30 March Thursday

ആഴക്കടലില്‍ വിദേശ മീന്‍പിടിത്തക്കപ്പലുകള്‍ക്ക് നിരോധം

വെബ് ഡെസ്‌ക്‌Updated: Sunday Mar 5, 2017

കൊച്ചി > 200 നോട്ടിക്കല്‍ മൈല്‍ വരുന്ന ആഴക്കടല്‍ മേഖലയില്‍ വിദേശ മീന്‍പിടിത്തക്കപ്പലുകളുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. കൃഷി-മൃഗപരിപാലന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യോഗീന്ദര്‍കുമാറിന്റെ ഉത്തരവ് ജനുവരി 30നാണ് ഇറങ്ങിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ വിജയമാണിത്.

രാജ്യത്തിന്റെ ആഴക്കടല്‍മേഖലയെ വിദേശ കുത്തകകള്‍ക്ക് തീറെഴുതാന്‍ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച മീനാകുമാരി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മോഡി സര്‍ക്കാരിന്റെ കാലത്താണ് പ്രസിദ്ധീകരിച്ചത്. 1178 മീന്‍പിടിത്തക്കപ്പലുകള്‍ക്ക് ഇന്ത്യയുടെ ആഴക്കടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കാമെന്നും നിലവിലുള്ള 908 യാനങ്ങള്‍ക്ക് പുറമെ 270 യാനങ്ങള്‍ക്കുകൂടി അനുമതി നല്‍കാമെന്നുമായിരുന്നു അതിലെ പ്രധാന ശുപാര്‍ശ.

ഈ വിദേശ കപ്പലുകളുടെ പ്രവര്‍ത്തനത്തിന് എല്ലാ സൌകര്യവും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും 25,000 ഡോളര്‍ ശമ്പളത്തിന് വിദേശ തൊഴിലാളികളെ കപ്പലില്‍ നിയോഗിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശ അംഗീകരിച്ച് 2014 നവംബര്‍ 12ന് ഉത്തരവും നവംബര്‍ 28ന് പബ്ളിക് നോട്ടീസും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. അത് രണ്ടും ഇപ്പോള്‍ റദ്ദായിരിക്കുകയുമാണ്.
തീരദേശത്ത് ഉടനീളം നടന്ന ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് മീനാകുമാരി റിപ്പോര്‍ട്ട് മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കേരളത്തിലെ മത്സ്യത്തൊഴിലാളി സംഘടനകള്‍  ഇതില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു.
ഇപ്പോഴത്തെ ഉത്തരവിലും നിലവില്‍ മീന്‍പിടിക്കുന്ന 41 കപ്പലുകളുടെ കാര്യത്തില്‍ മൌനം പാലിക്കുകയാണ്. മാത്രമല്ല, പുതിയ തീരുമാനം നടപ്പാക്കാന്‍ കോസ്റ്റ് ഗാര്‍ഡ് അടക്കമുള്ള വിവിധ ഏജന്‍സികളുടെ ഏകോപിച്ച പ്രവര്‍ത്തനം ഉറപ്പുവരുത്താനുള്ള നടപടകളും വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top