16 January Saturday

ബുറേവി ചുഴലിക്കാറ്റ് : ജില്ലയിൽ അതീവ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020

ചുഴലിക്കാറ്റിന്റെ കെടുതികളെ നേരിടാൻ ഗാന്ധിനഗർ അഗ്നിരക്ഷാ സേനാംഗങ്ങൾ ഒരുക്കം പൂർത്തിയാക്കിയപ്പോൾ


കൊച്ചി
ബുറേവി ചുഴലിക്കാറ്റുമൂലം എന്തു പ്രതിസന്ധിയുണ്ടായാലും നേരിടാൻ ജില്ലയിൽ വിപുലമായ തയ്യാറെടുപ്പ്‌.  എറണാകുളത്തെ എമർജൻസി റസ്‌ക്യൂ സെന്ററിലെ സുരക്ഷാ ഉപകരണങ്ങൾ പൂർണമായും പ്രവർത്തനസജ്ജമാണെന്ന്‌ ഉറപ്പുവരുത്തി. മരങ്ങൾ കടപുഴകിയാൽ ഉടൻ വെട്ടിമാറ്റും. അതിനുള്ള ഉപകരണങ്ങളും ജീവനക്കാരും തയ്യാറായി. കോൺക്രീറ്റ്‌ കെട്ടിടങ്ങൾ ഇടിഞ്ഞുവീണാൽ അത്‌ മുറിച്ചുമാറ്റാൻ കോൺക്രീറ്റ്‌ കട്ടറുകളും സജ്ജമാക്കി. 10 റബർ ബോട്ടുകളും ഒരുക്കി. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും രക്ഷാപ്രവർത്തനങ്ങൾ.

ജില്ലയിലെത്തിയ ദേശീയ ദുരന്തനിവാരണസേനാ അംഗങ്ങളുമായി കലക്ടർ എസ് സുഹാസ് ചർച്ച നടത്തി. ഏത്‌ അടിയന്തര സാഹചര്യവും നേരിടാൻ ഇടുക്കി, എറണാകുളം ജില്ലകളിലെ ഫയർഫോഴ്‌സ്‌ വിഭാഗം തയ്യാറാണെന്ന്‌ രണ്ടു ജില്ലകളുടെ ചുമതല വഹിക്കുന്ന റീജണൽ ഫയർ ഓഫീസർ കെ കെ ഷിജു പറഞ്ഞു.  എറണാകുളത്ത്‌ പതിനെട്ടും ഇടുക്കിയിൽ എട്ടും ഫയർ സ്‌റ്റേഷനുകളുണ്ട്‌. 900, 400 എന്നിങ്ങനെ സിവിൽ ഡിഫൻസ്‌ അംഗങ്ങൾ ഉണ്ട്. ഇവരെല്ലാം രംഗത്തുണ്ടാകുമെന്നും ഗാന്ധിനഗർ ഫയർ സ്‌റ്റേഷനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 

ദുരന്തസാധ്യതാ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്‌. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, റവന്യൂ, പൊലീസ്, തദ്ദേശസ്ഥാപന വകുപ്പ്, ഫിഷറീസ് വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ് എന്നിവർക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top