06 December Friday

നാവികസേനയെ കൂടുതൽ സ്‌ത്രീസൗഹൃദമാക്കും: എ കെ ചാവ്‌ല

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019


കൊച്ചി
നാവികസേനയെ കൂടുതൽ സ്‌ത്രീസൗഹൃദമാക്കുമെന്ന്‌ വൈസ്‌ അഡ്‌മിറൽ എ കെ ചാവ്‌ല. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ്‌ വിക്രാന്ത്‌ 2021ൽ കമീഷൻ ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത മഴക്കാലത്ത്‌ വിക്രാന്ത്‌ പരിശീലനത്തിന്‌ സജ്ജമാകും. തുടർന്ന്‌ യുദ്ധവിമാനങ്ങളിറക്കി പരിശീലനം തുടരും. കൊച്ചി കപ്പൽശാലയിലുള്ള വിക്രാന്തിൽനിന്ന്‌ ഹാർഡ്‌ ഡിസ്‌കുകൾ മോഷണം പോയത്‌ എൻഐഎ അന്വേഷിക്കുകയാണ്‌. കപ്പൽശാലയുടെ ഉത്തരവാദിത്തത്തിലാണ്‌ നിലവിൽ കപ്പൽ. സേന ഇപ്പോൾ ഇക്കാര്യത്തിൽ ഇടപെടേണ്ട കാര്യമില്ല.

കൂടുതൽ സ്‌ത്രീകളെ സേനയിൽ ചേർക്കുകയെന്നത്‌ പുരാേഗമനപരമായ നടപടിയാണ്‌. ഇവിടെ ഒരുതരത്തിലുമുള്ള വിവേചനവുമില്ല. യോഗ്യതയാണ്‌ പ്രധാനം. സേനകളിൽ ലിംഗസമത്വം ആവശ്യപ്പെട്ടുള്ള പരാതികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. കോടതിയുടെ നിർദേശം ലഭിച്ചാൽ കൂടുതൽ നടപടി സ്വീകരിക്കും. യുദ്ധക്കപ്പലുകളിലുംമറ്റും വനിതാ ഉദ്യോഗസ്ഥർക്ക്‌ പ്രത്യേകം വിശ്രമമുറികളും ടോയ്‌ലറ്റുകളും ഏർപ്പെടുത്തും. നിർമാണത്തിലിരിക്കുന്ന ഐഎൻസ്‌ വിക്രാന്തിലും ഈ സൗകര്യമുണ്ടാകും. സേനയിൽ പരിശീലനകാലത്ത്‌ വിവാഹം കഴിക്കാൻ പാടില്ല. ഇത്തരം സാമൂഹ്യ, നിയമ വിഷയങ്ങളും പരിഗണിക്കേണ്ടതുണ്ട്‌.

കടലിലെ സുരക്ഷയ്‌ക്ക്‌ മത്സ്യത്തൊഴിലാളികളുടെ സഹകരണം പ്രധാനമാണ്‌. ശത്രുസാന്നിധ്യം തിരിച്ചറിഞ്ഞ്‌ സേനയെ അറിയിക്കുന്നതിന്‌ തൊഴിലാളികളെ സജ്ജമാക്കും. നാവികസേനയും കേരള, ലക്ഷദ്വീപ്‌ ഭരണ കേന്ദ്രങ്ങളും തമ്മിൽ നല്ല ബന്ധത്തിലാണ്‌. ചുഴലിക്കാറ്റിലും പ്രളയത്തിലും സേന എല്ലാ സഹായവും നൽകി.

തീര സംരക്ഷണസേന, തീരദേശ പൊലീസ്‌ എന്നിവയുമായി സഹകരിച്ചാണ്‌ കടലിലെ സുരക്ഷയൊരുക്കുന്നത്‌. ആഴക്കടലിലും തീരദേശത്തും സുരക്ഷ ശക്തമാക്കുന്നതിന്റെ (സീ വിജിൽ) ഭാഗമായി നടത്തിയ പാൻ ഇന്ത്യ അഭ്യാസപ്രകടനം സേനയ്‌ക്ക്‌ കൂടുതൽ കരുത്ത്‌ പകർന്നു. ഇതുവരെ 40 രാജ്യങ്ങളിൽനിന്നുള്ള 40,000 സേനാംഗങ്ങൾക്ക്‌ ദക്ഷിണ നാവിക ആസ്ഥാനത്ത്‌ പരിശീലനം നൽകിയതായും എ കെ ചാവ്‌ല പറഞ്ഞു.


പ്രധാന വാർത്തകൾ
 Top