്ങൾക്കെതിരെ ഒന്നും പറഞ്ഞില്ലെങ്കിലും കോൺഗ്രസിന്റെ ജനവിരുദ്ധനയവും വിശ്വാസ്യതയില്ലായ‌്മയും തുറന്നുകാട്ടുകതന്നെ ചെയ്യും’–- കോടിയേരി മുന്നറിയിപ്പ‌് നൽകി. പടക്കളത്തിൽനിന്ന‌് ഒളിച്ചോടിയ ആൾ എങ്ങനെയാണ‌് പടനായകനാകുന്നതെന്ന ചോദ്യമാണ‌് എസ‌് രാമചന്ദ്രൻപിള്ള ഉയർത്തിയത‌്.

കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള രഹസ്യധാരണയെന്ന പതിവ‌് ആക്ഷേപവുമായി ബിജെപി രംഗത്ത‌ുവന്നു. അതേസമയം, അഞ്ച‌് മണ്ഡലങ്ങളിലെ ‘കോലിബി’ സഖ്യത്തെക്കുറിച്ച‌് ഇതുവരെ പ്രതികരിക്കാൻ ബിജെപി തയ്യാറായിട്ടില്ല എന്നതാണ‌് ശ്രദ്ധേയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top