11 August Thursday

കരുത്തോടെ കളമശേരിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


കൊച്ചി
എണ്ണമറ്റ ജനകീയപോരാട്ടങ്ങളും കോവിഡും പ്രളയവും ഉയർത്തിയ വെല്ലുവിളികളും സംഭവബഹുലമാക്കിയ നാലാണ്ട്‌. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം നാടിനെ മുന്നിൽനിന്നു നയിച്ച സിപിഐ എം ഹൃദയങ്ങളിലേക്ക്‌ പടർന്ന നാളുകൾ. 23–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്‌ കളമശേരി ഒരുങ്ങുമ്പോൾ ആവേശത്തിലാണ്‌ കേരളത്തിന്റെ വ്യവസായ തലസ്ഥാനം. ഡിസംബർ 14, 15, 16 തീയതികളിലാണ്‌ സമ്മേളനം.

ആദ്യം പൂർത്തീകരിക്കുന്ന ജില്ലാ സമ്മേളനങ്ങളിലൊന്നാണ്‌ എറണാകുളത്തേത്‌. ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങൾ ചിട്ടയോടെ പൂർത്തിയാക്കി. 2950 ബ്രാഞ്ച്‌ സമ്മേളനങ്ങളും 175 ലോക്കൽ സമ്മേളനങ്ങളും 20 ഏരിയ സമ്മേളനങ്ങളുമാണ്‌ പൂർത്തിയായത്‌. 2018 ജനുവരിയിൽ നടന്ന ജില്ലാ സമ്മേളനത്തിന്‌ എറണാകുളം നഗരമാണ്‌ വേദിയായത്‌. തുടർന്നിങ്ങോട്ട് പാർടിയുടെ ജനകീയാടിത്തറ വിപുലവും ശക്തവുമാക്കാനുള്ള എണ്ണമറ്റ മുന്നേറ്റങ്ങളാണുണ്ടായത്‌. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നേറ്റം പ്രകടമായി. പുതിയ കാലത്തിന്റെ മുദ്രാവാക്യമേറ്റെടുത്ത്‌ രൂപംനൽകിയ ജൈവപച്ചക്കറിക്കൃഷി ക്യാമ്പയിൻ, അവശവിഭാഗങ്ങൾക്ക്‌ കരുതലായി കനിവ്‌ പാലിയേറ്റീവ്‌ കെയർ, പാവപ്പെട്ടവർക്കുള്ള ഭവനപദ്ധതി എന്നിവ ഏറെ പ്രകീർത്തിക്കപ്പെട്ടു.

മഹാമാരിയിലും പ്രളയത്തിലും ഏറെ ദുരിതം നേരിട്ടപ്പോൾ നൂറുകണക്കിന്‌ പാർടിപ്രവർത്തകരാണ്‌ രക്ഷാപ്രവർത്തനത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങിയത്‌. കോവിഡ്‌ പ്രതിരോധത്തിനും ദുരിതത്തിലായവർക്ക്‌ ആശ്വാസമെത്തിക്കാനും നടത്തിയ പ്രവർത്തനങ്ങളും ഏറെ പ്രകീർത്തിക്കപ്പെട്ടു.

സംഘടിത വ്യവസായ തൊഴിലാളികളുടെ ശക്തികേന്ദ്രമായ കളമശേരി ആദ്യമായാണ്‌ ജില്ലാ സമ്മേളന വേദിയാകുന്നത്‌. ഫാക്‌ട്‌, എച്ച്‌എംടി, എച്ച്‌ഐഎൽ, ഐആർഇ, ടിസിസി തുടങ്ങിയ പൊതുമേഖലാ വ്യവസായങ്ങളുടെയും അപ്പോളോ ടയേഴ്‌സ്‌, ഇന്ത്യൻ അലുമിനിയം കമ്പനി, കാർബോറാണ്ടം തുടങ്ങിയ സ്വകാര്യ വ്യവസായശാലകളുടെയും ആസ്ഥാനമായ കളമശേരി ജില്ലയിലെ പ്രധാന തൊഴിലാളികേന്ദ്രവുമാണ്‌. വ്യവസായ തൊഴിലാളികളുടെ ആദ്യ ട്രേഡ്‌ യൂണിയൻ പ്രസ്ഥാനം രൂപപ്പെടുന്നതും ഇവിടെ.

1982ലെ അഖിലേന്ത്യാ പണിമുടക്ക്‌ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കിടെ കോൺഗ്രസുകാരുടെ ആക്രമണത്തിൽ രക്തസാക്ഷിയായ അബ്‌ദുൾ റസാഖിന്റെ വീരസ്‌മരണകളും കളമശേരിയിൽ ഉണർന്നിരിക്കുന്നു.

സംസ്ഥാന തെരുവുനാടക മത്സരം 9 മുതൽ
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാന തെരുവുനാടക മത്സരം ഒമ്പതിന് തുടങ്ങും. ഒമ്പത് നാടകങ്ങളാണ് തെരഞ്ഞെടുത്തത്. ദിവസം മൂന്ന് കേന്ദ്രങ്ങളിലായാണ് അവതരണം.

കിഴക്കെ കടുങ്ങല്ലൂരിൽ ഒമ്പതിന് പകൽ മൂന്നിന് ഇടപ്പള്ളി നാടക പഠന കേന്ദ്രത്തിന്റെ ‘ചെ; എന്റെ സ്വന്തം ടൈറ്റൻ' സൗത്ത് കളമശേരിയിൽ വൈകിട്ട് അഞ്ചിന് നവയുഗം മുപ്പത്തടത്തിന്റെ ‘തമസോ മാ ജ്യോതിർഗമയ' കങ്ങരപ്പടിയിൽ രാത്രി ഏഴിന് പള്ളുരുത്തി നാടകപ്പുരയുടെ ‘ഇൻക്വിൽ അബ് സിന്ദ് അബാദ്' എന്നിവ അവതരിപ്പിക്കും.

10ന് പകൽ മൂന്നിന് പാതാളം കവലയിൽ അമ്പലമുകൾ സിഐടിയു കോ-–-ഓർഡിനേഷൻ കമ്മിറ്റിയുടെ ‘ഒടുവിൽ അവർ എന്നെയും തേടിയെത്തി' അഞ്ചിന് യുസി കോളേജിൽ ആലുവ ആർട്ടേഴ്സ് ഗ്രൂപ്പിന്റെ ‘കാട്ടുമാക്കാൻ' ഏഴിന് കോട്ടപ്പുറത്ത് സി എൻ ബാലചന്ദ്രൻ സാംസ്കാരിക വേദിയുടെ ‘ഉടുപ്പ്' എന്നിവ അരങ്ങേറും.

വരാപ്പുഴ മാർക്കറ്റിൽ 11ന് പകൽ മൂന്നിന് കോഴിക്കോട് കേളുവേട്ടൻ പഠനകേന്ദ്രത്തിന്റെ ‘കനലായ് കരുതലായ്' കൊങ്ങോർപ്പിള്ളിയിൽ അഞ്ചിന് പെരുമ്പാവൂർ കളിയരങ്ങിന്റെ ‘ഒറ്റപ്പെട്ടവരുടെ ശബ്ദം' ഏഴിന് തട്ടാൻപടിയിൽ കുറ്റിക്കാട്ടുകര ഇടമുള നാടകസംഘത്തിന്റെ ‘വ്യാജൻമാരുടെ രാജാവ്' എന്നിവയും അവതരിപ്പിക്കും.

ചിത്രരചന, വാട്ടർ കളർ പെയിന്റിങ് എന്നിവ അഞ്ചിന് രാവിലെ ഒമ്പതിനും കവിതാലാപന മത്സരം പകൽ രണ്ടിനും ഏലൂർ എസ്‌ സി എസ് മേനോൻ ഹാളിൽ നടക്കും. ഉപന്യാസം, കഥ, കവിതാ രചനാ മത്സരങ്ങളിൽ പങ്കെടുക്കാൻ സൃഷ്ടികൾ 10ന് വൈകിട്ട് അഞ്ചുവരെ cpimekmconfere nce2021@gmail.com എന്ന ഇ–-മെയിലിൽ സ്വീകരിക്കും. ഫോൺ: 98467 92475.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top