21 February Thursday

നടന്‍ ടി സുധാകരന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2016

കോഴിക്കോട് > ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാടക–സിനിമാ നടന്‍ ടി സുധാകരന്‍ (72) മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെയാണ് ഒരാഴ്ച മുമ്പ് ബൈക്കിടിച്ചത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒമ്പതുവരെ ബിലാത്തികുളത്തെ വീടായ 'സൂര്യ'യിലും ഒമ്പതര മുതല്‍ പത്തരവരെ ലളിതകലാ അക്കാദമി ആര്‍ട്ഗ്യാലറി പരിസരത്തും പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്കാരം പകല്‍ 11ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍. സിനിമാനടന്‍ സുധീഷ് ഏക മകനാണ്. കോഴിക്കോടന്‍ നാടകവേദികളില്‍ അരനൂറ്റാണ്ടോളം  നിറസാന്നിധ്യമായ  സുധാകരന്‍ അമ്പതോളം സിനിമകളിലും അമച്വര്‍–പ്രൊഫഷണല്‍ ഉള്‍പ്പെടെ അഞ്ഞൂറോളം നാടകങ്ങളിലും അഭിനയിച്ചു. മികച്ച നടനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കെ ടി മുഹമ്മദിന്റെയും പി എം താജിന്റെയും നാടകങ്ങളിലൂടെ അരങ്ങില്‍ ശക്തമായ കഥാപാത്രങ്ങളെ ആവിഷ്കരിച്ചു. 

സ്കൂള്‍ സാഹിത്യസമാജത്തിലൂടെ 1957–ലാണ് ആദ്യമായി അരങ്ങിലെത്തിയത്. സിദ്ധാര്‍ഥ് ശിവയുടെ 'ഐന്‍' ആണ് അവസാനം അഭിനയിച്ച സിനിമ. എ ശാന്തകുമാറിന്റെ 'വൃദ്ധവൃക്ഷ'ങ്ങളാണ് അവസാന നാടകം. ഇന്ത്യന്‍ റുപ്പി, നിഴല്‍ക്കുത്ത്, വിധേയന്‍, ഭരതം, ഗുല്‍മോഹര്‍, ജോര്‍ജ്കുട്ടി കെയര്‍ ഓഫ് ജോര്‍ജ്കുട്ടി, പട്ടാഭിഷേകം, സുദിനം, പ്രദക്ഷിണം, ആകാശത്തൊരു കിളിവാതില്‍, പിന്‍ഗാമി, ഹൃദയത്തില്‍ നീ മാത്രം, വാരിക്കുഴി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.  

1998–ല്‍ വയനാട് ഡെപ്യൂട്ടി കലക്ടറായി സര്‍വീസില്‍നിന്ന് വിരമിച്ചശേഷം കലാപ്രവര്‍ത്തനത്തില്‍ സജീവമായി. ഭാര്യ: സൂര്യപ്രഭ. മരുമകള്‍: ധന്യ. സഹോദരങ്ങള്‍: പത്മാവതി, പ്രഭാവതി, പ്രേമാവതി, പരേതയായ ലീലാവതി, ഹൈമാവതി, പുഷ്പാവതി, ശൈലാവതി.

അവസാനശ്വാസംവരെയും നാടകത്തെ പ്രണയിച്ച്...
കോഴിക്കോട് > സ്വന്തം മോഹംപോലെ ജീവിതസായാഹ്നത്തിലും നാടകത്തില്‍ അഭിനയിച്ച്്, ഒടുങ്ങാത്ത നാടകപ്രണയം നെഞ്ചോടുചേര്‍ത്താണ് ടി സുധാകരന്‍ എന്ന തട്ടാലത്ത് സുധാകരന്‍ അരങ്ങൊഴിഞ്ഞത്. നവംബര്‍ 24ന് കോഴിക്കോട് ടൌണ്‍ഹാളിലായിരുന്നു അവസാനവേദി. 'വൃദ്ധവൃക്ഷം' എന്ന നാടകത്തില്‍ മാധവന്‍ എന്ന കഥാപാത്രത്തെ 72–ാം വയസ്സിന്റെ അവശതകളില്ലാതെ അരങ്ങില്‍ അവിസ്മരണീയമാക്കി. അഭിനയത്തിനിടെ അരങ്ങില്‍ വീണ് മരിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഈ അഭിനയപ്രതിഭ വിടവാങ്ങിയത്.

എട്ടാം ക്ളാസ് വിദ്യാര്‍ഥിയായിരിക്കെ സ്കൂള്‍ സാഹിത്യസമാജത്തിലെ നാടകങ്ങളില്‍ തുടങ്ങി മലയാളത്തിന്റെ നാടകാചാര്യന്മാരുടെ സൃഷ്ടികളിലെ കഥാപാത്രങ്ങള്‍ക്ക് വരെ അരങ്ങില്‍ ജീവന്‍ നല്‍കി. അക്കിത്തത്തിന്റെ 'ഈ എട്ടത്തി നുണയേ പറയൂ' എന്ന നാടകത്തില്‍ തുടങ്ങി എ ശാന്തകുമാര്‍ എഴുതി സംവിധാനം ചെയ്ത 'വൃദ്ധവൃക്ഷ'ത്തില്‍വരെ എത്തിനില്‍ക്കുന്ന സജീവവും സര്‍ഗാത്മകവുമായ അഭിനയജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. രണ്ടുവര്‍ഷം മുമ്പ് പി എം താജിന്റെ രാവുണ്ണി എന്ന നാടകത്തില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ തെളിഞ്ഞത് പ്രായംതളര്‍ത്താത്ത അഭിനയപാടവമായിരുന്നു.

അഭിനേതാവിന്റെ നാട്യങ്ങളും പ്രകടനങ്ങളുമില്ലാതെ, നടനല്ലാത്തൊരു കോഴിക്കോട്ടുകാരനായി അദ്ദേഹം സജീവമായിരുന്നു. സിനിമയിലും നാടകത്തിലും സജീവമാകുമ്പോഴും ടൌണ്‍ഹാളിലും ആര്‍ട് ഗ്യാലറി പരിസരങ്ങളിലും നടക്കുന്ന കലാപ്രവര്‍ത്തനങ്ങളില്‍ ആദ്യാവസാനക്കാരനായി. നാടകത്തില്‍, ക്യാമ്പുകളില്‍, സാംസ്കാരികസദസ്സുകളിലുമൊക്കെ ബഹളങ്ങളില്ലാത്ത സാത്വികനായ കലാകാരനായി നിറഞ്ഞുനിന്നു. കലയിലും രാഷ്ട്രീയത്തിലും വ്യക്തമായ ജനകീയ സാംസ്കാരികബോധം പ്രകടിപ്പിച്ചിരുന്നു. 

റവന്യൂ വകുപ്പിലെ ജീവനക്കാരനായിരിക്കുമ്പോഴും മനസ്സിനുള്ളിലെ നാടകപ്രേമം അണയാതെ കാത്തു. എന്‍ജിഒ യൂണിയനും കലിക്കറ്റ് സര്‍വകലാശാല ജീവനക്കാരും സംഘടിപ്പിച്ച മത്സരങ്ങളില്‍ പുരസ്കാരങ്ങള്‍ നേടിയ ആ പ്രണയം അഭംഗുരം തുടര്‍ന്നു. 1964–ലാണ് സുധാകരനെ തേടി ആദ്യ അംഗീകാരമെത്തിയത്. കുതിരവട്ടം പപ്പു ഒരുക്കിയ 'ചിരി അഥവാ കുറ്റിച്ചൂല്‍' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്കാരം ലഭിച്ചു. ഡോ. ഇന്ദുകുമാര്‍ രചിച്ച് കെ ആര്‍ മോഹന്‍ദാസ് സംവിധാനം ചെയ്ത പുനര്‍ജനിയിലെ യുവാവാണ് അരങ്ങില്‍ ചര്‍ച്ചയായ ആദ്യപ്രധാനവേഷം. ഇതില്‍ സംഗീത നാടകഅക്കാദമി അവാര്‍ഡും ലഭിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ നടത്തിയ നാടകമത്സരങ്ങളില്‍ മികച്ച നടനുള്ള ബഹുമതി സുധാകരന്റെ കുത്തകയായിരുന്നു. വേണുഗോപാലിന്റെ പ്രതിമയിലെ വേഷമാണ് എന്‍ജിഒ യൂണിയന്‍ നാടകമത്സരത്തില്‍ അവാര്‍ഡിനര്‍ഹമാക്കിയത്.

1969ല്‍ കെ ആര്‍ മോഹന്‍ദാസുമായി ചേര്‍ന്ന് അണിയറ,  ജി ശങ്കരപ്പിള്ള, പി കെ വേണുക്കുട്ടന്‍ നായര്‍, കെ എം ആര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് അരങ്ങ്, കെ ടി രവിയുമായി ചേര്‍ന്ന് പുതിയപാലം കേന്ദ്രമാക്കി ചെന്താമര തിയറ്റേഴ്സ് എന്നീ നാടകസമിതികള്‍ രൂപീകരിച്ചു. അണിയറയിലൂടെ സി എല്‍ ജോസിന്റെ വിശുദ്ധപാപവും അരങ്ങിലൂടെ സി ജെ തോമസിന്റെ 1128 ക്രൈം 27 എന്ന നാടകവും അരങ്ങിലെത്തിച്ചു. കെ ടി മുഹമ്മദിന്റെ കലിംഗയാണ് സുധാകരനിലെ അഭിനയമികവിനെ ആവിഷ്കരിച്ചത്. ദീപസ്തംഭം മഹാശ്ചര്യം, സൃഷ്ടി, നാല്‍ക്കവല, കാഫര്‍, അച്ഛനും ബാപ്പയും തുടങ്ങി പ്രശസ്തമായ നാടകങ്ങളില്‍ ജീവസുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. താജ്, ജോയ്മാത്യു, കെ പ്രഭാകരന്‍, എ കെ അബ്ദുള്ള, പോള്‍ കല്ലാനോട്, ജോസ് ചിറമ്മല്‍  തുടങ്ങിയവരുടെ നാടകങ്ങളിലും സുധാകരന്‍ അരങ്ങിലെത്തി.

പ്രധാന വാർത്തകൾ
 Top