23 August Friday

ജാക്വിലിൻ വധം: 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 5, 2019


ആലപ്പുഴ
തിരുവമ്പാടിയിൽ ഒറ്റയ‌്ക്ക‌് താമസിച്ചിരുന്ന സ‌്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട‌് സ‌്ത്രീകൾ ഉൾപ്പെടെ മൂന്ന‌ുപേർ പിടിയിൽ. തിരുവമ്പാടി ചക്കാലയ‌്ക്കൽ പരേതനായ ലിയോണിന്റെ ഭാര്യ മേരി ജാക്വിലിനെയാണ് കഴിഞ്ഞ 12ന് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത‌്. മൃതദേഹത്തിൽ പുറമേ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ശാസ‌്ത്രീയ പരിശോധനയിൽ കൊലപാതകം തെളിയുകയായിരുന്നുവെന്ന‌് ജില്ലാ പൊലീസ് മേധാവി കെ എം ടോമി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

പുന്നപ്ര തെക്ക് പഞ്ചായത്തിൽ പണിക്കൻ വെളിയിൽ നജ്മൽ എന്ന അജ്മൽ (28), ആലപ്പുഴ പവർഹൗസ് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ മുംതാസ് (46), ആലപ്പുഴയിലെ ലൈംഗികതൊഴിലാളിയായ സീനത്ത് എന്നിവരാണ‌് അറസ‌്റ്റിലായത‌്.11ന് വൈകിട്ട് ജാക്വിലിനെ മകൻ ഗൾഫിൽനിന്ന് വിളിച്ചിരുന്നു. പ്രതികരണമില്ലാത്തതിനെ തുടർന്ന‌് മകൻ ബന്ധുക്കളെയും അയൽവാസികളെയും വിവരം അറിയിച്ചു. അടുത്തദിവസം ഗൾഫിൽ നിന്നെത്തിയ മകനെയും കൂട്ടി പൊലീസ് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് പൂർണനഗ്നയായ നിലയിൽ മൃതദേഹം കണ്ടത്. പോസ‌്റ്റ‌്മോർട്ടത്തിൽ വാരിയെല്ല് ഒടിഞ്ഞിട്ടുള്ളതായും നട്ടെല്ലിന്റെ കശേരുക്കൾക്ക് പൊട്ടലുള്ളതായും കണ്ടു. തുടർന്ന് പൊലീസ‌് മൂന്നാഴ‌്ച നടത്തിയ അന്വേഷണത്തിനെടുവിലാണ‌് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പൊലീസ‌് പറയുന്നത‌്: മേരിജാക്വിലിൻ ‘വീട്ടിൽ ഊണ്’ എന്ന പേരിൽ ഒരു വർഷം മുമ്പ‌് ഹോട്ടൽ ആരംഭിച്ചിരുന്നു. ഇതിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങളാണ‌് നടന്നിരുന്നത‌്. നജ‌്മലും മുംതാസും ഇവിടത്തെ ഇടപാടുകാരായിരുന്നു. ജാക്വിലിൻ ധാരാളം പേർക്ക് പലിശയ‌്ക്ക‌് പണം നൽകിയിരുന്നു. ഈ വിവരം അറിയാവുന്ന പ്രതികൾ ജാക്വിലിനെ വകവരുത്തി പണവും സ്വർണവും കൈക്കലാക്കാൻ തീരുമാനിച്ചു.

സംഭവദിവസം ഉച്ചയോടെ  മുംതാസും നജ‌്മലും ജാക്വിലിന്റെ വീട്ടിലെത്തി. പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ നജ്മൽ, ജാക്വിലിനെ മർദ്ദിച്ച‌് കൊല്ലുകയായിരുന്നു. മൃതദേഹം മുംതാസിന്റെ സഹായത്തോടെ വിവസ‌്ത്രയാക്കി കട്ടിലിൽ കിടത്തി ആഭരണങ്ങൾ അഴിച്ചെടുത്തശേഷം വീട് പൂട്ടി സ്ഥലം വിടുകയായിരുന്നു.

ജാക്വിലിന് പത്ത് പവൻ വീതമുള്ള രണ്ട് സ്വർണമാല ഉണ്ടായിരുന്നു. ഒരാഴ‌്ചയ‌്ക്കകം മകൻ ഇവരെ വിദേശത്തേക്ക്  കൊണ്ടുപോകാനിടയുണ്ടെന്നറിഞ്ഞ‌് ഇവ കവരാനായിരുന്നു കൊലപാതകം. ജാക്വിലിൻ മാലകൾ തലയിണക്കകത്താക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവ കൊലപാതകികൾക്ക് കിട്ടിയില്ല. പൊലീസ് ഈ മാലകൾ കണ്ടെടുത്തു.

മൃതദേഹത്തിൽനിന്ന് അഴിച്ചെടുത്ത മാല ആലപ്പുഴയിലെ സീനത്ത് മുഖാന്തിരം നജ്മൽ മുല്ലയ‌്ക്കലിലെ ജ്വല്ലറിയിൽ വിറ്റു. ഒരു മോതിരവും പണവും  പ്രതിഫലമായി സീനത്തിന് നൽകി. ഇതും പൊലീസ് കണ്ടെടുത്തു. ജാക്വിലിന്റെ കാണാതായ മൊബൈൽ ഫോണിൽനിന്ന് അടുത്ത ദിവസം ഫോൺ ചെയ‌്തതാണ‌് കേസിലെ വഴിത്തിരിവായത‌്. വേറെ സിം ഇട്ട‌്  പുന്നപ്രയിലെ സ‌്ത്രീ ഈ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവരിൽനിന്നാണ‌് നജ്മലിനെക്കുറിച്ച് വിവരം ലഭിച്ചത‌്. 
പ്രതി നജ്മൽ രണ്ട് ബലാത്സംഗ കേസിൽ പ്രതിയാണ്. ഇതിലൊരു കേസിൽ നാലു വർഷത്തെ ശിക്ഷ കഴിഞ്ഞ് ഈയിടെയാണ‌് പുറത്തിറങ്ങിയത‌്. പ്രതികളെ കോടതി റിമാൻഡ് ചെയ‌്തു.

ജില്ലാ പൊലീസ് മേധാവി കെ എം ടോമിയുടെ നിർദ്ദേശപ്രകാശം ആലപ്പുഴ അഡീഷണൽ എസ‌്പി ബി കൃഷ്ണകുമാർ, ഡിവൈഎസ‌്പി പി വി ബേബി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയിരുന്നു.  


പ്രധാന വാർത്തകൾ
 Top