കോഴിക്കോട്
നിക്ഷേപ തട്ടിപ്പ് നടത്തി വിവിധ ജില്ലകളിൽനിന്നായി 150 കോടിയോളം രൂപ തട്ടിയ ഫിനോമിനൽ ഹെൽത് കെയർ മലയാളി പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും കേരളത്തിലെ പ്രധാനിയുമായ തൃശൂർ കൊരട്ടി കവലക്കാടൻ വീട്ടിൽ കെ ഒ റാഫേൽ(72) അറസ്റ്റിൽ. തമിഴ്നാട് ഹരൂരിൽ ഒളിവിൽ കഴിയവേ കോഴിക്കോട് ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ടീമാണ് അറസ്റ്റ് ചെയ്തത്.
മുംബൈ ആസ്ഥാനമായ കമ്പനി 2009 മുതൽ 2018 വരെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ച് 2018 ൽ പൂട്ടുകയായിരുന്നു. ഒമ്പതുവർഷം പണം നിക്ഷേപിച്ചാൽ ഇരട്ടി തുകയും മെഡിക്കൽ അനുകൂല്യങ്ങളും നൽകുമെന്നായിരുന്നു വാഗ്ദാനം. നേപ്പാൾ സ്വദേശിയും മുംബൈയിൽ സ്ഥിരതാമസക്കാരനുമായ കമ്പനി ചെയർമാൻ എൻ കെ സിങ്ങിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞവർഷം മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ലാത്തൂർ ജയിലിലാണ്.
ഫിനോമിനൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളം, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിരവധി കേസുകളുണ്ട്. കേരളത്തിൽ മാത്രം 114 കേസുണ്ട്. പ്രധാനമായും ചാലക്കുടി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കമ്പനിയുടെ എംഡി ആയിരുന്നു റാഫേൽ. കേരളത്തിൽ കമ്പനി പൂട്ടിയ 2017 മുതൽ ഒളിവിലാണ്. കുറച്ചുകാലമായി തമിഴ്നാട് ധർമപുരിയിലെ ഹരൂരിൽ റിട്ട. ബാങ്ക് മാനേജർ എന്ന പേരിലാണ് താമസിച്ചിരുന്നത്.
കോഴിക്കോട് ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റ് (മൂന്ന്) പൊലീസ് സൂപ്രണ്ട് ജി സാബു, ഡിവൈഎസ്പി എം സുരേന്ദ്രൻ, സർക്കിൾ ഇൻസ്പക്ടർ എം സജീവ്കുമാർ, സബ് ഇൻസ്പെക്ടർ ശശിധരൻ, എഎസ്ഐ ബാബു, വി അനിൽ, സിപിഒമാരായ സജീഷ് കുമാർ, ഷൈബു എന്നിവരുൾപ്പെട്ട സംഘം ഹരൂരിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..